Latest NewsNewsInternational

ആഘോഷങ്ങളില്ലാതെ കിം ജോങ് ഉന്നിന് ഇന്ന് ജൻമദിനം : ലോകത്തെ വിറപ്പിച്ച രാജ്യം ക്ഷീണിച്ച് തുടങ്ങിയതായി റിപ്പോര്‍ട്ട്‌

സോള്‍: അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങളുടെ എതിര്‍പ്പുകള്‍ അവഗണിച്ച് തുടര്‍ച്ചയായി ആണവായുധ പരീക്ഷണങ്ങളുമായി മുന്നോട്ടു നീങ്ങിയ രാജ്യം ക്ഷീണിച്ച് തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ദക്ഷിണകൊറിയയും, അമേരിക്കയുമായുള്ള ചര്‍ച്ചയ്ക്കും ഉത്തരകൊറിയ സമ്മതം അറിയിച്ചിരുന്നു. കല്‍ക്കരി കയറ്റുമതി കുറഞ്ഞതോടെ രാജ്യത്തെ തൊഴിലാളികള്‍ക്ക് കൂട്ടമായി തൊഴില്‍ നഷ്ടമാകുന്ന അവസ്ഥ ഉണ്ടാകുന്നതായും, ഇതോടെ ഏകാധിപതിക്ക് സ്വരാജ്യത്ത് പ്രീതി ഇടിയുന്നതായും സൂചനകളുണ്ട്.

ഉത്തരകൊറിയയുടെ ഈ വര്‍ഷത്തെ ഔദ്യോഗിക കലണ്ടറിലും കിം ജോങ് ഉന്നിന്റെ ജന്മദിനം രേഖപ്പെടുത്തിയിട്ടില്ലെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ 34-ാം ജന്മദിനത്തിലെ ആഘോഷ പരിപാടികള്‍ ഒഴിവാക്കിയതാണ് രാജ്യത്തിന്റെ ക്ഷീണം ബലപ്പെടുത്തുന്ന തെളിവ്. ജോലി നഷ്ടമാകുകയും, രാജ്യം പട്ടിണിയിലേയ്ക്ക് കൂപ്പുകുത്തുകയും ചെയ്യുമ്പോള്‍ രാജ്യത്ത് ജന്മദിനത്തിന് പൊതു അവധി പ്രഖ്യാപിച്ച് ആഘോഷങ്ങളിലേയ്ക്ക് നീങ്ങിയാല്‍ ജനം എതിരാകുമെന്ന കണ്ടെത്തലിലാണ് ആഘോഷം ഉപേക്ഷിച്ചതെന്നും സൂചനകള്‍ ശക്തമാകുന്നു.

കിമ്മിന്റെ പിതാവ് കിം ജോങ് ഇല്ലിന്റെയും, മുത്തശ്ഛന്‍ കിം ഇല്‍ സിങ്ങിന്റെയും ജന്മദിനങ്ങള്‍ അവധി ദിനങ്ങളായിരുന്നു. തുടര്‍ച്ചയായ ആണവ പരീക്ഷങ്ങള്‍ കൊണ്ട് ഐക്യരാഷ്ട്ര സംഘടനയും, ലോക രാഷ്ട്രങ്ങളും ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധങ്ങള്‍ രാജ്യത്തെ ബാധിച്ചു തുടങ്ങിയെന്നാണ് സൂചനകള്‍. ഇതേതുടര്‍ന്നാണ് ആഘോഷ പരിപാടികളില്‍ നിന്ന് ഏകാധിപതി പിന്മാറിയതെന്നും സംശയം ബലപ്പെടുന്നു. അതേസമയം, കടുത്ത നിലപാടുകളില്‍ നിന്ന് ഉത്തരകൊറിയ അയഞ്ഞു തുടങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button