KeralaLatest NewsNews

വിവാഹ റജിസ്ട്രഷന്‍; ഇനി വീഡിയോ കോണ്‍ഫറന്‍സ് വഴിയും

ന്യൂഡല്‍ഹി : വിവാഹം റജിസ്റ്റര്‍ ചെയ്യാനായി അപേക്ഷകര്‍ റജിസ്ട്രാറുടെ മുമ്പില്‍ നേരിട്ട് ഹാജരാവണമെന്ന് നിര്‍ബന്ധമില്ലെന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി സമ്മതം അറിയിച്ചാല്‍ മതിയെന്നും ഹൈക്കോടതി. വധൂവരന്മാര്‍ രേഖാമൂലം ചുമതലപ്പെടുത്തുന്നയാള്‍ക്ക് വിവാഹ രജിസ്റ്ററില്‍ ഒപ്പിടാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

മതാചാര പ്രകാരം കേരളത്തില്‍ വിവാഹിതരാവുകയും അമേരിക്കയിലെത്തി വിസാ മാറ്റത്തിന് ശ്രമിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരുകയും ചെയ്ത ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഇരുവരും മുക്ത്യാര്‍ നല്‍കി ചുമതലപ്പെടുത്തുന്ന ആള്‍ക്ക് വിവാഹ റജിസ്‌ട്രേഷന്‍ രേഖകളില്‍ ഒപ്പിടാമെന്നും വിവാഹത്തിനുള്ള സമ്മതം വധൂവരന്മാരില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നേടിയാല്‍ മതിയെന്നും കോടതി വ്യക്തമാക്കി.

അമേരിക്കയിലുള്ള കൊല്ലം സ്വദേശി പ്രദീപിന്റെയും ആലപ്പുഴ സ്വദേശിനി ബെറൈലിയുടെയും വിവാഹം വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തണമെന്ന ഹര്‍ജി അനുവദിച്ചാണ് കോടതി ഉത്തരവിട്ടത്. 2000 ജനുവരി 23ന് കൊല്ലം കടവൂരിലെ പള്ളിയില്‍വെച്ചാണ് ഇവര്‍ വിവാഹിതരായത്. ഐ.എസ്.ആര്‍.ഒ.യില്‍ ജോലിചെയ്ത പ്രദീപ് പിന്നീട് അയര്‍ലന്‍ഡില്‍ ജോലിക്ക് ചേര്‍ന്നു. കുടുംബത്തെയും കൊണ്ടുപോയി. പ്രദീപ് ജോലിചെയ്ത സ്ഥാപനം 2006ല്‍ അമേരിക്കയിലേക്ക് പ്രവര്‍ത്തനം മാറ്റി. അങ്ങനെ പ്രദീപും കുടുംബവും അമേരിക്കയിലെത്തി.

പ്രദീപിന് അമേരിക്കയില്‍ സ്ഥിരം താമസക്കാരനെന്ന പദവി ലഭിച്ചെങ്കിലും ഭാര്യയ്ക്കും മക്കള്‍ക്കും കിട്ടിയില്ല. ആവര്‍ക്ക് ആ പദവിക്ക് അപേക്ഷിക്കാന്‍ നാട്ടിലെ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണം. ബന്ധുക്കള്‍ വഴി കൊല്ലത്തെ വിവാഹ റജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി. 17 കൊല്ലംമുന്‍പ് പള്ളിയിലെ വിവാഹം സ്ഥിരീകരിച്ച റജിസ്ട്രാര്‍ ദമ്പിമാരോട് ഹാജരാകാന്‍ പറഞ്ഞു. എന്നാല്‍ ഇരുവരും നേരിട്ട് ഹാജരാവാതെ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന രജിസ്ട്രാറുടെ നിലപാട് കോടതി തള്ളി.

അമേരിക്കയില്‍ വിസ വ്യവസ്ഥകളില്‍ വലിയ മാറ്റംവന്ന സമയമായതിനാല്‍ നാട്ടില്‍ വന്നാല്‍ തിരികെച്ചെല്ലാന്‍ വിഷമം നേരിട്ടേക്കുമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആശങ്ക. അതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി വിവാഹ റജിസ്‌ട്രേഷന്‍ നടത്തിനല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.

ക്രിമിനല്‍ കേസുകളില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വിചാരണ വഴി നടത്തുന്നുണ്ട്. വീഡിയോ കോണ്‍ഫറന്‍സില്‍ വരുന്നയാള്‍ യഥാര്‍ത്ഥത്തില്‍ ഹാജരാവുന്നതായാണ് കോടതികള്‍ കണക്കാക്കുന്നത്. അപ്പോള്‍ റജിസ്‌ട്രേഡ് വിവാഹം പോലുള്ള സംഭവങ്ങളില്‍ എന്ത് കൊണ്ട് വീഡിയോ കോണ്‍ഫറന്‍സ് സാധ്യമല്ലെന്ന് കോടതി ചോദിച്ചു. വിവാഹ രേഖകളില്‍ ഒപ്പിടാന്‍ അപേക്ഷകര്‍ നേരിട്ടെത്തണമെന്ന് പറയുന്നത് സമ്മതം അറിയാനാണ്.

ഈ ലക്ഷ്യം മറ്റൊരു തരത്തില്‍ നേടാനാകുമെങ്കില്‍ കക്ഷികള്‍ക്ക് പ്രയാസമുണ്ടാക്കരുതെന്നും വിധിന്യായത്തില്‍ പറയുന്നു. മാറുന്ന സാമൂഹിക സാഹചര്യങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അനുസരിച്ച് നിയമങ്ങളും മാറണം. വീഡിയോ കോണ്‍ഫറന്‍സിങ് അനുവദിക്കാത്തത് ഭൂതകാലത്തിന്റെ മരിച്ച കൈകള്‍ വര്‍ത്തമാനകാലത്തിന്റെ വളര്‍ച്ചയെ തടയുന്നത് പോലെയാകുമെന്നും കോടതി നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button