KeralaLatest NewsNews

കിണറിനുള്ളില്‍ നിന്ന് പുകയും വെള്ളം തിളച്ചുമറിയുന്ന ശബ്ദവും; പൈപ്പിനു മുകളില്‍ ലൈറ്റര്‍ കത്തിച്ചപ്പോള്‍ തീ ആളിക്കത്തി: അമ്പരപ്പ് വിട്ടുമാറാതെ തൊഴിലാളികള്‍

തൃശൂര്‍: ഇതുവരെ അമ്പരപ്പ് വിട്ടുമാറാതെയിരിക്കുകയാണ് കൊടുങ്ങല്ലൂരിലെ കിണര്‍ തൊഴിലാളികളായ സഞ്ജുവും അക്ഷയും. കാരണം അത്തരത്തിലൊരു അനുഭവമാണ്. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂര്‍ മാടവന അത്താണി പണിക്കന്‍പടിക്കു വടക്ക് വള്ളോംപറമ്പത്ത് പണിക്കശേരി ഗോപിയുടെ വീട്ടില്‍ സംഭവിച്ചത്. പതുവുപോലെ പണിക്കെത്തിയ സഞ്ജുവും അക്ഷയും രാവിലെ ഒന്‍പതോടെ കുഴല്‍ക്കിണര്‍ കുഴിക്കുന്നതിനിടെയാണ് കിണറിനുള്ളില്‍ നിന്ന് പുകയും വെള്ളം തിളച്ചുമറിയുന്ന ശബ്ദവും കണ്ട് ഞെട്ടിയത്. തുടര്‍ന്ന് പൈപ്പിനു മുകളില്‍ ലൈറ്റര്‍ കത്തിച്ചപ്പോള്‍ ഒരു മീറ്റര്‍ ഉയരത്തില്‍ തീ ആളിക്കത്തുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി.

കുഴല്‍ ഇറക്കി നാലു മീറ്റര്‍ താഴ്ത്തിയതോടെ താഴെനിന്നു വെള്ളം തിളച്ച് മറിയുന്ന ശബ്ദം കേള്‍ക്കാനാരംഭിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഇതിനകത്തുനിന്നു പുക ഉയരുകയും ചെയ്തു. ഇതു കണ്ട തൊഴിലാളികള്‍ പൈപ്പിനു മുകളില്‍ ലൈറ്റര്‍ കത്തിച്ചു കാണിച്ചതോടെ തീ ആളിപ്പടരുകയായിരുന്നു. ഒരു മീറ്റര്‍ ഉയരത്തില്‍ ആളിക്കത്തിയ തീ ബക്കറ്റില്‍ വെള്ളമെടുത്ത് കെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്.

ഗോപിയുടെ വീട്ടില്‍ നേരത്തെയുള്ള കുഴല്‍ക്കിണറിലെ വെള്ളത്തിന് ഒരാഴ്ചയായി നിറ വ്യത്യാസവും രുചി വ്യത്യാസവും അനുഭവപ്പെടുന്നതോടെയാണ് പുതിയ കുഴല്‍ക്കിണര്‍ കുഴിക്കാന്‍ തീരുമാനിച്ചത്. ഇതുകൂടാതെ സമീപത്തെ മറ്റു വീടുകളിലും വെള്ളത്തിനു കറുപ്പ് നിറവും രുചിവ്യത്യാസവും അനുഭവപ്പെടുന്നുണ്ട്.

ഭൂഗര്‍ഭ ജല അതോറിറ്റിയുടെ കീഴില്‍ കുഴല്‍ കിണറിലെ ജലം പരിശോധിച്ച ശേഷം മാത്രമേ ഈ പ്രതിഭാസത്തിന്റെ കാരണം പറയാന്‍ കഴിയൂ എന്ന് തഹസില്‍ദാര്‍ ജെസി സേവ്യര്‍ പറഞ്ഞു. കടലില്‍നിന്നു നാലു കിലോമീറ്റര്‍ ദൂരത്താണ് ഈ പ്രദേശം. കഴിഞ്ഞ ദിവസങ്ങളില്‍ കടലിലുണ്ടായിട്ടുള്ള അന്തര്‍ ചലനങ്ങള്‍ ഇതിനു കാരണമായിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ടെന്നു തഹസില്‍ദാര്‍ പറഞ്ഞു.

 

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button