കൊല്ലം: ന്യൂസിലന്‍റിലെ വൈക്കാട്ടോയിൽ മലയാളി കുടുംബത്തിലെ മൂന്നുപേർ കാട്ടുപന്നിയുടെ മാംസം കഴിച്ച് അതീവ ഗുരുതരാവസ്ഥയിലായ സംഭവത്തിൽ അപകടമുണ്ടായത് ബോട്ടുലിസം മൂലമല്ലെന്നു റിപ്പോർട്ട്. വൈക്കാട്ടോ ഡിസ്ട്രിക്ട് ഹെൽത്ത് ബോർഡ് കുടുംബത്തെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. കൊട്ടാരക്കര സ്വദേശിയായ ഷിബു കൊച്ചുമ്മൻ, ഭാര്യ സുബി, ഷിബുവിന്‍റെ മാതാവ് ഏലിക്കുട്ടി ഡാനിയൽ എന്നിവരെയാണ് അബോധാവസ്ഥയിൽ നവംബർ പത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബാക്ടീരിയബാധ മൂലമുണ്ടാകുന്ന ബോട്ടുലിസം എന്ന രോഗാവസ്ഥയാണ് ഇവർക്കെന്നായിരുന്നു ഡോക്ടർമാർ ആദ്യം സംശയിച്ചിരുന്നത്. ബോട്ടുലിസം രോഗമാണെങ്കിൽ ഇവർക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് ആക്സിഡന്‍റ് കോംപൻസേഷൻ കോർപ്പറേഷൻ (ACC) വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് ബോട്ടുലിസം അല്ലെന്നും വിഷബാധ മൂലമാണെന്നും കഴിഞ്ഞ മാസം ഡിസ്ചാർജ് നോട്ടിൽ ആശുപത്രി അധികൃതർ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഷിബുവിന്‍റെ കുടുംബ സുഹൃത്തുക്കള്‍ അഭിഭാഷകർ വഴി വീണ്ടും ആരോഗ്യവകുപ്പിനെ സമീപിച്ചത്.
ഇതോടെയാണ് ഷിബുവിനും കുടുംബത്തിനുമുണ്ടായത് നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷബാധയാണെന്ന് ജില്ലാ ആരോഗ്യബോർഡ് രേഖാമൂലം വ്യക്തമാക്കിയത്. എന്നാൽ ഏതു വിഷമാണെന്നോ, എങ്ങനെ വിഷബാധയുണ്ടായെന്നോ ഉള്ളകാര്യം അവർ വ്യക്തമാക്കിയിട്ടില്ലെന്ന് ഷിബുവിന്‍റെ കുടുംബവക്താവ് ജോജി വർഗീസ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു. സർക്കാർ ഹെൽത്ത്കെയർ ഉള്ളതിനാൽ ഷിബുവിനും ഭാര്യ സുബിക്കും ചികിത്സ സൗജന്യമായിരുന്നു. എന്നാൽ ഷിബുവിന്‍റെ അമ്മ ഏലിക്കുട്ടിക്ക് രണ്ടു ലക്ഷം ഡോളറിന്റെ ആശുപത്രി ബില്ലാണ് ലഭിച്ചത്.
സന്ദർശക വിസയിലുള്ള ഏലിക്കുട്ടിക്ക് ഇൻഷുറൻസ് പരിരക്ഷയും ഇല്ലായിരുന്നു. ബോട്ടുലിസമല്ല വിഷബാധയാണ് എന്ന് സ്ഥിരീകരണം ലഭിച്ച സാഹചര്യത്തിൽ ഇനി നഷ്ടപരിഹാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജോജി വർഗ്ഗീസ് വ്യക്തമാക്കി. ശരീരം വിറയലും, അമിതമായ ക്ഷീണവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഇപ്പോഴും ഇവർ നേരിടുന്നുണ്ട്.ഭക്ഷണം കഴിച്ച് അരമണിക്കൂറിനകം ശക്തമായ ഛർദി അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ബാബു എമർജൻസി സർവീസിൽ സഹായം തേടി. മൂവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Post Your Comments