ആലപ്പുഴ : എയര്‍ കേരള പദ്ധതി ഉപേക്ഷിക്കുന്നു. പ്രവാസി മലയാളികളുടെ വിമാനയാത്രച്ചെലവ് ചുരുക്കുന്നതിനും യാത്ര സുഗമമാക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് എയർ കേരള. പദ്ധതി നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം നടപ്പാക്കാനാകില്ലെന്നും പുനഃപരിശോധിക്കേണ്ടിവരുമെന്നുമാണ് ഗതാഗതവകുപ്പിന്റെ വിശദീകരണം.
എയര്‍ കേരള പദ്ധതിക്കായി നടപടികള്‍ തുടങ്ങിയത് 2006 ഫെബ്രുവരിയിലാണ്. കമ്പനി സിയാല്‍ മാതൃകയില്‍ തുടങ്ങാനായിരുന്നു തീരുമാനം. എയര്‍ കേരള ലിമിറ്റഡ് എന്ന പ്രത്യേക കമ്പനിയും ഇതിനായി തുടങ്ങി. പ്രവാസികളുടെ നിക്ഷേപംകൂടി സ്വീകരിച്ച് തുടങ്ങാനിരുന്ന പദ്ധതിക്കായി സിയാലിന്റെ നേതൃത്വത്തില്‍ സാധ്യതാ പഠനവും നടത്തി.
അതേസമയം, അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ തുടങ്ങുന്നതിന് 20 വിമാനങ്ങളോ അല്ലെങ്കില്‍ മൊത്തം സീറ്റുകളുടെ 20 ശതമാനമോ ആഭ്യന്തര സര്‍വീസിനായി മാറ്റിവെക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ വ്യോമയാന നയം പറയുന്നത്. ആഭ്യന്തര സര്‍വീസില്‍ അഞ്ചുവര്‍ഷത്തെ വിമാനഗതാഗത പരിചയം എന്ന പഴയ നിബന്ധന മാറ്റിയിരുന്നു. പദ്ധതിക്കുള്ള പ്രധാന തടസ്സം ഇതാണ്. ഇതുകാരണം എയര്‍ കേരളയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെയും മറ്റുവകുപ്പുകളുടെയും ഭരണാനുമതികളും സാങ്കേതികാനുമതികളും ലഭിച്ചിട്ടില്ല. തുടക്കത്തില്‍ വിമാനങ്ങള്‍ വാടകയ്ക്കെടുത്ത് സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും നഷ്ടംപേടിച്ച് ഇത് ഉപേക്ഷിച്ചു.
Post Your Comments