ന്യൂഡല്‍ഹി : ലോകത്തില്‍ ഇന്ത്യന്‍ സേനയെ വെല്ലാന്‍ ആര്‍ക്കുമാകില്ല.ഏഴു ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരമുള്ള കൊടുമുടികള്‍ കീഴടക്കുന്ന ഇന്ത്യയിലെ ആദ്യ സൈനികവിഭാഗമെന്ന പെരുമ ഇനി വ്യോമസേനയ്ക്ക്. സേനയുടെ അഞ്ചംഗ പര്‍വതാരോഹക സംഘം അന്റാര്‍ട്ടിക്കന്‍ ഭൂഖണ്ഡത്തിലെ വിന്‍സണ്‍ കൊടുമുടി കഴിഞ്ഞദിവസം കീഴടക്കിയതോടെയാണ് ഇത്.
വ്യോമസേനയിലെ വിവിധ സംഘങ്ങള്‍ എവറസ്റ്റ് ഉള്‍പ്പെടെ ആറു ഭൂഖണ്ഡങ്ങളിലെയും കൊടുമുടികള്‍ മുന്‍വര്‍ഷങ്ങളില്‍ കീഴടക്കിയിരുന്നു. 4897 മീറ്റര്‍ ഉയരമുള്ള വിന്‍സണ്‍ കൊടുമുടി മാത്രമായിരുന്നു പട്ടികയില്‍ ബാക്കി. ക്യാപ്റ്റന്‍ ആര്‍.സി.ത്രിപാഠിയുടെ നേതൃത്വത്തില്‍ വിങ് കമാന്‍ഡന്‍ എസ്.എസ്.മല്ലിക്, സ്‌ക്വാഡ്രണ്‍ ലീഡര്‍ രാജേഷ് മൂഖി, സര്‍ജന്റ് ആര്‍.ഡി.കാലേ, കോര്‍പറല്‍ പവന്‍കുമാര്‍ എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.
മറ്റ് ആറു കൊടുമുടികള്‍ കീഴടക്കിയ സംഘത്തിലും ത്രിപാഠി അംഗമാണ്. വിന്‍സണ്‍ കൊടുമുടി കീഴടക്കി മടങ്ങിയെത്തിയ സംഘത്തെ വ്യോമസേനാ മേധാവി ബി.എസ്.ധനോവ സ്വീകരിച്ചു. 2005ല്‍ എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള ദൗത്യത്തിനിടെ കൊല്ലപ്പെട്ട സ്‌ക്വാഡ്രണ്‍ ലീഡര്‍ എസ്.എസ്.ചൈതന്യ, സര്‍ജന്റ് ശന്തനു എന്നിവര്‍ക്ക് ഈനേട്ടം സമര്‍പ്പിക്കുന്നതായി സംഘാംഗങ്ങള്‍ പറഞ്ഞു.
Post Your Comments