Latest NewsNewsIndia

തൊഗാഡിയയെ കണ്ടെത്തി : സംഭവത്തില്‍ ദുരൂഹത ഏറുമ്പോള്‍ വിശ്വഹിന്ദു പരിഷത്ത് തലവന് യഥാര്‍ത്ഥത്തില്‍ എന്തു പറ്റി?

അഹമ്മദാബാദ്: വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്‌പി) രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ അബോധാവസ്ഥയില്‍ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് അഹമ്മദാബാദില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയെന്നാണ് വി.എച്ച്.പി. പ്രവര്‍ത്തകര്‍ പരാതിപ്പെട്ടിരുന്നത്. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ ഒരു പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ നിര്‍ദേശമനുസരിച്ചില്ലെന്ന കുറ്റംചുമത്തി നേരത്തേ രാജസ്ഥാന്‍ പോലീസ് തൊഗാഡിയയുടെപേരില്‍ കേസെടുത്തിരുന്നു.

ഈ കേസില്‍ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചുവെന്നാണ് വി.എച്ച്.പി.യുടെ ആരോപണം. സംഭവത്തിന്റെ ഉത്തരവാദിത്വം ഗുജറാത്ത് ഭരണകൂടത്തിനാണെന്ന് വി.എച്ച്.പി. ഗുജറാത്ത് യൂണിറ്റ് ജനറല്‍ സെക്രട്ടറി രഞ്ചോഡ് ബര്‍വാദ് ആരോപിച്ചു. പത്തുവര്‍ഷം മുന്‍പു രാജസ്ഥാനില്‍ നിരോധനം ലംഘിച്ചു പ്രകടനത്തിനു നേതൃത്വം നല്‍കിയെന്ന കേസില്‍ പ്രവീണ്‍ തൊഗാഡിയയ്ക്കെതിരെ അറസ്റ്റ് വാറന്റുമായി രാജസ്ഥാന്‍ പൊലീസ് ഇന്നലെ അഹമ്മദാബാദില്‍ എത്തിയിരുന്നു. അതിന് ശേഷം അദ്ദേഹത്തെ കാണാതായതു വിഎച്ച്‌പി ബിജെപി സംഘര്‍ഷത്തിന് വഴിതുറന്നിരുന്നു.

അറുപത്തിരണ്ടുകാരമായ തൊഗാഡിയയെ രാജസ്ഥാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച്‌ അനുയായികള്‍ പ്രകടനവും നടത്തി. രാജസ്ഥാനിലെ ഗംഗാപുര്‍ സ്റ്റേഷനിലെ കേസില്‍ തൊഗാഡിയയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ അവിടത്തെ പോലീസ് തിങ്കളാഴ്ച രാവിലെ വന്നതായി അഹമ്മദാബാദിലെ സോല പോലീസ് വ്യക്തമാക്കി. എന്നാല്‍, തൊഗാഡിയയെ കണ്ടെത്താനാകാതെ വെറുംകൈയോടെയാണ് അവര്‍ മടങ്ങിയതെന്നും സോല പോലീസ് പറഞ്ഞു. ഇക്കാര്യം ഗുജറാത്തിലെ ഭരത്പുര്‍ റേഞ്ച് ഐ.ജി. അലോക് കുമാര്‍ വസിഷ്ഠയും ആവര്‍ത്തിച്ചു.

തൊഗാഡിയയെ തന്റെ റേഞ്ചിലെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തുവെന്ന ആരോപണം ശരിയല്ലെന്നും ഐ.ജി. പറഞ്ഞു. ഗുജറാത്തിലാണ് പ്രവീണ്‍ തൊഗാഡിയയുടെ പ്രവര്‍ത്തന കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അഭിപ്രായ ഭിന്നതകള്‍ ഏറെയുള്ള വ്യക്തിയാണ് തൊഗാഡിയ. അതുകൊണ്ട് തന്നെ പൊലീസ് തട്ടിക്കൊണ്ട് പോയെന്നത് പരിവാര്‍ കേന്ദ്രങ്ങളില്‍ പോലും ആശക്കുഴപ്പമുണ്ടാക്കി. രാവിലെ പത്തോടെയാണ് തൊഗാഡിയയെ കാണാതായതെന്നാണ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. ഇതോടെ പ്രതിഷേധവും തുടങ്ങി. അന്വേഷണം പുരോഗമിക്കുന്നതിനിടെ രാത്രി പത്തു മണിയോടെയാണ് തൊഗാഡിയയെ തിരിച്ചറിഞ്ഞത്.

ആബുംലന്‍സിലേക്ക് എത്തിയ അജ്ഞാത ഫോണ്‍ സംഭാഷണമാണ് നിര്‍ണ്ണായകമായത്. അഹമ്മദാ ബാദിന് അടുത്ത് ഒരാള്‍ അബോധാവസ്ഥയില്‍ ഉണ്ടെന്നായിരുന്നു സന്ദേശം. അവിടെ എത്തിയ ആംബുലന്‍സ് വ്യക്തിയെ ആശുപത്രിയിലെത്തിച്ചു. ഇവിടെ വച്ചാണ് കൊണ്ടു വന്നയാള്‍ തൊഗാഡിയയാണെന്ന് തിരിച്ചറിഞ്ഞത്. രക്തസമ്മര്‍ദ്ദം തീരെ കുറഞ്ഞതു മൂലമാണ് തൊഗാഡിയയ്ക്ക് ബോധം നഷ്ടമായത്. ചികില്‍സയിലൂടെ സാധാരണ നിലയിലേക്ക് തൊഗാഡിയ മടങ്ങി വരികയാണ്.

ഇപ്പോഴും പൊലീസിന് സംഭവിച്ചത് എന്തെന്നതില്‍ വ്യക്തതയില്ല. ബോധം വീണ്ടു കിട്ടിയ ശേഷം തൊഗാഡിയ തന്നെ കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വരും. രാജസ്ഥാന്‍ പൊലീസിന്റെ അറസ്റ്റ് ഒഴിവാക്കാനുള്ള കള്ളക്കളിയാണ് ഇതെന്ന ആരോപണവും ശക്തമാണ്. ഇസഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിക്ക് എങ്ങനെ ഒളിവില്‍ പോവാനായി എന്നതും ചോദ്യമായി അവശേഷിക്കുകയാണ്. അഹമ്മദാബാദിലെ ചന്ദ്രമണി ആശുപത്രിയിലാണ് തൊഗാഡിയ ഇപ്പോഴുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button