അനിയന് വേണ്ടി കഴിഞ്ഞ 700 ദിവസമായി സമരം ചെയ്യുന്ന ചേട്ടന്. സ്വന്തം അനിയന് ജയിലറയില്‍ കിടന്ന് മരിച്ചതിലെ ദുരൂഹതകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സെക്രട്ടേറിയേറ്റിന്റെ പടിക്കല്‍ കഴിഞ്ഞ രണ്ടോളം വര്‍ഷമായി സമരം ചെയ്യുന്നത്. ഈ വിഷയം ചൂണ്ടികാട്ടിയത് ‘Human Being-മനുഷ്യന്’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പാണ്. ഈ ഫേസ്ബുക്ക് ഗ്രൂപ്പിലെ ശ്രീജിത്തിന്റെ സമരത്തെ കുറിച്ചുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ‘#JusticeDelayedIsJusticedenied’ എന്ന ഹാഷ്ടാഗോടെയാണ് ഗ്രൂപ്പില്‍ ഈ പോസ്റ്റ് നല്‍കിയിരിക്കുന്നത്.
പാറശ്ശാല പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവത്തില്‍ യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു . 2014 മെയ് 19ന് തിരുവനന്തപുരം പാറശാല പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിന് ക്രൂരമായ പീഡനം ഏറ്റിട്ടുണ്ടെന്നും ശരീരം മുഴുവന്‍ ക്ഷതം ഏറ്റതായും പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പൊലീസ് സ്റ്റേഷനില്‍ വെച്ച് ശ്രീജിവ് വിഷം കഴിച്ചതാണ് മരണകാരണമെന്ന പൊലീസിന്റെ വാദം അതോറിറ്റി തള്ളി. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ സഹായങ്ങളും ലഭിക്കാതെ വന്നപ്പോളാണ് ചേട്ടന് ശ്രീജിത്ത് സെക്രട്ടേറിയേറ്റിന്റെ പടിക്കല്‍ സമരം ആരംഭിച്ചത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇതിനെ കുറിച്ച് പ്രത്യേകസംഘം അന്വേഷിക്കണമെന്നുമായിരുന്നു അതോറിറ്റി ഉത്തരവിട്ടിരുന്നു. ഇതുകൂടാതെ ശ്രീജിവിന്റെ അമ്മയ്ക്ക് 10 ലക്ഷം നല്‍കണം .ഈ തുക കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചിരുന്നു.അതോറിറ്റിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായി അംഗീകരിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തിയാണ് അന്വേഷണം.
Post Your Comments