ലാഹോര്‍: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ സര്‍ഫ്രാസ് അഹമ്മദിന് ഉപദേശവുമായി മുന്‍താരം മുഹമ്മദ് യൂസഫ്. കായികക്ഷമത എങ്ങനെ നിലനിര്‍ത്തണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഉപദേശം തേടാന്‍ മുഹമ്മദ് യൂസഫ് സര്‍ഫ്രാസിനോട് ആവശ്യപ്പെടുന്നു. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും ധോണി ഇന്ത്യന്‍ ടീമിനെ നയിച്ചത് കണ്ടു പഠിക്കണം. നായകന്‍ എന്ന നിലയില്‍ മാത്രമല്ല വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ധോണി മികച്ച പ്രകടനമാണ് നടത്തിയത്. ധോണിയില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും സര്‍ഫ്രാസിനോട് മുഹമ്മദ് യൂസഫ് പറയുന്നു.
ധോണിയോട് ഉപദേശം തേടുന്നതില്‍ ഒരു തെറ്റുമില്ല. വിലയേറിയ നിരവധി ഉപദേശങ്ങള്‍ അദ്ദേഹത്തിന് തരാനുണ്ടാകും. ഒരേസമയം കീപ്പറും ക്യാപ്റ്റനുമാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ദീര്‍ഘകാലം ഈ രണ്ടു ചുമതലകളും ഒരുമിച്ച് വിജയകരമായി വഹിച്ചതെന്നതിനെക്കുറിച്ച് ധോണിക്ക് ഒരുപാട് ഉപദേശങ്ങള്‍ നല്‍കാനാകുമെന്നും യൂസഫ് പറഞ്ഞു.
ന്യൂസിലന്‍ഡ് പര്യടനത്തില്‍ പാക്കിസ്ഥാന്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിന് പിന്നാലെ സര്‍ഫ്രാസിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. ഏകദിന പരമ്പരക്കുപിന്നാലെ ട്വന്റിയിലും പാക്കിസ്ഥാന്‍ തോല്‍വി വഴങ്ങിയിരുന്നു.
Post Your Comments