KeralaLatest NewsNews

ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി എന്ന വിമര്‍ശനം പിന്‍വലിക്കാതെ വിടി ബല്‍റാം : കടന്നാക്രമിച്ച് സിപിഎം സൈബർ സംഘം

കോഴിക്കോട്: കമ്യൂണിസ്റ്റ് നേതാവ് എ.കെ ഗോപാലാന്‍ ബാലപീഡനം നടത്തിയെന്ന് പറഞ്ഞ വി.ടി ബല്‍റാം എംഎ‍ല്‍എ. മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് സിപിഎം സൈബര്‍ പോരാളികള്‍. എന്നാല്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വിടി ബല്‍റാമും. ‘ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി’:എന്നാണ് ബല്‍റാമിന്റെ പക്ഷം. ‘ വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തോടൊപ്പം വളര്‍ന്നു വരുന്ന സുശീലയും എന്നില്‍ മോഹങ്ങള്‍ അങ്കുരിപ്പിച്ചു’. ഈ വാക്കുകള്‍ ഫയറിലോ മുത്തുച്ചിപ്പിയിലോ സോളാര്‍ റിപ്പോര്‍ട്ടിലോ അല്ല, പത്ത് നാല്‍പ്പത് വയസ്സുള്ള, വിവാഹിതനായ, ഒരു വിപ്ലവ നേതാവ് ഒളിവുജീവിതകാലത്ത് അഭയം നല്‍കിയ വീട്ടിലെ പന്ത്രണ്ട് വയസ്സുകാരിയായ ബാലികയെക്കുറിച്ച്‌ പറഞ്ഞതാണ്-ബല്‍റാം പറയുന്നു.

പിണറായി വിജയന്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ്ങ് ഉന്നിന് പിന്തുണ നല്‍കിയതായുള്ള വാര്‍ത്തയെ അടിസ്ഥാനപ്പെടുത്തി ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പിലാണ് ബല്‍റാം വിവാദ കമന്റുകളിട്ടത്. ഗ്രൂപ്പംഗങ്ങള്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ബല്‍റാം ‘ഇങ്ങനെ ഇവരുടെ വിവരക്കേടും കയ്യിലിരിപ്പും കാരണം കേരളത്തിനുണ്ടാകുന്ന ചീത്തപ്പേര് മാറ്റാന്‍ കേരളം ആയുര്‍ദൈര്‍ഘ്യത്തിലും സാക്ഷരതയിലുമൊക്കെ നമ്പര്‍ വണ്‍ ആണെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം മുടക്കി രാജ്യമൊട്ടുക്ക് പരസ്യം കൊടുക്കേണ്ടിവരുന്നതാണ് ഏറ്റവും കഷ്ടം’ എന്ന കമന്റുമായി രംഗത്തെത്തിയത്.

‘എന്നാലിനി ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി മുതല്‍ ഒളിവുകാലത്ത് അഭയം നല്‍കിയ വീടുകളില്‍ നടത്തിയ വിപ്ലവപ്രവര്‍ത്തനങ്ങള്‍ വരെയുള്ളതിന്റെ വിശദാംശങ്ങള്‍ ഉമ്മര്‍ ഫാറൂഖ് തന്നെ നല്‍കുന്നതായിരിക്കും’ എന്നാണ് ബല്‍റാം കമന്റിട്ടിരിക്കുന്നത്.പത്ത് നാല്‍പ്പത് വയസ്സുള്ള, വിവാഹിതനായ, ഒരു വിപ്ലവ നേതാവ് ഒളിവുജീവിതകാലത്ത് അഭയം നല്‍കിയ വീട്ടിലെ പന്ത്രണ്ട് വയസ്സുകാരിയായ ബാലികയെക്കുറിച്ച്‌ പറഞ്ഞതാണ്. അവരെ ദൈവങ്ങളാക്കിക്കൊണ്ടു നടക്കുന്നവരില്‍ നിന്ന് നിലവാരത്തിന്റെ ക്ലാസ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല’ എന്നും ബൽറാം പറഞ്ഞു.

’14 വയസ്സുള്ള മോഹന്‍ദാസ് എന്ന ബാലന്‍ ഏതാണ്ട് സമാനപ്രായക്കാരിയായ കസ്തൂര്‍ബയെ അന്നത്തെ നാട്ടാചാരപ്രകാരം വിവാഹം ചെയ്യുന്നത് പോലെയല്ല നാല്‍പ്പത് കഴിഞ്ഞ വിവാഹിതനായ ഒരാള്‍ അഭയം നല്‍കിയ വീട്ടിലെ പന്ത്രണ്ട് വയസ്സായ ഒരു ബാലികയുമായി ബന്ധം സ്ഥാപിക്കാന്‍ മുതിരുന്നത്. നാട്ടിലെ അനാചാരങ്ങളും പീഡോഫീലിയയും തമ്മിലുള്ള വ്യത്യാസം അന്തം കമ്മികള്‍ക്കല്ലാത്ത ബാക്കിയുള്ളവര്‍ക്ക് മനസ്സിലാവും’ എന്നും കമന്റ് ഇട്ടു. തന്നെ ആക്രമിക്കുന്നവര്‍ക്ക് ചരിത്ര രേഖകള്‍ സഹിതം മറുപടി പറയുകയാണ് ബല്‍റാം ചെയ്തത്.

