അനവധി കൗമാരക്കാരുടെ ജീവനെടുത്ത ബ്ലൂവെയില്‍ ഗെയിമിന് ശേഷം മറ്റൊരു കൊലയാളി ഗെയിം ഓണ്‍ലൈന്‍ വഴി വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. സോപ്പ് പൊടി വായിലിട്ട് ചവച്ച് തുപ്പി അതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്ത് ഹീറോ ആകുന്ന ഈ ഗെയിമിന്റെ പേര് ടൈഡ് പോഡ് ചലഞ്ച്. ഈ ഭ്രാന്തന്‍കളിയില്‍ ഇതിനോടകം പത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സോപ്പ് ദ്രാവകരൂപത്തിലാക്കി ഒരു ചെറിയ പാക്കറ്റിനുള്ളിലാക്കിയതിനെയാണ് ടൈഡ് പോഡ് എന്ന് പറയുന്നത്. ഇത് വായിലിട്ട് ചവച്ച് തുപ്പുകയും ചിലപ്പോള്‍ ഉള്ളിലേക്ക് ഇറക്കേണ്ടിയും വരും. സോപ്പുപൊടി വായിലിട്ട് പതപ്പിച്ചശേഷം അത് വീഡിയോയില്‍ പകര്‍ത്തുകയും മറ്റുള്ളവരെ മത്സരത്തിന് വെല്ലുവിളിക്കുകയും ചെയ്യണം എന്നതാണ് ഈ ചലഞ്ചിന്റെ നിയമം. എന്തും വായിലാക്കാന്‍ പോന്ന ധൈര്യം തനിക്കുണ്ടെന്ന് തെളിയിക്കാനുള്ള ശ്രമമാണ് ഇതെന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ ഈ കളി അപകടം ക്ഷണിച്ചുവരുത്തുന്നതാണെന്ന് ആരോഗ്യരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. സോപ്പുപൊടി ഉള്ളില്‍ച്ചെന്നതിന്റെ പേരില്‍ ആശുപത്രിയിലെത്തിയ നാല്‍പ്പതോളം കേസുകള്‍ അമേരിക്കയിലെ അസോസിയേഷന്‍ ഓഫ് പോയ്‌സണ്‍ കണ്‍ട്രോള്‍ സെന്റേഴ്‌സ് ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.
You may also like:ബിടെക് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിന് പിന്നില്‍ ബ്ലൂ വെയ്ല്‍ ഗെയിമെന്ന് സംശയം
സോപ്പുപൊടിയില്‍ അടങ്ങിയിരിക്കുന്ന എഥനോള്‍, പോളിമറുകള്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്നിവയാണ് അപകടകാരികള്‍. ഇത് വയറ്റിലെത്തിയാല്‍ വയറിളക്കവും ഛര്‍ദിയുമുണ്ടാകും. ഇത് നിര്‍ജ്ജലീകരണത്തിലേക്കും മരണത്തിലേക്കും നയിച്ചേക്കാമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.
2015 ല്‍ തുടങ്ങിയതാണെങ്കിലും ഈ കളി വ്യാപകമാവുന്നത് ഇപ്പോള്‍ മാത്രമാണ്. വിഴുപ്പലക്കാനുള്ള പൊടി കഴിക്കരുതെന്ന തലക്കെട്ടില്‍ കോളജ് ഹ്യൂമര്‍ ഒരു തമാശ വീഡിയോ ഓണ്‍ലൈനായി പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ വൈറലായതോടെയാണ് ഇതൊരു ചാലഞ്ചായി ഓണ്‍ലൈനില്‍ പടര്‍ന്ന് പിടിച്ചത്.
Post Your Comments