Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ആടിയുലയുന്ന സ്വന്തം മനസിനെ പിടിച്ചു നിര്‍ത്താന്‍ വിവാഹേതര ബന്ധങ്ങള്‍ തേടിപ്പോകുമ്പോള്‍: വിഷാദരോഗത്തിന്റെ തടവറയെക്കുറിച്ച് കൌണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു

കസേരയിൽ മുന്നോട്ടു കുനിഞ്ഞിരുന്നു ,കൈപത്തിയാൽ മുഖം അമർത്തിപിടിച്ചിരിക്കുന്ന ഒരു ഇരുപതുകാരൻ..യാഥാർഥ്യത്തെ നേരിടാനുള്ള ശക്തി അവൻ പിടിച്ചെടുക്കുക ആയിരുന്നു…
പിരിമുറുക്കങ്ങളുടെ ദുർമേദസ്സ് കരഞ്ഞു തീർക്കുക ആണ്..

അവന്റെ ‘അമ്മ ആണ് , ആ ആശുപത്രിയിലെ രോഗി..
അച്ഛൻ ഇട്ടിട്ടു പോയി , മറ്റൊരു സ്ത്രീയോടൊപ്പം..
അന്ന് മക്കൾക്ക് രണ്ടും മൂന്നും വയസ്സ് വീതം..
സ്വന്തം ചോരയായിട്ടല്ല ,
ശത്രുവിന്റെ മക്കളായിട്ടാണ് പിന്നെ ‘അമ്മ തങ്ങളെ കണ്ടതെന്ന് അവൻ ഓർത്തു…

അമ്മയ്ക്കു പതിനെട്ടു വയസ്സ് തികയും മുൻപ് ,
അച്ഛന്റെ ഒപ്പം ഒളിച്ചോടി പോയതായിരുന്നു..
അന്ന് മുതൽ അമ്മയെ ക്രൂരമായി ഉപദ്രവിക്കുകയും ഒക്കെ ചെയ്യുന്നത്
ചെറുതായിരുന്നു എങ്കിലും ആ ഓർമ്മ ഇപ്പോഴും അവനിലുണ്ട്…

അമ്മയുടെ അച്ഛനും അമ്മയും ആയിരുന്നു പിന്നെ കുട്ടികളുടെ സംരക്ഷകർ..
മറ്റൊരു വിവാഹം കഴിക്കണമെന്നു അന്നൊക്കെ ‘അമ്മ വാശി പിടിച്ചിരുന്നു ..
അമ്മുമ്മ ആയിരുന്നു എതിർത്തത്..
ഇനി വരുന്നവൻ ഈ കുഞ്ഞുങ്ങളെ നോക്കുമെന്നു ആർക്കറിയാം..?
നിന്റെ കുരുത്തക്കേടിന്റെ ഫലം അവർ അനുഭവിക്കാനോ..?

എന്റെ ജീവിതം ആണ് നശിക്കുന്നത്..!
ഇങ്ങനെ പറഞ്ഞു വലിയ വായിൽ അന്നൊക്കെ ‘അമ്മ കരയുമായിരുന്നു..

പിന്നെ ‘അമ്മ ക്രമേണ മറ്റൊരു ലോകത്തായി..പഠിക്കാൻ അതിസമർഥയായിരുന്ന ‘അമ്മ ഏതൊക്കെയോ കോഴ്സുകൾ ചെയ്തു…
ജോലി സമ്പാദിച്ചു..
അതോടെ പൂർണമായും മറ്റൊരു രീതി ആയി..
രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയാൽ ,
എപ്പോൾ വരുന്നു എന്നൊന്നും ആരും ചോദിക്കാനും പറയാനും പാടില്ല..
കുറെ ഏറെ കൂട്ടുകെട്ട്..

