തിരുവനന്തപുരം : സര്‍ക്കാറിന്റെ വിവിധ വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങളെല്ലാം ഒറ്റ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലഭ്യമാക്കുന്ന എം-കേരളത്തിന്റെ പരീക്ഷണപതിപ്പ് (ബീറ്റ പതിപ്പ്) അടുത്തയാഴ്ച പ്ലേ സ്റ്റോറില്‍ അവതരിപ്പിക്കും. നൂറിലധികം സര്‍ക്കാര്‍ സേവനങ്ങള്‍ ഒറ്റ ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതാണ് എം-കേരളം.
ബീറ്റ പതിപ്പിന് ലഭിക്കുന്ന പ്രതികരണങ്ങളുടെയും മറ്റും അടിസ്ഥാനത്തിലായിരിക്കും അന്തിമ ആപ്പ് അവതരിപ്പിക്കുക. കഴിഞ്ഞ ജൂണില്‍ പുറത്തിറങ്ങേണ്ടിയിരുന്ന എം-കേരളം കൂടുതല്‍ വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും ഘടനയില്‍ വ്യത്യാസം വരുത്താനും വേണ്ടി വൈകിയിരുന്നു. സംസ്ഥാന ഐ.ടി. മിഷനാണ് എം-കേരളം പദ്ധതി തയ്യാറാക്കുന്നത്.
വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് അവയില്‍ നിന്നുള്ള സേവനങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനാകും. ആന്‍ഡ്രോയിഡ്, ഐഫോണ്‍ എന്നിവയില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും. റവന്യൂ, ട്രാന്‍സ്പോര്‍ട്ട്, ധനകാര്യം, ആരോഗ്യം, ജലവിഭവം, ആരോഗ്യം തുടങ്ങി മിക്ക വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങളും ലഭിക്കും.വിവിധ വകുപ്പുകളില്‍ പണമടയ്ക്കുന്നതിനും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അപേക്ഷ നല്‍കാനും സാധിക്കും.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്‍കുന്ന പരാതികളുടെ സ്ഥിതി അറിയുന്നതിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം അയക്കുന്നതിനും ഇതുപയോഗിക്കാം.ആദ്യഘട്ടത്തില്‍ അമ്പതോളം സേവനങ്ങളാണ് എം-കേരളത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. പിന്നീടത് വര്‍ധിപ്പിച്ചു. ഇ-ഡിസ്ട്രിക്‌ട് വഴി ലഭ്യമാകുന്ന 24 സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കല്‍ ഉള്‍െപ്പടെ 41 സേവനങ്ങള്‍ എം-കേരളത്തിലൂടെ ലഭിക്കും.
ഐ ഫോണില്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷന്റെ വലിപ്പം അല്പം കൂടുതലാണെങ്കിലും ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉപയോഗിക്കാനാകുന്ന ആപ്ലിക്കേഷന്റെ വലിപ്പം പരമാവധി കുറയ്ക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ട്. 2ജി സംവിധാനത്തില്‍പ്പോലും ആപ്പ് സുഗമമായി പ്രവര്‍ത്തിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കുന്നത്.
Post Your Comments