ബല്‍റാമിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

ആദ്യത്തേത് ‘പോരാട്ടകാലങ്ങളിലെ പ്രണയം’ എന്ന തലക്കെട്ടോടുകൂടി ദ് ഹിന്ദു ദിനപത്രം 2001 ഡിസബര്‍ 20ന് പ്രസിദ്ധീകരിച്ച വാര്‍ത്ത. ‘ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ്’ എകെ ഗോപാലന്‍ എന്ന മധ്യവയസ്കനായ വിപ്ലവകാരി സുശീലയെ വിവാഹം കഴിച്ചതെന്ന് ആ വാര്‍ത്തയില്‍ ഹിന്ദു ലേഖകന്‍ കൃത്യമായി പറയുന്നു. നമുക്കറിയാവുന്ന ചരിത്രമനുസരിച്ചാണെങ്കില്‍ വിവാഹസമയത്ത് സുശീലയുടെ പ്രായം 22 വയസ്സ്. ആ നിലക്ക് പത്ത് വര്‍ഷത്തോളം നീണ്ട പ്രണയാരംഭത്തില്‍ അവര്‍ക്ക് എത്ര വയസ്സുണ്ടായിരിക്കുമെന്ന് കണക്കുകൂട്ടാവുന്നള്ളൂ. 1940കളുടെ തുടക്കത്തില്‍ സുശീലയുടെ വീട്ടില്‍ എകെജി ഒളിവില്‍ കഴിഞ്ഞപ്പോഴാണ് അവര്‍ ആദ്യം കാണുന്നതെന്നും അടുപ്പമുണ്ടാക്കിയതെന്നും വാര്‍ത്തയില്‍ പറയുന്നു. 1929 ഡിസംബറില്‍ ജനിച്ച സുശീലക്ക് 1940ന്റെ തുടക്കത്തില്‍ പത്തോ പതിനൊന്നോ വയസ്സേ ഉണ്ടാകുകയുള്ളൂ എന്നും വ്യക്തം.

രണ്ടാമത്തെയും മൂന്നാമത്തേയും ചിത്രങ്ങള്‍ സാക്ഷാല്‍ എകെ ഗോപാലന്റെ ആത്മകഥയില്‍ നിന്ന്. ഒളിവില്‍ കഴിയുന്ന കാലത്ത് അഭയം നല്‍കിയ വീട്ടിലെ സ്കൂള്‍ വിദ്യാര്‍ത്ഥിനി ആയിരുന്ന കുസൃതിക്കുട്ടിയുമായുള്ള സഹവാസവും ആ കൊച്ചുകുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന കാര്യത്തില്‍ ആദ്യം തോന്നിയ കുറ്റബോധവും പിന്നെ അതിനെ മറികടന്നതുമൊക്കെ എകെജിയുടെ തന്നെ വാക്കുകളില്‍ സ്പഷ്ടമായി വിരിഞ്ഞുവരുന്നുണ്ട്. ഒളിവുജീവിതത്തിനുശേഷം പിടിക്കപ്പെട്ട് അദ്ദേഹം ജയിലില്‍ കഴിയുന്ന കാലത്ത് പുറത്ത് പ്രണയാര്‍ദ്രമായ മനസ്സുമായി കാത്തിരുന്ന സുശീലയെക്കുറിച്ചും അദ്ദേഹം തന്നെ മനസ്സുതുറക്കുന്നു. ജയിലില്‍ നിന്ന് പുറത്തുകടന്നാലുടന്‍ വിവാഹിതരാകാന്‍ അവര്‍ തീരുമാനിക്കുന്നു. അങ്ങനെ ജയില്‍മോചിതനായ ശേഷം ആദ്യഭാര്യ ജീവിച്ചിരിക്കേത്തന്നെ എകെജിയുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു. പ്രസ്ഥാനത്തോടും അതിന്റെ അതികായനായ നേതാവിനോടും ഒരു കൊച്ചുകുട്ടിക്ക് തോന്നുന്ന ആരാധനയും തിരിച്ച്‌ നേതാവിന് മൈനറായ കുട്ടിയോട് തോന്നുന്ന ‘മമത’യും ആത്മകഥയില്‍നിന്ന് നമുക്ക് വായിച്ചെടുക്കാം.

എകെജി പലര്‍ക്കും വിഗ്രഹമായിരിക്കാം. അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനത്തേയും പാര്‍ലമെന്ററി പ്രവര്‍ത്തനത്തേയും കുറിച്ച്‌ ഏവര്‍ക്കും മതിപ്പുമുണ്ട്. എന്നുവെച്ച്‌ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തേക്കുറിച്ച്‌ പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരങ്ങള്‍ ആരും ആവര്‍ത്തിക്കരുത് എന്ന് ഭക്തന്മാര്‍ വാശിപിടിച്ചാല്‍ അത് എപ്പോഴും നടന്നു എന്ന് വരില്ല. മുന്‍പൊരിക്കല്‍ അഭിപ്രായം പറഞ്ഞ എഴുത്തുകാരന്‍ സക്കറിയയെ കായികമായി ആക്രമിച്ച്‌ നിശബ്ദനാക്കിയെന്ന് വച്ച്‌ അത്തരം അസഹിഷ്ണുത എപ്പോഴും വിജയിക്കില്ല.
#പറയേണ്ടത്_പറഞ്ഞിട്ടേ_പോകുന്നുള്ളൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button