ഏറ്റുമാനൂര്‍: ഒളിച്ചോടിയ വിദ്യാര്‍ഥികള്‍ പോലീസും ആര്‍പിഎഫും ചേര്‍ന്നൊരുക്കിയ വലയില്‍ കുരുങ്ങി. കഴിഞ്ഞ ദിവസം കാണാതായ നീണ്ടൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ മുംബൈയില്‍ ആര്‍പിഎഫ് പിടികൂടി. നീണ്ടൂര്‍, കല്ലറ സ്വദേശികളായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ഥികളെയാണ് കഴിഞ്ഞ ദിവസം കാണാതായത്. കുട്ടികളെ കാണുന്നില്ലെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ ഹിമാലയത്തിലേക്ക് യാത്ര ചെയ്യണമെന്ന് പറഞ്ഞിരുന്നതായറിഞ്ഞു. ഇതേത്തുടര്‍ന്ന് ഏറ്റുമാനൂര്‍ സിഐ എ.ജെ. തോമസിന്റെ നേതൃത്വത്തില്‍ പോലീസ് കുട്ടികളുടെ ഫോട്ടോ സഹിതം ആര്‍പിഎഫിനും പോലീസിനും വിവരം വാട്‌സാപ് ഗ്രൂപ്പിലൂടെ കൈമാറി.
ജയന്തി ജനത എക്‌സ്പ്രസ് എത്തിയ സമയം കുട്ടികള്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായതോടെ ആര്‍പിഎഫിന് വിവരം കൈമാറി. ജയന്തി ജനത മുംബൈയില്‍ എത്തിയപ്പോള്‍ കുട്ടികള്‍ നേരേ പോലീസിന്റെ മുമ്പിലാണ് ചെന്നുപെട്ടത്.
കുട്ടികളില്‍ ഒരാളുടെ കൈവശം സ്വകാര്യ സമ്പാദ്യമായി 3000 രൂപ ഉണ്ടായിരുന്നു. ഇതിനൊപ്പം വീട്ടില്‍നിന്നും 2000 രൂപ കൂടി മോഷ്ടിച്ചു. രണ്ടാമത്തെയാളുടെ കൈയില്‍ പണമൊന്നും ഉണ്ടായിരുന്നില്ല. പോലീസിന്റെയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെയും ജാഗ്രതയില്‍ കുട്ടികളെ വീണ്ടുകിട്ടിയ ആശ്വാസത്തിലാണ് എല്ലാവരും.
Post Your Comments