കേരള ബ്ലാസ്റ്റേഴ്‌സിനോട് വിട പറഞ്ഞിരിക്കുകയാണ് സൂപ്പര്‍ താരം മാര്‍ക്ക് സിഫ്‌നിയോസ്. അതേസമയം താരത്തിന്റെ പിന്മാറ്റത്തിന്റെ കാരണമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പരിശീലകന്‍ ഡേവിഡ് ജെയിംസുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഇതിന് കാരണമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തെത്തുന്നുണ്ട്. സിഫ്‌നിയോസിനേക്കാള്‍ പ്രഥമ സ്‌ട്രൈക്കറായി ഇയാന്‍ ഹ്യൂമിനെ ഡേവിഡ് ജെയിംസ് പരിഗണിച്ചതാണ് ഇതിന് കാരണമെന്നാണ് വിവരം.
ഒരു വിദേശതാരത്തെ ടീമില്‍ നിന്നും ഒഴിവാക്കുമെന്നുള്ള സൂചനകള്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് നല്‍കിയിരുന്നു. ഇത് ഫോമിലല്ലാത്ത ബെര്‍ബറ്റോവാകുമെന്നുമായിരുന്നു വിവരം. എന്നാല്‍ ആരാധകരെ ഞെട്ടിച്ച് സിഫ്‌നിയോസുമായുള്ള കരാര്‍ ഒഴിവാക്കാന്‍ മാനേജ്‌മെന്റും താരവും പരസ്പര ധാരണയില്‍ എത്തുകയായിരുന്നു.
ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി 12 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ ഡച്ച് താരം നാല് ഗോളുകള്‍ നേടിയരുന്നു. ഒരു ഗോളിന് അസിസ്റ്റും ചെയ്തു.
ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലകന്‍ റെനെ മ്യൂലസ്റ്റീന്‍ നേരത്തെ രാജിവച്ചിരുന്നു. സിഫ്‌നിയോസിന്റെ പിന്‍വാങ്ങലുമായി അതിന് ബന്ധമുണ്ടെന്നും വിവരമുണ്ട്. സിഫ്‌നിയോസിന്റെ സംഭാവനകള്‍ക്ക് നന്ദി എന്ന് മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പ്രതികരിച്ചത്.
Post Your Comments