കോഴിക്കോട്: ഗാര്‍ഹിക പീഡനത്തിനിരയാകുന്ന സ്ത്രീകളെയും ലഹരിക്ക് ചികിത്സതേടുന്ന പുരുഷന്മാരെയും പാര്‍പ്പിക്കുന്നത് ഒരേ കെട്ടിടത്തില്‍. കോഴിക്കോട്ട്, സര്‍ക്കാരിന്റെ സഹായത്തോടെ സന്നദ്ധ സംഘടന നടത്തുന്ന അഭയകേന്ദ്രത്തിലാണ് ഈ സ്ഥിതി. ലഹരി ചികിത്സക്ക് എത്തുന്നവരുടെ ശല്യം കാരണം ഇവിടെ താമസിക്കാനാകുന്നില്ലെന്നാണ് സ്ത്രീകളുടെ പരാതി.
കോഴിക്കോട് നടക്കാവില്‍ മുജാഹിദ് എജ്യുക്കേഷന്‍ ട്രസ്റ്റ് നടത്തുന്ന കേന്ദ്രത്തിലെ സ്ഥിതിയാണിത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ മദ്യത്തിനും മയക്കു മരുന്നിനും അടിമകളായവര്‍ക്കുളള ചികില്‍സാ കേന്ദ്രം. താഴത്തെ നിലയില്‍ ഗാര്‍ഹിക പീഢനം നേരിടുന്നവര്‍ക്കായുളള സംരക്ഷണ കേന്ദ്രം.
കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ നിതി വകുപ്പിന്റെ സഹായത്തോടെയാണ് ഡി അഡിക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ക്കായുളള ആശ്രയ കേന്ദ്രത്തിന് സഹായം നല്‍കുന്നതാകട്ടെ സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പും. ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്കും വിവാഹമോചനവുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ തുടരുന്നവര്‍ക്കും സൗജന്യ താമസവും നിയമസഹായവുമാണ് ഇവിടെ നല്‍കുന്നത്. ഇവിടുത്തെ ബുദ്ധിമുട്ടുകളെക്കുറിച്ച് ജില്ലാ കളക്ടര്‍ക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലന്ന് അന്തേവാസികള്‍ പറയുന്നു. അതേസമയം, സ്ത്രീകളുടെ സുരക്ഷയ്ക്കാവശ്യമായ ക്രമീകരണങ്ങളെല്ലാം കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അന്തേവാസികള്‍ ഉന്നയിച്ച പരാതിയെക്കുറിച്ച് അന്വേഷിക്കുമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.
Post Your Comments