ന്യൂഡൽഹി: ഹജ്ജ് സബ്‌സിഡി നിറുത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായാണ് മുസ്ലിം ലീഗ് രംഗത്ത് വന്നിരിക്കുന്നത്. തീരുമാനം പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രക്ഷോപങ്ങള്‍ സംഘടിപ്പിക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ഹജ് സബ്‌സിഡി നിര്‍ത്തലാക്കിയ തീരുമാനം കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായങ്ങള്‍ക്ക് വഴിതുറക്കുകയാണ് ചെയ്തത്.
സംസ്ഥാന നേതൃത്വം തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയപ്പോള്‍ ദേശീയ നേതൃത്വം തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. ഹജ്ജ് സബ്സിഡി ഇനത്തിൽ ലഭിക്കുന്ന ഇത്രയധികം തുക വിമാനക്കമ്പനികൾക്കും ടൂർ ഓപ്പറേറ്റർമാർക്കുമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇക്കാര്യത്തിൽ തീർഥാടകരുടെ ആശങ്ക കേന്ദ്രസർക്കാർ പരിഹരിക്കണം. ചൊവ്വാഴ്ചയാണ് ഹജ്ജ് സബ്സിഡി നിർത്തലാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
ബിജെപി സർക്കാരിന്‍റെ ന്യൂനപക്ഷങ്ങളോടുള്ള ശത്രുതാമനോഭാവമാണ് ഇപ്പോൾ വ്യക്തമായതെന്നും കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ പറഞ്ഞു. അതേസമയം, ഹജ്ജ് സബ്സിഡി നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്. 700കോടി രൂപ ഹജ്ജ് സബ്സിഡിയായി നൽകുന്നത് നിർത്തലാക്കുകയും പകരം ഈ പണം ന്യൂനപക്ഷ വിദ്യാർഥികളുടെ ക്ഷേമത്തിന് ഉപയോഗിക്കുമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി വ്യക്തമാക്കി. ഹജ്ജ് സബ്‌സിഡി നിറുത്തലാക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍ അഭിപ്രായപ്പെട്ടു.
ഒരു പ്രത്യേക മതവിഭാഗത്തിന് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത് മതേതരത്വത്തിന്റെ അന്ത:സത്തയ്ക്ക് നിരക്കുന്നതല്ല. സര്‍ക്കാര്‍ തീരുമാനം മത – രാഷ്ര്ടീയ ഭേദമന്യേ മുഴുവന്‍ ജനതയും അംഗീകരിക്കും. മുസ്ലീം മതവിഭാഗങ്ങളില്‍പെടുന്ന വലിയൊരുവിഭാഗം ഇപ്പോഴും വേണ്ടത്ര വിദ്യാഭ്യാസം കിട്ടാതെയിരിക്കുകയാണ്. ഇവരുടെ വിദ്യാഭ്യാസ പരമായ ഉന്നമനത്തിന് ഈ പണം ചെലവഴിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ശ്‌ളാഘനീയമാണ് . അതേ സമയം വോട്ട് ബാങ്ക് രാഷ്ര്ടീയം ലക്ഷ്യമാക്കി ഇതില്‍ നിന്ന് രാഷ്ര്ടീയ മുതലെടുപ്പ് നടത്താനുള്ള കോണ്‍ഗ്രസ് നടപടിയെ മുസ്ലീം സമുദായത്തിലെ പുരോഗമനവാദികള്‍ തള്ളിക്കളയുമെന്നും വി.മുരളീധരന്‍ പറഞ്ഞു. ഹജ് സബ്‌സിഡി നിര്‍ത്താനുള്ള തീരുമാനത്തോട് എതിര്‍പ്പില്ലെന്നാണ് സംസ്ഥാന ഹജ് കമ്മിറ്റി അംഗം പ്രതികരിച്ചു. സബ്‌സിഡി വേണമെന്ന് നിര്‍ബന്ധമില്ലെന്ന് സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു. കഴിവുള്ളവര്‍ ഹജ് ചെയ്താല്‍ മതിയെന്നും വിമാനക്കമ്പനികളുടെ കൊള്ള ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments