തിരുവനന്തപുരം: എസി അല്ലാത്ത തീയറ്ററുകള്‍ക്ക് സിനിമ അനുവദിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പുതിയ പ്രതിസന്ധിയായി മാറുന്നത്. എയര്‍ കണ്ടീഷനെച്ചൊല്ലി നിര്‍മ്മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും തമ്മില്‍ തര്‍ക്കം. എ.സി. ഇല്ലാത്ത തിയേറ്ററുകളില്‍ പുതിയ സിനിമകളുടെ റിലീസ് അനുവദിക്കില്ലെന്ന നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനമാണ് കാരണം. എ.സി. സ്ഥാപിക്കുന്നതുവരെ സിനിമകള്‍ നല്കാന് പ്രിന്റ് തുകയും ഉടമകളില്‍നിന്ന് ഈടാക്കുന്നുണ്ട്.
ഇതുവരെ വിതരണക്കാര്‍ വഹിച്ചിരുന്ന പ്രിന്റ് തുക തിയേറ്റര്‍ ഉടമകളില്‍നിന്ന് ഈടാക്കാനുള്ള തീരുമാനം ഫലത്തില്‍ പിഴയിടലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതനുസരിച്ച് ഒരു സിനിമ റിലീസ് ചെയ്യാന്‍ 15,000 മുതല്‍ 25,000 രൂപവരെ തിയേറ്റര്‍ ഉടമകള്‍ക്ക് അധികം മുടക്കേണ്ടിവരുന്നുണ്ട്. ഒരു തിയേറ്റര്‍ എ.സി.യായി നവീകരിക്കാന്‍ 50 ലക്ഷത്തിലേറെ രൂപ ചെലവഴിക്കേണ്ടിവരുമെന്ന് ഉടമകള്‍ പറയുന്നു. ഏപ്രില്‍ 30നകം തിയേറ്ററുകള്‍ എ.സി.യാക്കി നവീകരിച്ചില്ലെങ്കില്‍ പുതിയ സിനിമകള്‍ നല്‍കില്ലെന്നാണ് നിര്‍മ്മാതാക്കളും വിതരണക്കാരും പറയുന്നത്. കാര്യങ്ങള്‍ അവര്‍ ഏകപക്ഷീയമായി തീരുമാനിക്കുകയാണെന്നും അത് അംഗീകരിക്കാനാകില്ലെന്നും തിയേറ്റര്‍ ഉടമകള്‍ പറയുന്നു.
തര്‍ക്കം നീണ്ടാല്‍ കേരളത്തിലെ നൂറോളം തിയേറ്ററുകള്‍ പൂട്ടേണ്ടിവരും. ഇതില്‍ പകുതിയും മലബാറിലേതാണ്. തിയേറ്റര്‍ വിഹിതത്തെപ്പറ്റി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിച്ചെന്ന് പരാതി. തിയേറ്റര്‍ വിഹിതത്തെച്ചൊല്ലിയുള്ള തര്‍ക്കം സൃഷ്ടിച്ചത് മലയാളസിനിമ കണ്ട ഏറ്റവും വലിയ പ്രതിസന്ധി. എക്സിബിറ്റേഴ്സ് ഫെഡറേഷന് തകര്‍ന്ന് പുതിയ സംഘടനയുണ്ടായി. സാറ്റലൈറ്റ് തുകയുടെ നിശ്ചിതശതമാനം ഓരോ റിലീസിനും നല്‍കണമെന്ന പുതിയ വ്യവസ്ഥയും കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
ഇതിന് തയ്യാറാകാത്ത തിയേറ്റര്‍ ഉടമകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതു പരിഗണനയിലുണ്ടെന്നാണ് സൂചന. പ്രശ്നപരിഹാരത്തിനായി സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് തിയേറ്റര്‍ ഉടമകള്‍. ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള( ഫിയോക് )യാണ് ഇപ്പോള്‍ സിനിമാ റിലീസിങ് തീരുമാനിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ സമരത്തെത്തുടര്‍ന്ന് നേരത്തേയുണ്ടായിരുന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനിലെ 350ലേറെ തിയേറ്ററുകളും 150ലേറെ അംഗങ്ങളും ‘ഫിയോകി’ലേക്ക് മാറിയിരുന്നു. എ.സി. തിയേറ്ററുകള്‍ക്ക് മാത്രമാണ് ഫിയോക് അംഗത്വം നല്‍കിയതെന്ന് പരാതിയുണ്ടായിരുന്നു. അതോടെ, എ.സി. ഇല്ലാത്ത നൂറോളം തിയേറ്ററുകള്‍ക്ക് ശക്തമായ സംഘടനയില്ലാതായി. അവര്‍ക്കാണ് പുതിയ തീരുമാനം തിരിച്ചടിയാകുന്നത്.
Post Your Comments