Latest NewsNewsInternational

എയര്‍ ഹോസ്റ്റസ് കൊല്ലപ്പെട്ട വിമാനറാഞ്ചല്‍ : ഭീകരരുടെ പുതിയ രേഖാചിത്രം പുറത്തുവിട്ടു

വാഷിങ്ടണ്‍ : 1986ല്‍ ഇന്ത്യക്കാരിയായ എയര്‍ ഹോസ്റ്റസ് നീര്‍ജ ഭനോട്ട് ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ട കറാച്ചി വിമാനറാഞ്ചല്‍ കേസിലെ നാല് ഭീകരരുടെ ഏറ്റവും പുതിയ രേഖാചിത്രം അമേരിക്ക പുറത്തുവിട്ടു. അമേരിക്കന്‍ വിമാനക്കമ്പനിയായ പാന്‍ അമേരിക്കയിലെ ജീവനക്കാരിയായിരുന്നു നീര്‍ജ. പാന്‍ അമേരിക്കയുടെ 73-ാം നമ്പര്‍ വിമാനം പാകിസ്ഥാനിലെ കറാച്ചിയില്‍വച്ചാണ് ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. രണ്ട് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 20 പേരെ ഭീകരര്‍ വധിച്ചു.

യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് നീര്‍ജ ഭീകരരുടെ വെടിയേറ്റ് മരിച്ചത്. പ്രതികളുടെ പ്രായത്തിനനുസരിച്ച്‌ രൂപമാറ്റം വരുത്തിയതാണ് പുതിയ ചിത്രങ്ങള്‍. ഇവര്‍ അബു നിദാല്‍ ഓര്‍ഗനൈസേഷന്‍ എന്ന ഭീകരസംഘടനയിലെ അംഗങ്ങളാണെന്ന് കരുതുന്നു. 379 യാത്രക്കാരുണ്ടായിരുന്ന വിമാനത്തില്‍ നടന്ന ആക്രമണത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റു.

അമ്പത് ലക്ഷം ഡോളറാണ് (31 കോടിയിലേറെ രൂപ) പ്രതികളെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. 1987ല്‍ സര്‍ക്കാര്‍ നീര്‍ജയ്ക്ക് അശോകചക്ര പുരസ്കാരം മരണാനന്തര ബഹുമതിയായി നല്‍കി ആദരിച്ചിരുന്നു. വദൂദ് മുഹമ്മദ് ഹാഫിസ് അല്‍ തുര്‍ക്കി, ജമാല്‍ സയ്യിദ് അബ്ദുള്‍ റഹിം, മുഹമ്മദ് അബ്ദുള്ള ഖാലില്‍ അല്‍ റയാല്‍, മുഹമ്മദ് അഹമ്മദ് അല്‍ മുനാവര്‍ എന്നിവരുടെ ചിത്രങ്ങളാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐ പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button