പേരാവൂര്‍: എബിവിപി പ്രവര്‍ത്തകനായിരുന്ന ശ്യാം പ്രസാദിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. എസ്ഡിപിഐ പ്രവര്‍ത്തകന്‍ കണ്ണവത്തെ അയ്യൂബിനെ വധിക്കാന്‍ ശ്രമിച്ചതിന്റെ പ്രതികാരമാവാം കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതികളിലൊരാളായ നീര്‍വേലി സ്വദേശി സമീര്‍ വെള്ളിയാഴ്ച രാവിലെ സുഹൃത്തിന്റെ കാറെടുത്ത് പാലയോട്ടെത്തി. അവിടെനിന്ന് മുഹമ്മദ് ഷാഹിമിനെ കൂട്ടി തില്ലങ്കേരികാക്കയങ്ങാട് വഴി പാറക്കണ്ടത്തെത്തി മുഹമ്മദിനെയും സലീമിനെയും കൂട്ടി വീണ്ടും കാക്കയങ്ങാട്ടെത്തി.
കാക്കയങ്ങാട്ടുനിന്ന് ഉച്ചയ്ക്ക് പിഞ്ഞാണപ്പാറയിലുള്ള പേരാവൂര്‍ ഗവ. ഐ.ടി. പരിസരത്തെത്തിയ മുഹമ്മദ്, ശ്യാം പ്രസാദ് ക്ലാസിലെത്തിയെന്ന് ഉറപ്പുവരുത്തി. തുടര്‍ന്ന്, നാലുപേരും കാറില്‍ നിടുംപൊയിലിലെത്തി ഭക്ഷണസാധനങ്ങള്‍ വാങ്ങി മാനന്തവാടി ഭാഗത്തേക്കുപോയി. മാനന്തവാടി റോഡില്‍ നിര്‍ത്തി കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ വ്യാജനമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചു. ബോയ്‌സ് ടൗണിനു സമീപമെത്തിയപ്പോള്‍ തലപ്പുഴ പൊലീസിന്റെ വാഹനപരിശോധനയില്‍ സംഘം പിടിയിലായി. ചെരിപ്പിലും വസ്ത്രത്തിലും പറ്റിപ്പിടിച്ച രക്തക്കറയാണ് പ്രതികളെ പെട്ടെന്ന് തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്.
സംഭവസമയം ഇതുവഴി വന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ നല്‍കിയ വിവരമാണ് പ്രതികളെ പിടികൂടുന്നതില്‍ നിര്‍ണായകമായത്. അവര്‍ നല്‍കിയ സൂചനകളും പൊലീസിന്റെ സമയോചിത ഇടപെടലുമാണ് കൃത്യം നടന്ന് മണിക്കൂറുകള്‍ക്കക്കം പ്രതികളെ വലയിലാക്കിയത്. പ്രതികള്‍ സഞ്ചരിച്ച കാര്‍ തലപ്പുഴയില്‍നിന്നും കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ ചന്ദനത്തോടിനു സമീപത്തുനിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്യാം ക്ലാസ് കഴിഞ്ഞുവരുന്ന സമയം കണക്കാക്കി നാലരയോടെ നിടുംപൊയില്‍തലശ്ശേരി റോഡില്‍ കൊമ്മേരിക്ക് സമീപം ആളൊഴിഞ്ഞ ഭാഗത്ത് കാര്‍ നിര്‍ത്തി കാത്തിരുന്നു.
അല്പനേരം കഴിഞ്ഞ് ബൈക്കില്‍ ശ്യാമപ്രസാദ് വരുന്നതു കണ്ട സംഘം തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചു. എങ്കിലും വേഗത്തില്‍ ബൈക്കോടിച്ചെത്തിയ ശ്യാം പ്രസാദ് ഇവരെ മറികടന്ന് രക്ഷപ്പെട്ടു. പിന്തുടര്‍ന്ന സംഘം ബൈക്കിനെ മറികടന്ന് കാര്‍ കുറുകെയിട്ടു. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലേക്ക് മറിഞ്ഞു. ശ്യാം പ്രസാദ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കാറില്‍ നിന്നിറങ്ങിയ മൂന്നുപേര്‍ പിന്നാലെ ഓടി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിനിടെ, കാറോടിച്ചിരുന്ന സമീര്‍ കാര്‍ തിരിച്ച് മൂവരെയും കയറ്റി മാനന്തവാടി ഭാഗത്തേക്ക് കടന്നു. 28ാം മൈലില്‍വെച്ച് വ്യാജ നമ്പര്‍ പ്ലേറ്റ് നീക്കിയശേഷം, ചന്ദനത്തോടിനു സമീപം വനത്തിനുള്ളില്‍ നാലുവാളുകളും മരക്കൊമ്പുകള്‍ക്കിടയില്‍ ഒളിപ്പിച്ചു.
Post Your Comments