കൊച്ചി: ഏറെ കാത്തിരുന്ന പ്രണയ സാഫല്യമാണ് ഭാവനയുടേത്. രാവിലെ അമ്മയും സഹോദരനും ഏറ്റവും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തില്‍ തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ചാണ് കന്നട സിനിമ നിര്‍മാതാവും ബിസിനസുകാരനുമായ നവീന്‍ ഭാവനയുടെ കഴുത്തില്‍ മിന്നു കെട്ടിയത്. സ്വര്‍ണനിറമുള്ള സാരിയും ബ്ളൗസുമായണ് ഭാവനയുടെ വേഷം.
ഉച്ചയ്ക്ക് കോവിലകത്തുംപാടത്തെ ജവഹര്‍ലാല്‍ നെഹ്റു കണ്വെന്ഷന് സെന്ററില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഉച്ചയൂണ് ഒരുക്കിയിട്ടുണ്ട്. കന്നഡ സിനിമയിലെ പ്രൊഡ്യൂസര്‍ കൂടിയായ നവീന്‍, ഭാവനയുടെ ജീവിത പങ്കാളിയായി. സിനിമയെ തോല്‍പ്പിക്കുന്ന പ്രണയവും വിവാഹവുമാണ് ഇവര്‍ക്കിടയിലുണ്ടായിരുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം പ്രതിസന്ധി ഘട്ടത്തിലും ഭാവനയൊക്കൊപ്പം നിന്നു കാമുകന്.
ആറു വര്‍ഷമായുള്ള പരിചയമാണ് ഇരുവരും തമ്മില്‍.ഫോട്ടോഗ്രാഫറായിരുന്ന പരേതനായ ജി.ബാലചന്ദ്രന്റെയും പുഷ്പയുടെയും മകളാണ് ഭാവന. ജയദേവാണ് സഹോദരന്. വിവാഹത്തിന് ശേഷം ബംഗ്ലൂരൂവില്‍ നവീന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി റിസപ്ഷന് നടത്തും. കന്നടയില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഭാവനയ്ക്ക് അവിടെയും ഏറെ സുഹൃത്തുക്കളുണ്ട്. ഭാവന അഭിനയിച്ച റോമിയോ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസറായിരുന്നു നവീന്‍.
റോമിയോയുടെ കഥപറയാന്‍ നവീനും സംവിധായകനും കൊച്ചിയില്‍ വന്നപ്പോഴാണ് ആദ്യമായി കാണുന്നത്. അന്നേ അദ്ദേഹത്തില്‍ ചില ഗുണങ്ങള്‍ ഭാവന കണ്ടെത്തിയിരുന്നു. അതിലൊന്ന് സിനിമയുമായി ബന്ധപ്പെട്ടല്ലാതെ ഒരുവാക്കോ മെസേജോ പോലും അയക്കാറില്ല എന്നതായിരുന്നു.സ്വഭാവത്തിലെ ഈ പ്രത്യേകതയായിരുന്നു ഇവരെ സുഹൃത്തുക്കളാക്കിയത്. ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി.
കല്ല്യാണം ഉറപ്പിച്ചതോടെ ശത്രുക്കള്‍ ചുറ്റും കൂടി. എങ്ങനെയും ഇരുവരേയും പിരിക്കാനായിരുന്നു ശ്രമം. പക്ഷേ ഈ സമ്മര്‍ദ്ദങ്ങള്‍ അവഗണിച്ച് നവീന്‍ എന്നും ഭാവനയ്ക്കൊപ്പം നിന്നു. അതുകൊണ്ട് തന്നെ മലയാള സിനിമയുടെ നല്ല മരുമകനായി നവീന്‍ മാറുമ്പോള്‍ ഭാവനയുടെ സിനിമാ സുഹൃത്തുക്കള്‍ ആവേശം ഏറുകയാണ്. നവീനു മലയാളമൊഴികെ മറ്റെല്ലാ തെന്നിന്ത്യന്‍ ഭാഷകളും സംസാരിക്കാനറിയാം.
Post Your Comments