ഇടുക്കി : അടിയന്തരഘട്ടങ്ങളില്‍ ഹെലികോപ്ടര്‍ യാത്ര നടത്തേണ്ടിവരുമെന്നും അതിനുള്ള തുക ഏതു വകുപ്പില്‍നിന്നാണെന്ന് അന്വേഷിക്കാറില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രാച്ചെലവ് സര്‍ക്കാരാണു വഹിക്കുന്നത്. വാഹനം ഏതെന്നു നോക്കാറില്ല. ഇനിയും ഇത്തരം യാത്രകള്‍ വേണ്ടിവന്നാല്‍ ചെയ്യും. അതില്‍ അപാകതയില്ല.
മുന്‍മുഖ്യമന്ത്രി ഇടുക്കിയില്‍ ഹെലികോപ്ടറില്‍ എത്തിയതിന്റെ ചെലവ് ഏതു ഫണ്ടില്‍നിന്നാണ് എടുത്തതെന്ന് ഓര്‍ക്കുന്നത് നന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹെലികോപ്ടര്‍ യാത്രയ്ക്കു തുക ചെലവഴിച്ചതു ദുരന്തനിവാരണ ഫണ്ടില്‍നിന്നാണെന്ന് അറിഞ്ഞതോടെ അതു മടക്കിനല്‍കുകയും പൊതു ഫണ്ടില്‍ വകയിരുത്താന്‍ ഉദ്യോഗസ്ഥരോടു നിര്‍ദേശിക്കുകയും ചെയ്തു. ഓഖി ദുരന്തം വിലയിരുത്താന്‍ തിരുവനന്തപുരത്തെത്തിയ കേന്ദ്രസംഘത്തെ കാണാന്‍ വേഗമെത്താനാണു ഹെലികോപ്ടര്‍ ഉപയോഗിച്ചത്.
കേന്ദ്രസംഘത്തെ കണ്ടില്ലെങ്കില്‍ അത് അടുത്ത വിവാദമായേനേ. സി.പി.എം. ഇടുക്കി ജില്ലാസമ്മേളനത്തിന്റെ സമാപനോദ്ഘാടനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജയലളിതയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഗവര്‍ണറും താനും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ചെന്നൈക്കു പോയത് പ്രത്യേകവിമാനത്തിലാണ്. ചെലവ് ഏതു ഫണ്ടില്‍നിന്നാണ് എടുത്തതെന്നു തനിക്കറിയില്ല- പിണറായി പറഞ്ഞു.
Post Your Comments