തായ്ലാന്ഡ് : സ്കൂളില്‍ പോകാന്‍ സമയമായിട്ടും ഉറക്കത്തില്‍ ഏണീക്കാത്ത ഒമ്പത് വയസുകാരിയെ വിളിച്ചുണര്‍ത്താനാണ് മുത്തശ്ശി മുറിയിലേയ്ക്ക് പോയത്. അവിടെ കണ്ട കാഴ്ച കണ്ട് മുത്തശ്ശി അലറിവിളിച്ചു. തായ്ലന്ഡിലെ സൂറത് താനിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന പ്രപവി പ്രവത് എന്ന ഒന്‍പതു വയസ്സുകാരിയെയാണ് രാവിലെ മരിച്ച നിലയില്‍ കിടക്കയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ കിടക്കയുടെ അടിയില്‍ ചുരുണ്ടു കൂടിയ നിലയില്‍ രണ്ടു മീറ്ററോളം നീളമുള്ള കരിമൂര്‍ഖനെ കണ്ടെത്തിയത്. പുതപ്പിനടിയില്‍ നിന്നു പുറത്തേക്ക് നിന്ന കുട്ടിയുടെ കൈവിരലിലാണ് പാമ്പിന്റെ കടിയേറ്റത്.
രാവിലെ കുട്ടിയെ സ്കൂളിലേക്കയക്കുന്നതിനായി ഉണര്‍ത്താനെത്തിയ മുത്തശ്ശിയാണ് കുട്ടിക്ക് അനക്കമില്ലെന്നു കണ്ടെത്തിയത്. തുടര്‍ന്ന് സഹായത്തിനായി ആളുകളെ വിളിച്ചു കൂട്ടി. കുട്ടി മരിച്ചെന്നു മനസ്സിലാക്കിയ ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ചൂണ്ടുവിരലില്‍ കടിയേറ്റ ചുവന്ന ചെറിയ പാടു കണ്ടെത്തി. തുടര്‍ന്നാണ് കിടക്കയുടെ അടിയില്‍ ചുരുണ്ടു കൂടി കിടക്കുന്ന നിലയില്‍ പാമ്പിനെ കണ്ടെത്തിയത്.
Post Your Comments