തിരുവനന്തപുരം: അടുത്ത തവണയെങ്കിലും ലോക കേരള സഭയിൽ ആളുകളെ തിരഞ്ഞെടുക്കുമ്പോൾ ചില മാനദണ്ഡങ്ങളൊക്കെ പാലിക്കണം. ഇവിടെ വന്നിരിക്കാൻ അർഹരായ പലരും ഇപ്പോൾ പുറത്താണ്. ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പുകളിൽ ഇതിന്റെ പേരിൽ തമ്മിലടി തുടങ്ങിക്കഴിഞ്ഞു. ലോക കേരള സഭ പ്രവാസികളെ ഒന്നിപ്പിക്കാനായിരിക്കണം. അല്ലാതെ ഭിന്നിപ്പിക്കാനാകരുത്’’ വാഷിങ്ടണിൽ നിന്നെത്തിയ പ്രവാസിയാണു ലോക കേരള സഭയിലെ യൂറോപ്പ്-അമേരിക്കൻ പ്രതിനിധികളുടെ ചർച്ചയിൽ ആഞ്ഞടിച്ചത്. ചർച്ച നിയന്ത്രിച്ചിരുന്ന മന്ത്രിമാരായ തോമസ് ഐസകും വി.എസ്. സുനിൽകുമാറും കേട്ടിരുന്നതല്ലാതെ മിണ്ടിയില്ല.
മുഖ്യ സെഷനിലും അഞ്ച് ഉപസെഷനുകളിലും നിറഞ്ഞു നിന്ന വിമർശനം ലോക കേരള സഭയിലേയ്ക്കു പ്രതിനിധികളെ തോന്നുംപടി തിരഞ്ഞെടുത്തെന്നായിരുന്നു. പല രാജ്യങ്ങളിലെയും പ്രമുഖർക്കു വേണ്ട പ്രാതിനിധ്യം ലഭിച്ചിട്ടില്ല. പകരം രാഷ്ട്രീയ സ്വാധീനമുള്ളവർ കയറിപ്പറ്റുകയും ചെയ്തു. പല മേഖലകളിൽ നിന്നുമുള്ളവർക്കു വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് എഴുത്തുകാരൻ ബന്യാമിനും പ്രസംഗത്തിൽ കുറ്റപ്പെടുത്തി. നാട്ടിൽ നിക്ഷേപം നടത്താനെത്തുന്നവരൊക്കെ ജീവനും കൊണ്ടു രക്ഷപ്പെടേണ്ട അവസ്ഥ ഇപ്പോഴുമുണ്ടെന്നായിരുന്നു യുഎസിൽ നിന്നെത്തിയ വർക്കി ഏബ്രഹാമിന്റെ പരാതി.
കേട്ടിരുന്ന ഏവരെയും അമ്പരപ്പിച്ച ഒരു കമന്റ് വന്നത് ഒരു പ്രവാസി വനിതയിൽ നിന്നാണ്. അതിങ്ങനെ: ‘‘മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തെ യുവാക്കളിൽ നല്ലൊരു പങ്കും മദ്യത്തിനും ലഹരിമരുന്നിനും അടിമകളാണ്. അതാണ് അവിടെ രാഷ്ട്രീയ സംഘർഷങ്ങൾ പതിവായത്’. ജർമനിയിൽ നഴ്സിങ്, ഐടി മേഖലയിൽ വൻ തൊഴിലവസരങ്ങളാണെന്ന് അവിടെ നിന്നെത്തിയ പ്രതിനിധി പറഞ്ഞു. നമ്മുടെ ബിഎസ്‌സി നഴ്സിങ് അവിടെ അംഗീകരിക്കുന്നുണ്ട്. ഭാഷ മാത്രമാണു പ്രശ്നം. നന്നായി ഭാഷ പഠിച്ചാൽ നല്ല ശമ്പളത്തിൽ ജോലി ലഭിക്കും. രേഖകളില്ലാതെ താമസിക്കുന്ന ഒട്ടേറെ മലയാളികൾ ദുരിതത്തിലാണെന്ന് ഇറ്റലിയിൽ നിന്നെത്തിയ അനിത പറഞ്ഞു.
Post Your Comments