ദുബായ്: യു.എ.ഇ.യില്‍ തൊഴില്‍വിസ ലഭിക്കാന്‍ സ്വഭാവസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. തൊഴില്‍വിസയ്ക്ക് അപേക്ഷിക്കുന്ന എല്ലാ വിദേശികള്‍ക്കും ഇത് ബാധകമാണ്. ഫെബ്രുവരി നാലുമുതല്‍ പുതിയ തീരുമാനം പ്രാബല്യത്തിലാകുമെന്ന് ഉന്നതതലസമിതി വ്യക്തമാക്കി.
അപേക്ഷകന്റെ സ്വന്തം രാജ്യത്തുനിന്നോ അല്ലെങ്കില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി താമസിക്കുന്ന രാജ്യത്തുനിന്നോ ആണ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. അതത് രാജ്യത്തെ ബന്ധപ്പെട്ട മന്ത്രാലയവും യു.എ.ഇ. വിദേശകാര്യ-അന്താരാഷ്ട്ര സഹകരണമന്ത്രാലയവും സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുകയും വേണം.
തൊഴില്‍വിസയ്ക്ക് അപേക്ഷിക്കുന്നയാള്‍ക്ക് മാത്രമേ സ്വഭാവസര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളൂ. അപേക്ഷകരുടെ ആശ്രിതര്‍ക്ക് ഇത് ബാധകമല്ല. സന്ദര്‍ശകവിസയിലും വിനോദസഞ്ചാരവിസയിലും രാജ്യത്തെത്തുന്നവര്‍ക്കും സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.
യു.എ.ഇ.യിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട ഉന്നതതല സമിതിയാണ് തീരുമാനം പ്രഖ്യാപിച്ചത്. സുരക്ഷിതവും സുസ്ഥിരവുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ് ഈ നടപടിയെന്ന് സമിതി വ്യക്തമാക്കി. യു.എ.ഇ.യെ ലോകത്ത് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാക്കി തീര്‍ക്കുകയാണ് ഉദ്ദേശ്യമെന്നും സമിതി അറിയിച്ചു.
Post Your Comments