കൊച്ചി : അനധികൃത നടപടികളിലൂടെ വരുമാനം വര്‍ധിപ്പിക്കാന്‍ ടിക്കറ്റ് പരിശോധകര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തി റെയില്‍വേ. ഒരു ട്രെയിന്‍ ടിക്കറ്റ് എക്സാമിനര്‍ (ടിടിഇ) പ്രതിമാസം ഒന്നരലക്ഷം രൂപ യാത്രക്കാരില്‍നിന്ന് പിഴയിനത്തില്‍ പിരിച്ചെടുക്കണമെന്നാണ് നിര്‍ദേശം. നിയമപ്രകാരം ടിക്കറ്റ് ചെക്കിങ് പോയിന്റ് മുതല്‍ യാത്രക്കാരന്‍ പിടിക്കപ്പെടുന്നതുവരെയള്ള യാത്രാനിരക്കും 250 രൂപ പിഴയുമാണ് ഈടാക്കേണ്ടത്. അയാള്‍ യാത്ര തുടരുകയാണെങ്കില്‍ അതിനനുസരിച്ചുള്ള തുക ഈടാക്കണം.
ടിക്കറ്റ് ചെക്കിങ് പോയിന്റ്മുതല്‍ പിടിക്കപ്പെടുന്ന സ്ഥലം വരെയുള്ള നിരക്ക് 500 രൂപയില്‍ കൂടുതലാണെങ്കില്‍ ഇരട്ടി നിരക്കാണ് പിഴയായി വാങ്ങേണ്ടത്. കേരളത്തില്‍ കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവയാണ് ടിക്കറ്റ് ചെക്കിങ് പോയിന്റ്. ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരെയും ജനറല്‍ കമ്പാര്‍ട്ട്മെന്റ് ടിക്കറ്റെടുത്ത് ഉയര്‍ന്ന ക്ലാസുകളില്‍ യാത്രചെയ്യുന്നവരെയും പിടികൂടി റെയില്‍വേ നിയമം അനുശാസിക്കുന്നതിലും കൂടിയ പിഴ ഈടാക്കാനാണ് നിര്‍ദേശം. ഇത് നല്‍കാത്തവര്‍ക്ക് ഉദ്യോഗക്കയറ്റവും മറ്റാനുകൂല്യങ്ങളും തടയുന്നതായും ടിടിഇമാര്‍ പറയുന്നു.
പരിശോധകര്‍ പിഴയീടാക്കുമ്പോള്‍ വ്യാജരസീതുകള്‍ നല്‍കിയതും പിടികൂടി. ഈ സാഹചര്യത്തില്‍, പരിശോധകര്‍ നടത്തുന്ന അഴിമതി തടയാനാണ് ഓരോരുത്തര്‍ക്കും നിശ്ചിത തുകയുടെ ‘ടാര്‍ജറ്റ്’ നിശ്ചയിച്ചുനല്‍കിയതെന്നാണ് റെയില്‍വേയുടെ വിശദീകരണം. അനധികൃതമായി യാത്രചെയ്യുന്നവരും ടിക്കറ്റ് പരിശോധകരും തമ്മില്‍ ഒത്തുകളിക്കുന്നതായും ഇത് റെയില്‍വേയ്ക്ക് വലിയ സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നതായും നേരത്തേ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ട്രെയിന്‍ എവിടെവരെ പോകുന്നോ അവിടെവരെയുള്ള മുഴുവന്‍ തുകയും പിഴയായി ഈടാക്കാനാണ് വിവിധ റെയില്‍വേ മേഖലകളുടെ ചീഫ് കൊമേഴ്സ്യല്‍ മാനേജര്‍മാര്‍ ടിടിഇമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഒന്നരലക്ഷത്തോളം രൂപ സമാഹരിക്കുന്നതിന് ടിടിഇമാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ സമയം ജോലിചെയ്യേണ്ടിവരുന്നു. എട്ടു മണിക്കൂറാണ് നിശ്ചിത സമയമെങ്കിലും 10 മണിക്കൂറിലേറെയാണ് ഇപ്പോള്‍ ജോലി. കൊമേഴ്സ്യല്‍ വിഭാഗം നടത്തുന്ന നിയമലംഘനങ്ങള്‍ക്കെതിരെ വ്യാപകമായ പരാതിയുണ്ടായതിനെ തുടര്‍ന്ന് ഡിആര്‍ഇയു ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് റെയില്‍വേയുടെ പ്രതികാരത്തിന്റെ ഭാഗമാണ് പുതിയ നടപടികളെന്ന് ജീവനക്കാര്‍ പറഞ്ഞു.
Post Your Comments