Latest NewsKeralaNews

ആലപ്പുഴയെ ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരമാക്കാൻ പദ്ധതി

എന്തുകൊണ്ട് ആലപ്പുഴയ്ക്ക് ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരമായിക്കൂടാ? ഖരമാലിന്യ സംസ്കരണ സമ്പ്രദായത്തിന്റെ അടിസ്ഥാനത്തിൽ യു.എൻ.ഇ.പി ആലപ്പുഴയെ ലോകത്തെ ഏറ്റവും നല്ല അഞ്ചു നഗരങ്ങളിൽ ഒന്നായി തെരഞ്ഞെടുത്തത് ഏതാനും മാസങ്ങൾക്കു മുമ്പാണ്. രണ്ടു വർഷം മുമ്പ് ഡോ. സുനിത നാരായണന്റെ സെന്റർ ഫോർ സയൻസ് ആന്റ് എൻവയോൺമെന്റ് ആലപ്പുഴയെ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമായി തെരഞ്ഞെടുക്കുയുണ്ടായി. പക്ഷെ ഇതിനു രണ്ടിനും ഇടയിൽ സ്വച്ഛ്ഭാരത് മിഷൻ നടത്തിയ സ്വച്ഛ് സർവ്വേഷൻ സർവ്വേയിൽ ആലപ്പുഴയുടെ സ്ഥാനം ഇന്ത്യയിൽ 380 ആയിരുന്നു. എന്തുകൊണ്ട് ആലപ്പുഴ പിന്നോക്കം പോയി?

സ്വച്ഛ് ഭാരത് മിഷന് ആലപ്പുഴയോടുള്ള വിവേചനം കൊണ്ടല്ല. മറിച്ച്, അവർ നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങളിൽ ചിലത് ആലപ്പുഴ മാതൃകയിൽ പ്രസക്തമായിരുന്നില്ല. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട് ഡോ. സുനിത നാരായണൻ ദേശീയതലത്തിൽ തന്നെ വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഉദാഹരണത്തിന് സ്വച്ഛ്ഭാരത് ഏറ്റവും കൂടുതൽ മാർക്ക് നൽകിയത് വീടുവീടാന്തരമുള്ള മാലിന്യ ശേഖരണത്തിനാണ്. അതേസമയം ആലപ്പുഴയിലെ മാലിന്യസംസ്കരണ ദർശനം “എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വ”മാണെന്ന ആപ്തവാക്യമാണ്. എല്ലാവരും അവരവരുടെ വീടുകളിൽ മാലിന്യം തരംതിരിക്കുകയും ജൈവമാലിന്യം വീടുകളിൽതന്നെ സംസ്കരിക്കുകയും വേണം. ഏതെങ്കിലും കാരണവശാൽ സംസ്കരിക്കാൻ താൽപ്പര്യമില്ലാത്തവരോ കഴിയാത്തവരോ ആണെങ്കിൽ മാലിന്യം വേർതിരിച്ച് മുനിസിപ്പാലിറ്റി ഏർപ്പെടുത്തിയിരിക്കുന്ന എയ്റോബിക് കേന്ദ്രങ്ങളിൽ നേരിട്ട് എത്തിക്കണം. ഈ കേന്ദ്രങ്ങളിൽ തന്നെ പ്ലാസ്റ്റിക് മാലിന്യങ്ങളും കൈമാറാം. അതുകൊണ്ട് കഴിഞ്ഞ സർവ്വേയിൽ ആലപ്പുഴയ്ക്ക് വീടുവീടാന്തരമുള്ള മാലിന്യശേഖരണത്തിന്റെ കാര്യത്തിൽ പൂജ്യം മാർക്കാണ് കിട്ടിയത്.