ആ കാലങ്ങളിൽ ‘അമ്മ എന്നാൽ എനിക്കൊരു അത്ഭുതജീവി മാത്രമാണ്..
അനിയൻ മറ്റൊരു സ്വഭാവക്കാരനാണ്..
അവന്റെ കുരുത്തക്കേടുകൾ കാണുമ്പോൾ..;
ആ നാശത്തിന്റെ വിത്തല്ലേ എന്ന് ‘അമ്മ അവജ്ഞയോടെ പറയും..
കുറെ കൂടി വലുതായി കൂട്ടുകാരോട് ഒത്തു അവരുടെ വീട്ടിലൊക്കെ പോയപ്പോൾ ആണ് ‘അമ്മ എന്താണെന്നൊക്കെ ഞാൻ അറിയുന്നത്..
അടുത്തിരുന്നു ഞങ്ങൾക്ക് ചോറ് വിളമ്പി തരുന്നത് ‘അമ്മ അല്ല..
അമ്മുമ്മ ആണ്..പനി വന്നാൽ , അപ്പൂപ്പനും അമ്മുമ്മയും അപ്പുറവും ഇപ്പുറവും ഇരുന്നു പൊന്നു പോലെ നോക്കും..പക്ഷെ ‘അമ്മ അതറിഞ്ഞതായി ഭവിക്കുക പോലുമില്ല..

സ്ത്രീയുടെ ,കഥകളൊക്കെ മറ്റൊരുതരത്തിലാണ് എന്നും ലോകത്തിനു മുന്നിൽ..
ഇതേ വരെ വേണ്ടും വിധം ചർച്ചചെയ്തിട്ടില്ലാത്ത പെണ്ണിന്റെ സത്വത്തിന്റെ പ്രതിബിംബങ്ങളും ജീവിതാശകലങ്ങളും ,
അതിന്റെ ഗഹനമായ അർഥതലങ്ങളും എന്നും പിരിമുറുക്കത്തിൽ തന്നെ ആണ്..

ഭൂരിപക്ഷം ചട്ടക്കൂട്ടിൽ ഒതുങ്ങുമ്പോൾ ,
ജീവിതത്തിന്റെ അനിഷ്‌ടകരമായ സംഭവങ്ങളിൽ പെട്ട് കിടക്കാൻ സൗകര്യമില്ല എന്ന് പറഞ്ഞു രക്ഷപെടാൻ ശ്രമം നടത്തുന്ന എത്ര സ്ത്രീകൾ…
അവർക്കു താൻ നിൽക്കുന്ന ലോകം അസഹനീയമാണ് , വെറുക്കത്തക്കതാണ്…!!.

അമ്മയുടെ അസ്‌പഷ്‌ടവും ദുരൂഹവുമായ ബന്ധങ്ങളെ അമ്മുമ്മ വിലക്കുന്നതും അതിന്റെ പേരിൽ അവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതും സാധാരണമായിരുന്നു.
.
മകൻ തന്നെ ആണ് അമ്മയുടെ കഥ പറയുന്നത്..
മക്കൾ എന്നത് അമ്മയുടെ ജീവിതത്തിന്റെ ശൂന്യഭാഗമാണ്..
അമ്മയ്ക്ക് വർഷങ്ങൾ ആയിട്ടുള്ള ഒരു ബന്ധം ആയിരുന്നു ആ വ്യക്തിയുമായി..
അമ്മയുമായിട്ടുള്ള ബന്ധം കാരണമാകാം ഭാര്യ പിണങ്ങി പോയി..
ഒരിക്കൽ അയാൾ വിവാഹാലോചന ആയി എത്തിയതും ആണ്..
അമ്മുമ്മ സമ്മതിച്ചില്ല..
ഇപ്പോൾ അയാൾ മറ്റൊരു വിവാഹം കഴിക്കാൻ ഒരുങ്ങുന്നു..
അവർ തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ആയി..
അമ്മയുടെ കുറെ ഏറെ സ്വർണ്ണവും കാശും അയാൾ തട്ടിയെടുത്തിട്ടുണ്ട്..!
വല്ലാത്ത അക്രമാസക്തയായി ‘അമ്മ..
കരഞ്ഞു നിലവിളിച്ചു , എല്ലാം എടുത്തെറിഞ്ഞു..
അമ്മയുടെ ജീവിതത്തെയും ജീവിതാനുഭവത്തെയും ദൂരെ മാറി നിന്ന് നോക്കുമ്പോൾ എനിക്ക് സങ്കടമുണ്ട്..

