Latest NewsNewsGulf

രാജ്യാന്തര വിപണിയില്‍ എണ്ണവില ഏറ്റവും ഉയര്‍ന്ന നിലയില്‍ ; ഇന്ത്യയെ സാരമായി ബാധിക്കും

ദോഹ: രാജ്യാന്തര വിപണിയില്‍ എണ്ണവില 30 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. 2015 മേയിലെ വിലനിലവാരത്തിലേക്കാണ് വിപണി ഇപ്പോള്‍ എത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്കു വില ഉയരുന്നത് ഇന്ത്യയെ സാരമായി ബാധിക്കും. ബ്രെന്റ് ക്രൂഡിന്റെ വില ഇന്നലെ ബാരലിന് (159 ലീറ്റര്‍) 68.13 ഡോളറായി. 2015ല്‍ വില ബാരലിന് 68.19 ഡോളറായിരുന്നു. അമേരിക്കയിലെ ഷെയ്ല്‍ കമ്പനികള്‍ ഉല്‍പാദനം ആരംഭിച്ചതോടെയാണ് ബാരലിന് 115 ഡോളറില്‍ നില്‍ക്കേ 2014 മധ്യത്തോടെ എണ്ണവില കുത്തനെ ഇടിഞ്ഞത്.

ഇതോടെ രാജ്യാന്തര വിപണിയില്‍ ലഭ്യത കുത്തനെ കൂടുകയും വില താഴുകയുമായിരുന്നു. ഒരു ഘട്ടത്തില്‍ വില ബാരലിന് 30 ഡോളര്‍ വരെ എത്തിയിരുന്നു. ഒപെക് രാജ്യങ്ങളും റഷ്യയുള്‍പ്പെടെ ഒപെക്കിനു പുറത്തുള്ള ഏതാനും രാജ്യങ്ങളും ഉല്‍പാദനം വെട്ടിച്ചുരുക്കാന്‍ 2016 നവംബറില്‍ തീരുമാനിച്ച ശേഷമാണ് വില നേരിയ തോതില്‍ കയറിത്തുടങ്ങിയത്. ഏഷ്യന്‍ ഓഹരി വിപണി ഉയരങ്ങളിലേക്കു കുതിക്കുന്നതും പ്രധാന സാമ്പത്തിക ശക്തികളായ അമേരിക്ക, ജപ്പാന്‍, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ള സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ അനുകൂലമായതും വിലവര്‍ധനയ്ക്കു കാരണമാണെന്ന് വിപണിവൃത്തങ്ങള്‍ പറയുന്നു.

ഒപെക് രാജ്യങ്ങളും റഷ്യയും ഉല്‍പാദന നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍, മറ്റൊരു പ്രമുഖ എണ്ണ ഉല്‍പാദക രാജ്യമായ ഇറാനില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടായ അക്രമസംഭവങ്ങളാണ് രാജ്യാന്തര വിപണിവിലയില്‍ ഇപ്പോള്‍ പ്രതിഫലിക്കുന്നത്. വില ഉയരുമ്പോള്‍ ഇറക്കുമതിച്ചെലവ് കുതിക്കും. മൊത്തം ഇറക്കുമതിച്ചെലവും കയറ്റുമതിവരുമാനവും തമ്മിലുള്ള അന്തരമായ വ്യാപാരക്കമ്മി വീണ്ടും ഉയരുമെന്ന ആശാസ്യമല്ലാത്ത അവസ്ഥയുണ്ടാകും.

വിലക്കയറ്റം കൂടിയാല്‍ റിസര്‍വ് ബാങ്ക് വായ്പാപലിശനിരക്കുകള്‍ സമീപഭാവിയില്‍ ഉയര്‍ത്താനോ താഴ്ത്താതിരിക്കാനോ സാധ്യത. രാജ്യത്തെ എണ്ണ വിപണനക്കമ്പനികള്‍ വിലവര്‍ധന ഉപയോക്താക്കളിലേക്കു കൈമാറാനാണു സാധ്യത. അങ്ങനെ പെട്രോള്‍,ഡീസല്‍ വില ഉയര്‍ന്നാല്‍ വിപണിയില്‍ വിലക്കയറ്റം രൂക്ഷമാകും. ഇന്ധനത്തിന്‍മേലുള്ള എക്‌സൈസ് തീരുവയും സംസ്ഥാന നികുതിയും കുറയ്ക്കാന്‍ സര്‍ക്കാരുകള്‍ തയാറായാലേ ഇത് ഒഴിവാക്കാനാകൂ. ആവശ്യമായ എണ്ണയുടെ 82 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button