എന്നാൽ ഹരിതമിഷന്റെ ഭാഗമായി എല്ലായിടത്തും ഹരിത കർമ്മസേന രൂപീകരിക്കണമെന്നു തീരുമാനിച്ചു. ആലപ്പുഴ നഗരത്തിലും രൂപീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണ്. ആലപ്പുഴയിൽ
ഒരിക്കലും ജൈവമാലിന്യങ്ങൾ വീടുകളിൽ നിന്നും ശേഖരിക്കില്ല. എന്നാൽ വൃത്തിയാക്കിയ അജൈവമാലിന്യങ്ങൾ വീടുകളിൽ നിന്നും ശേഖരിക്കും. ഏതാനും ദിവസംകൊണ്ട് ഹരിതകർമ്മസേന സജീവമാകുന്നതോടെ ആലപ്പുഴയ്ക്ക് ഇക്കാര്യത്തിൽ പൂർണ്ണ മാർക്ക് കിട്ടും.

അതുപോലെ കഴിഞ്ഞ സർവ്വേകാലത്ത് പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് കേന്ദ്രം ഉണ്ടായിരുന്നില്ല. ഇപ്പോൾ നഗരത്തിൽ ലഭിക്കുന്ന പ്ലാസ്റ്റിക്കുകൾ ഷ്രെഡ്ഡ് ചെയ്യുവാനുള്ള സംവിധാനം ഉണ്ട്. അതുപോലെ ശുചിത്വബോധ പ്രചാരണം ഒരു പ്രധാനപ്പെട്ട ഘടകമാണ്. നിർമ്മലഭവനം നിർമ്മലനഗരം പദ്ധതിക്കാലത്ത് ആലപ്പുഴയിൽ നടന്നതുപോലെ തീവ്രപ്രചാരണ പരിപാടികൾ സംഘടിച്ച മറ്റൊരു നഗരം ഉണ്ടാവില്ല. എന്നാൽ സർവ്വേഷൻ സംഘം വന്നസമയം ആലപ്പുഴയിൽ ബോർഡും ബാനറൊന്നും കണ്ടില്ല. ഇങ്ങനെ ഒട്ടനവധി ചില്ലറ കാര്യങ്ങൾ.

അതേസമയം, ഉറവിടത്തിൽ മാലിന്യം സംസ്കരിക്കുന്നതിന് അന്ന് പ്രത്യേകിച്ച് മാർക്കൊന്നും നൽകിയിരുന്നില്ല. എന്നാൽ ഇക്കാര്യങ്ങളിൽ കേന്ദ്രസർക്കാരിന്റെ നിലപാടുകളിൽ മാറ്റം വന്നിട്ടുണ്ടെന്ന് സ്വച്ഛ് സർവ്വേഷന്റെ മാനദണ്ഡം നോക്കിയാൽ മനസിലാകും. നേരത്തെ 1800 മാർക്കിൽ 600 മാർക്കായിരുന്നു വീടുവീടാന്തര ശേഖരണത്തിന്. ഇപ്പോൾ 42 മാർക്കേയുള്ളൂ. മാത്രമല്ല, ആലപ്പുഴ മാതൃകയെക്കുറിച്ച് നേരിട്ടും അല്ലാതെയും കേന്ദ്രസർക്കാർ ഏജൻസികൾ താൽപ്പര്യം പ്രകടിപ്പിച്ചതായി അറിയാം. എന്തിന് പ്രധാനമന്ത്രി തന്നെ സ്വച്ഛ്ഭാരത് മിഷൻ പ്രസംഗത്തിൽ ആലപ്പുഴയെ പരാമർശിച്ചു. ഈ പശ്ചാത്തലത്തിൽ ആലപ്പുഴ നിവാസികളും മുനിസിപ്പാലിറ്റിയും ജില്ലാ ഭരണകൂടവും ഒത്തൊരുമിച്ചു പ്രവർത്തിക്കുകയാണെങ്കിൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയും വെടിപ്പുമുള്ള നഗരത്തിന്റെ പട്ടികയിൽ നമുക്ക് ഒന്നാമതാകാം.

