വാഷിംഗ്ടണ്‍: ഭീകരവാദത്തെയും തീവ്രവാദത്തെയും പ്രതിരോധിക്കുന്നതില്‍ ഖത്തറിന്റെ സേവനങ്ങളെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രശംസിച്ചു. ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് ട്രംപിന്റെ പ്രശംസ. ഐക്യ ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സിലിനുള്ള (ജിസിസി) അമേരിക്കയുടെ പിന്തുണ അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. മേഖലയിലെ വെല്ലുവിളികളെ ചെറുക്കുന്നതില്‍ ജിസിസി ശ്രദ്ധയൂന്നണമെന്നാണ് ട്രംപിന്റെ നിലപാടെന്ന് ഇതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
മേഖലയില്‍ ഭീകരവാദവും ഇറാന്റെ സ്വാധീനവും തടയുന്നതിനാവശ്യമായ കാര്യങ്ങള്‍ ഉള്‍പ്പെടെ ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ ചര്‍ച്ച ചെയ്തു. മേഖലയില്‍ കൂടുതല്‍ സ്ഥിരത കൈവരുത്തുന്നതില്‍ ഇരുരാജ്യങ്ങള്‍ക്കും സഹകരിക്കാന്‍ സാധ്യമാകുന്ന മേഖലകളെക്കുറിച്ച് ചര്‍ച്ച ചെയ്തതായും വൈറ്റ്‌ഹൈസ് പറഞ്ഞു.
തുര്‍ക്കി സന്ദര്‍ശനത്തിലായിരുന്നപ്പോഴാണ് അമേരിക്കന്‍ പ്രസിഡന്റ് ഖത്തര്‍ അമീറുമായി ഫോണ്‍ സംഭാഷണം നടത്തിയത്. അങ്കാറയില്‍ വെച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനുമായി തിങ്കളാഴ്ച ഖത്തര്‍ അമീര്‍ കൂടിക്കാഴ്ചയും നടത്തുകയുണ്ടായി.
യുഎഇയുടെ യാത്രാവിമാനങ്ങളെ ഖത്തര്‍ യുദ്ധവിമാനങ്ങള്‍ തടസ്സപ്പെടുത്തിയെന്ന ആരോപണവുമായി യുഎഇ ഭരണകൂടം രംഗത്തെത്തിയതിനു പിന്നാലെയാണ് ഖത്തര്‍ അമീര്‍ ലോക നേതാക്കളുമായി സംസാരിച്ചത്. യുഎഇയുടെ ആരോപണം ഖത്തര്‍ നിഷേധിച്ചിരുന്നു. അതിനിടെ, യു.എ.ഇയുടെ സൈനിക വിമാനങ്ങള്‍ ഖത്തര്‍ അതിര്‍ത്തിയില്‍ അനധികൃതമായി പ്രവേശിച്ചതായി നേരത്തേ ഖത്തര്‍ യുഎന്‍ പ്രതിനിധി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുഎഇ ഖത്തറിനെതിരായ ആരോപണവുമായി രംഗത്തെത്തിയത്.
സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ഖത്തറിനെതിരേ നടക്കുന്ന ഉപരോധം ഏഴ് മാസം പിന്നിട്ട പശ്ചാത്തലത്തിലാണിത്. ഉപരോധത്തിന്റെ തുടക്കത്തില്‍ ഖത്തറിനെതിരായ നിലപാടായിരുന്നു ട്രംപ് സ്വീകരിച്ചിരുന്നതെങ്കിലും പിന്നീടദ്ദേഹം നിലപാട് മാറ്റുകയായിരുന്നു.
Post Your Comments