കോട്ടയം: ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ കാണാതായിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും അന്വേഷണം ഇതു വെരെ എവിടെയും എത്തിയില്ല. വലവൂര്‍ സഹകരണ ബാങ്കിന്റെ അന്ത്യാളം ശാഖയിലെ സുരക്ഷാ ജീവനക്കാരന്‍ പയപ്പാര്‍ ചെറുകര ജയപ്രകാശിനെ (57)യാണ് കാണാതായത്. എന്നാല്‍ ദുരൂഹസാഹചര്യത്തില്‍ സുരക്ഷാ ജീവനക്കാരനെ കാണാതായിട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. നാടുവിട്ടെന്നും അല്ല, അപായത്തില്‍പ്പെട്ടതാണെന്നുമെല്ലാം നാട്ടുകാര്‍ ഇതിനകം പറഞ്ഞു പരത്തി ക്കഴിഞ്ഞു. എന്തായാലും സുരക്ഷാജീവനക്കാരന്റെ തിരോധാനം ദുരൂഹമായിത്തന്നെ തുടരുകയാണ്.
ഡിസംബര്‍ 27ന് പുലര്‍ച്ചെ 4.40ന് രാമപുരം റൂട്ടിലൂടെ വെള്ളയില്‍ വരയുള്ള ചെക്ക് മുണ്ടും ഷര്‍ട്ടും ധരിച്ച് തലയില്‍ തോര്‍ത്ത് കെട്ടി ജയപ്രകാശ് അതിവേഗം നടന്നുപോകുന്നതായി ഏഴാച്ചേരി സഹകരണ ബാങ്കിലെ സി സി ടി വി ദൃശ്യങ്ങളില്‍ തെളിഞ്ഞിരുന്നു. ബന്ധുക്കളും പൊലീസും ഇയാളെ തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബാങ്കിന്റെ താഴത്തെ നിലയിലെ ഷട്ടര്‍ മുറിയില്‍ യൂണിഫോം ഷര്‍ട്ട് കീറിയ നിലയില്‍ കണ്ടെത്തി. ഷര്‍ട്ടിന്റെ ബട്ടനും പൊട്ടിയിരുന്നു. ഫോണ്‍, പഴ്‌സ് എന്നിവയും മുറിയിലുണ്ടായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല.
വീട്ടില്‍ പറയാതെ തീര്‍ഥാടനത്തിന് പോകുന്ന പതിവ് ജയപ്രകാശിന് ഉണ്ടായിരുന്നു. എന്നാല്‍ ഇങ്ങനെ പോയതായും സൂചനയൊന്നും ലഭിച്ചിട്ടില്ല. ഗുരുവായൂര്‍ ബസില്‍ കയറിപ്പോയതായി സൂചന ലഭിച്ച് ഗുരുവായൂരിലും തൃശൂരും പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൂടാതെ സംസ്ഥാനത്തിനകത്തുള്ള ഒട്ടുമിക്ക തീര്‍ത്ഥാടന കേന്ദ്രത്തിലും പൊലീസ് അന്വേഷണം നടത്തി.
അടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍, റെയിവേ സ്റ്റേഷനുകള്‍, ആശുപത്രികള്‍ എന്നു വേണ്ട പ്രധാന സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തിയിട്ടും ജയപ്രകാശിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. വീട്ടുകാരും ബന്ധുക്കളും അവരുടെ വഴിക്കും അന്വേഷണം നടത്തുന്നുണ്ട്. ജയപ്രകാശിന്റെ ഫോട്ടോയും വിവരങ്ങളും വിവിധ പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് അയച്ചും പൊലീസ് പരിശോധന നടത്തുന്നുണ്ട്.
ദിവസങ്ങള്‍ കഴിയുന്തോറും ജയപ്രകാശിന്റെ തിരോധാനം കൂടുതല്‍ ദുരൂഹമാകുകയാണ്. വിവിധ റെയില്‍വേ സ്റ്റേഷനുകളിലേയും ബസ് സ്റ്റേഷനുകളിലേയും ക്യാമറകള്‍ പരിശോധിച്ചെങ്കിലും ഒരു തുമ്പും കണ്ടെത്താനായില്ല. ജില്ലയില്‍ കാണാതാവുന്നവരുടെ ലിസ്റ്റുകള്‍ പെരുകിയതോടെ വീട്ടുകാരും ആധിയിലാണ്.
കാണാതായിട്ട് മൂന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും പൊലീസിന് കണ്ടെത്താനാകാത്തത് പൊലീസിന്റെ വീഴ്ചയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അതേസമയം ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നും വരും ദിവസങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം
Post Your Comments