
തിരുവനന്തപുരം•നയപ്രഖ്യാപന പ്രസംഗത്തിലെ വസ്തുതാ വിരുദ്ധമായ നിയപാടുകളോട് യോജിക്കാതിരുന്ന ഗവര്‍ണറുടെ നടപടി ശ്ലാഘനീയമാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍. സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുന്നതിനൊപ്പം സംസ്ഥാനത്തിന്റെ യാഥാര്‍ഥ്യ ബോധമില്ലാത്ത നിലപാടുകളോട് യോജിക്കാതിരിക്കാനുള്ള ഗവര്‍ണറുടെ അവകാശം ഉയര്‍ത്തിപ്പിടിക്കുകയാണ് ഗവര്‍ണര്‍ ശ്രീ. പി.സദാശിവം ചെയ്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ എഴുതിക്കൊടുക്കുന്നതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങാനും അതെല്ലാം അതേപടി ആവര്‍ത്തിക്കാനുമുള്ള ഒരു പദവിയായി ഗവര്‍ണര്‍ സ്ഥാനത്തെ തരംതാഴ്ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നു നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്ര സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍. സര്‍ക്കാരിന്റെ ഈ ശ്രമത്തിന് ഗവര്‍ണര്‍ കൂട്ടുനിന്നില്ലെന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണ്.
മന്ത്രിസഭാ തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. എന്നാല്‍ മന്ത്രിസഭ, രാജ്യത്തിന്റെ പൊതുനിലപാടുകള്‍ക്കും ജനാധിപത്യപരമായി വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സര്‍ക്കാരിനുമെതിരേ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച അഭിപ്രായം പറയാതിരുന്നതിലൂടെ ഗവര്‍ണര്‍ ശ്രീ. പി.സദാശിവം ആ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കുകയാണ് ചെയ്തത്. ഇതിലൂടെ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നതെന്നും വി.മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments