കൊച്ചി: സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ അളവിൽ വൻ തട്ടിപ്പ്. വാഹനങ്ങളിൽ 10 ലിറ്റർ ഇന്ധനം നിറയ്ക്കുമ്പോൾ 80 മില്ലീലിറ്റർ മുതൽ 140 മില്ലീലിറ്റർ വരെ പമ്പുകൾ മോഷ്ടിക്കുന്നതായി മദ്ധ്യകേരളത്തിലെ നാല് ജില്ലകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. കൂടാതെ, ഓയിലിന് പരമാവധി വിൽപന വിലയേക്കാൾ ഉയർന്ന വില ഈടാക്കുന്നുവെന്നും പരിശോധനയിൽ വ്യക്തമായി. പരമാവധി വില 263 രൂപയുള്ള ഓയിലിന് 290 രൂപ വരെ പല പമ്പുകളും ഈടാക്കുന്നുണ്ട്. മഹാരാഷ്ട്ര മാതൃകയിൽ പന്പുകളിൽ ചിപ്പ് ഉപയോഗിച്ച് കൃത്രിമം നടത്തുന്നുണ്ടോയെന്നും ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു.
പമ്പുകൾ ഇന്ധനത്തിൽ മായം ചേർക്കുന്നതായുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് പന്പുകൾ അളവിൽ കൃത്രിമം വരുത്തുന്നതായി കണ്ടെത്തിയത്. എറണാകുളം, തൃശൂർ, പാലക്കാട്, ഇടുക്കി ജില്ലകളിൽ അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞ് തിങ്കളാഴ്ച രാത്രിയാണ് പരിശോധന ആരംഭിച്ചത്. പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ അഞ്ച് പന്പുകളിലെ പത്ത് നോസിലുകൾ അധികൃതർ സീൽ ചെയ്തു. അളവുകൾ കൃത്യമാക്കി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ഇനി പ്രവർത്തിപ്പിക്കാൻ അനുവദിക്കുകയുള്ളൂവെന്ന് അറിയിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തിയ പന്പുടമകൾക്കെതിരെ കേസും രജിസ്റ്റർ ചെയ്തു.
Post Your Comments