തിരുവനന്തപുരം : സംസ്ഥാനത്ത് കുറച്ചു ദിവസങ്ങളായി വിവാദമുണ്ടാക്കിയ സംഭവമായിരുന്നു ശ്രീജിത്തിന്റെ നിരാഹാര സമരം. ഒരു രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്തുണയില്ലാതെ ശ്രീജിത്തിന്റെ സെക്രട്ടറിയേറ്റ് പടിക്കലെ നിരാഹാര സമരം ഇത്രയും ജനശ്രദ്ധ ആകര്‍ഷിച്ചത് സോഷ്യല്‍ മീഡിയ വഴിയുള്ള ഒരു ഹാഷ് ടാഗിലൂടെയായിരുന്നു.
പോലീസ് കസ്റ്റഡിയിലിരിക്കെയായിരുന്നു ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവിന്റെ മരണം, 2014 മേയ് 21-ന്. അനുജനെ തിരിച്ചുകിട്ടില്ലെങ്കിലും അവന്റെ മരണത്തിന് ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടണമെന്നു ശ്രീജിത് ദൃഢനിശ്ചയമെടുത്തു. അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല, മനുഷ്യാവകാശ കമ്മിഷന്‍… പരാതി കൊടുക്കാത്തവരില്ല. ഒരു വര്‍ഷത്തിനു ശേഷം 2015 മേയ് അവസാനവാരം സെക്രട്ടേറിയറ്റിനു മുന്നില്‍ തുടങ്ങിയ സത്യഗ്രഹമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കേരളത്തിന്റെ മനഃസാക്ഷി ഏറ്റെടുത്തത്.
പരേതനായ ശ്രീധരന്‍-രമണി ദമ്പതികളുടെ മൂന്നു ആണ്‍മക്കളില്‍ ഇളയവനായിരുന്നു ശ്രീജിവ്. സമീപവാസിയായ പെണ്‍കുട്ടിയുമായുള്ള സ്‌നേഹം പെണ്‍കുട്ടിയുടെ അച്ഛനുമായി വാക്കുതര്‍ക്കത്തിലെത്തിയിരുന്നു. തുടര്‍ന്ന് ശ്രീജിവ് എറണാകുളത്ത് മൊെബെല്‍ ഫോണ്‍ റിപ്പയറിങ് ഷോപ്പില്‍ ജോലിക്കായി പോയി. ഇതിനിടെ, വീട്ടുകാര്‍ പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. 2014 മേയ് 12നു രാത്രി ഒരു സംഘം പോലീസുകാര്‍ ശ്രീജിവിനെ അന്വേഷിച്ച് വീട്ടിലെത്തി. ചോദിച്ചപ്പോള്‍, പെറ്റിക്കേസ് ആണെന്നായിരുന്നു വിശദീകരണം. ശ്രീജിവിനെ പൂവാറില്‍നിന്നു പോലീസ് പിടികൂടിയെന്നു സുഹൃത്ത് രാജീവാണ് ഒരാഴ്ചയ്ക്കു ശേഷം ശ്രീജിത്തിനെ വിളിച്ചറിയിച്ചത്. പൂവാര്‍ സ്റ്റേഷനില്‍ അന്വേഷച്ചെങ്കിലും അവര്‍ക്ക് അറസ്റ്റിനെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.തൊട്ടടുത്ത ദിവസം പാറശാല സ്റ്റേഷനിലെ രണ്ടു പോലീസുകാര്‍ വീട്ടിലെത്തി.
ശ്രീജിവ് കസ്റ്റഡിയില്‍ വച്ച് വിഷം കഴിച്ചെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും അറിയിച്ചു. ആശുപത്രിയിലെത്തിയ ശ്രീജീത്ത് കണ്ടത് കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ കിടക്കുന്ന ശ്രീജിവിനെയാണ്. പാറശാല പോലീസ് എന്തിനാണ് തങ്ങളുടെ അധികാരാതിര്‍ത്തിയിലല്ലാത്ത പൂവാറില്‍നിന്ന് അനുജനെ പിടിച്ചതെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. പിറ്റേന്നു ശ്രീജിവ് മരിച്ചു. അനുജനു നീതി കിട്ടണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത ശ്രീജിത്തിനെയും പോലീസുകാര്‍ വെറുതേ വിട്ടില്ല.
സമരത്തിലായതിനാല്‍ ജോലിക്കു പേകാന്‍ പറ്റാതായതോടെ െവെകുന്നേരങ്ങളില്‍ കപ്പലണ്ടിക്കച്ചടം തുടങ്ങിയതു പോലീസ് തടഞ്ഞു. ”സമരം ചെയ്യാന്‍ വന്നവന്‍ സമരം ചെയ്താല്‍ മതി” എന്നായിരുന്നു ഏമാന്മാരുടെ ഉത്തരവ്. വായിക്കാനായി കൊണ്ടുവന്ന പുസ്തകങ്ങള്‍ പോലീസുകാര്‍ ക്യാമ്പില്‍ കൊണ്ടുപോയി തീയിട്ടു. ശ്രീജിത്തിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആദ്യമൊക്കെ പലരും വന്നെങ്കിലും സമരം നീണ്ടതോടെ ആരും തിരിഞ്ഞുനോക്കാതായി.
പിന്നീടാണ് ശ്രീജിവിന്റേതു കസ്റ്റഡിമരണമാണെന്നു പോലീസ് പരാതിപരിഹാര അതോറിറ്റി അധ്യക്ഷന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് വ്യക്തമാക്കിയത്. ഏതാനും പോലീസ് ഉദ്യോഗസ്ഥരെ പേരെടുത്തുപറഞ്ഞ്, അവരെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണവും ശ്രീജിവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവുമടക്കമാണ് അദ്ദേഹം ശിപാര്‍ശ ചെയ്തത്. നഷ്ടപരിഹാരം പോലീസുകാരില്‍നിന്ന് ഈടാക്കണമെന്നു വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉത്തരവ് ഫയല്‍ക്കൂമ്പാരത്തില്‍ മുങ്ങിപ്പോയി.
ഇതിനിടെ ഭരണം മാറി. മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീജിത്തിനെ ഓഫീസില്‍ വിളിച്ചുവരുത്തി കാര്യങ്ങള്‍ തിരക്കി. നഷ്ടപരിഹാരത്തുക കിട്ടിയെങ്കിലും മരണത്തെക്കുറിച്ചുള്ള അന്വേഷണം ഉണ്ടായില്ല. പോലീസുകാരില്‍നിന്നല്ല, ഖജനാവില്‍നിന്നായിരുന്നു നഷ്ടപരിഹാരത്തുക ലഭ്യമാക്കിയത്. തന്റെ ആവശ്യം സി.ബി.ഐ. അന്വേഷണമാണെന്നും അതുവരെ പിന്നോട്ടില്ലെന്നും വ്യക്തമാക്കി ശ്രീജിത്ത് സമരം തുടരുകയായിരുന്നു. അതു ജനശ്രദ്ധയിലെത്താന്‍ സാമൂഹിക മാധ്യമങ്ങളിലെ ഹാഷ് ടാഗ് പ്രചാരണം വേണ്ടിവന്നു.
Post Your Comments