ഇതിന് എന്തു ചെയ്യണം? ജില്ലാ കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ ഇതിനൊരു കർമ്മപരിപാടി തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ ഉദ്യോഗസ്ഥർ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഞാൻ പ്രതിപാദിക്കുന്നില്ല. പക്ഷെ ബഹുജനങ്ങൾക്കാണ് ഏറ്റവും വലിയ പങ്കുവഹിക്കാനുള്ളത്.

ഒന്ന്, എല്ലാ ആഫീസുകളുടെയും സ്കൂളുകളുടെയും സ്ഥാപനങ്ങളുടെയും പരിസരം അവിടെ പ്രവർത്തിക്കുന്നവരും പഠിക്കുന്നവരും ചേർന്ന് ശുചീകരിക്കണം.

രണ്ട്, നമ്മുടെ നഗരവാണിജ്യത്തിലെ പ്രമുഖസ്ഥാനം വഴിയോര കച്ചവടക്കാർക്കുണ്ട്. അവർ റോഡിൽ നിന്നും ഒതുങ്ങി കച്ചവടം ക്രമീകരിക്കണം. അവരുടെ പരിസരം വൃത്തിയായി സൂക്ഷിക്കണം.

മൂന്ന്, എല്ലാ ഹോട്ടലുകളുടെയും അടുക്കളയും ഡൈനിംഗ് ഹാളും ശുചിയാക്കണം.

നാല്, ഒരു കച്ചവടക്കാരനും കട തൂത്ത് മാലിന്യങ്ങൾ കത്തിക്കരുത്, റോഡിലേയ്ക്ക് വലിച്ചെറിയരുത്. അവ തരംതിരിച്ച് നഗരസഭ ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങൾക്ക് കൈമാറണം. വീട്ടുകാരിൽ ഭൂരിപക്ഷവും ഈ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ട്. ബാക്കിയുള്ളവരും അതിന് തയ്യാറാകണം.

അഞ്ച്, പെട്രോൾ പമ്പുകൾ, ഹോട്ടലുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെ എല്ലാ ശുചിമുറികളും വൃത്തിയാക്കണം.

ആറ്, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകൾ അവരുടെ പരിധിയിൽ വരുന്ന റോഡുകളും ഇടവഴികളും വൃത്തിയാക്കണം.

ഏഴ്, സംഘടനകൾ, ഓഫീസുകൾ ശുചിത്വ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ബാനറുകൾ കെട്ടണം.

എട്ട്, ആലപ്പുഴ ശുചിത്വ പരിപാടിയുടെ സന്ദേശങ്ങളും വിശദാംശങ്ങളും എല്ലാ നിവാസികൾക്കും പകർന്നുകൊടുക്കണം. ഇതിന് മാധ്യമങ്ങൾ സഹായിക്കണം. കാരണം മറ്റൊന്നുമല്ല. സർവ്വേയുടെ ഭാഗമായി സാധാരണക്കാരോട് അഭിപ്രായങ്ങൾ ആരായുമ്പോൾ അവർ കൃത്യമായി പ്രതികരിക്കുന്നതും പ്രധാനമാണ്.

ഒമ്പത്, ജില്ലാ കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ ചില പൊതുശുചിത്വാചരണങ്ങൾ തീരുമാനിച്ചിട്ടുണ്ട്. അതിൽ എല്ലാവരും സഹകരിക്കണം. ഈ കാര്യങ്ങൾ രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളുമായി ചർച്ച ചെയ്യുന്നതിന് സൌകര്യമുണ്ടാക്കുന്നതാണ്. ജനുവരി 2/3 –ാം വാരത്തിലാണ് സ്വച്ഛ് സർവ്വേഷൻ ടീം ആലപ്പുഴ അടുത്തതായി സന്ദർശിക്കുന്നത്. അപ്പോഴേയ്ക്കും നാം തയ്യാറാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button