അജ്മാന്: ഈ വര്‍ഷം സെപ്റ്റംബറോടെ അജ്മാനില്‍ രാജ്യാന്തര ഗതാഗത ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഒമ്പത് മില്യണ്‍ ദിര്‍ഹത്തിന്റെ ടെര്‍മിനലാണ് ആരംഭിക്കുന്നത്. രാജ്യത്തെ വിവധ പ്രദേശങ്ങളിലേക്കുള്ള ബസ് സര്‍വീസുകള്‍ ടെര്‍മിനലില്‍ നിന്നും ഉണ്ടാകും.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് ഇത് വരുന്നത്. ആധുനിക സാങ്കേതിക വിദ്യയിലുള്ള 20 ബസുകളാണ് ആദ്യ നിക്ഷേപത്തില്‍ സര്‍വീസ് നടത്തുകയെന്ന് അജ്മാന് പൊതു ഗതാഗത മന്ത്രാലയം ജനറല്‍ ഡയറക്ടര്‍ ഒമര്‍ ബിന്‍ ഒമയിര് പറഞ്ഞു.
സിറ്റിയിലെ വിവിധ ഇടങ്ങളിലായി 77 ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ക്കുള്ള നിര്‍മ്മാണം പൊതു ഗതാഗത മന്ത്രാലയം നടത്തി വരികയാണ്. 2016ല്‍ 40 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണുണ്ടായിരുന്നത്. 2018ല്‍ പുതിയ ഗതാഗത പദ്ധതികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത് 15 മില്യണ്‍ ദിര്‍ഹമാണ്. പുതിയ പദ്ധതികള്‍ പൂര്‍ണമാകുന്നതോടെ അജ്മാന് റോഡിലെ വാഹനങ്ങള്‍ക്ക് കുറവുണ്ടാകുമെന്നാണ് കരുതുന്നത്. ഇത് എമിറേറ്റിലെ അപകടകരമായ ഗതാഗതം കുറയ്ക്കാന്‍ സഹായിക്കും.
എമിറേറ്റ്സിലെ ടാക്സി കമ്പനികള്‍ തങ്ങളുടെ ക്യാബുകളില്‍ 20 ശതമാനം പരിസ്ഥിതി സൗഹൃത ക്യാബുകള്‍ ഇറക്കണം. ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ സോളാര്‍ ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിപ്പിക്കാനാണ് പദ്ധതിയിടുന്നതെന്നും പാതു ഗതാഗത മന്ത്രാലയം ജനറല്‍ ഡയറക്ടര്‍ ഒമര്‍ ബിന്‍ ഒമയിര് പറഞ്ഞു.
Post Your Comments