”അമ്മയോട് സത്യത്തിൽ ഒരു അനിയത്തിയോടോ ,
മകളോടോ തോന്നുന്ന വാത്സല്യമാണ് എനിക്കിപ്പോൾ…”

ജീവിതത്തിൽ കേട്ടിട്ടുള്ള ഏറ്റവും പുണ്യവും അലിവുമുള്ള ശബ്ദം അവന്റേതായിരുന്നു..
എത്ര സങ്കീർണ്ണവും ശ്രമകരവുമായ അവസ്ഥയാണ് ‘അമ്മ എന്ന സ്ത്രീയുടേത് എന്ന് അവൻ മനസ്സിലാക്കി..ജീവിതയാഥാർഥ്യത്തെ ഉൾക്കൊണ്ടു…!

എനിക്കൊരു കൂട്ടുകാരി ഉണ്ട്..
അവൾ പറയും , അച്ഛനോടൊത്തുള്ള അമ്മയുടെ ദാമ്പത്യം ഞാൻ പറയുമ്പോൾ ,
ഒരു സ്ത്രീയെ ഇങ്ങനെ ഒക്കെ മാറ്റി മറിച്ചിലില്ലേ അത്ഭുതമുള്ളു എന്ന്..!
അതെന്നെ ഒരുപാടു ചിന്തിപ്പിച്ചു..

അതിശയത്തോടെ ഞാൻ ആ പയ്യനെ നോക്കി ..
ഇനിയും കണ്ടിട്ടില്ലാത്ത , കാണാൻ കൊതിക്കുന്ന ഒരു പുരുഷമനസ്സ്….

നഷ്‌ടപ്പെട്ടത്‌ പൊയ്ക്കോട്ടേ…!
കാശും പണവും ഞാൻ ഉണ്ടാക്കും…
ഇനിയും നഷ്‌ടമാകാൻ ബാക്കിയുള്ളതിന്റെ വില അവനു നന്നായിട്ടറിയാം..
വിശ്വാസങ്ങളെ മറികടന്നു യുക്തിയെ ചേർത്ത് വെയ്ക്കുന്നു..

നമ്മളും നമ്മുക്കുള്ളവരും മാത്രമാണ് ശെരി എന്ന് ചിന്തിക്കുന്നത് കൊണ്ടാവുമോ ,
പലപ്പോഴും ബന്ധങ്ങളെ മടുക്കുന്നത് എന്ന് ഓർക്കാറുണ്ട്..
ഭീതിതമായ ഏകാന്തത , പലപ്പോഴും കുടുംബത്തിനുള്ളിലെ കരടാണ്..
ആടിയുലഞ്ഞു കൊണ്ടിരിക്കുന്ന സ്വന്തം മനസിനെ പിടിച്ചു വെയ്ക്കാൻ ,
തേടി പോകുന്ന വിവാഹേതര ബന്ധങ്ങൾ പിന്നെ അതിലേറെ പ്രശ്നം ഉണ്ടാക്കുന്നു..
വിഷാദരോഗത്തിന്റെ തടവറ അവിടെ ഒരുക്കുന്ന എത്രയോ പേര്..!

യാഥാർഥ്യത്തിന്റെ ആശങ്ക മിക്കപ്പോഴും മോഹഭംഗത്തിനും പിരിമുറുക്കത്തിനും ആക്കം കൂട്ടും..
വികാരങ്ങളുടെ ഉരുൾപൊട്ടലിൽ രോഗാവസ്ഥ സമീപത്താണ്…

ഒരാൾ ,ഒറ്റയൊരാൾ മനസിലാക്കുന്നു എന്നൊരു തോന്നൽ ഉണ്ടായാൽ തന്നെ ,
അവസാനിച്ചു എന്ന് കരുതുന്ന ജീവിതത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കാം..!

shortlink

Related Articles

Post Your Comments

Related Articles


Back to top button