തിരുവനന്തപുരം: ബോഡി സഹിതം പുതിയ ബസുകള്‍ വാങ്ങാനുള്ള കരാര്‍ ലാഭമാണെന്ന് കെഎസ്ആര്‍ടിസി വിലയിരുത്തല്‍. ഭാവിയില്‍ പുതിയ ബസുകള്‍ ബോഡി സഹിതം വാങ്ങിയാല്‍ മതിയെന്നാണു തീരുമാനം. കെഎസ്ആര്‍ടിസി ബസുകളുടെ ബോഡി നിര്‍മാണത്തിനു പുറംകരാര്‍ നല്‍കാന്‍ കഴിഞ്ഞ സെപ്റ്റംബറിലാണു കെഎസ്ആര്‍ടിസി തീരുമാനിച്ചത്.
ആദ്യഘട്ടത്തില്‍ 100 ബസുകളുടെ ബോഡി നിര്‍മിക്കാനാണ് കെഎസ്ആര്‍ടിസി ടെന്‍ഡര്‍ വിളിച്ചത്. കെഎസ്ആര്‍ടിസിയുടെ പാപ്പനംകോട്, മാവേലിക്കര, ആലുവ, എടപ്പാള്‍, കോഴിക്കോട് എന്നിവിടങ്ങളിലെ ബസ് ബോഡി നിര്‍മാണ യൂണിറ്റുകള്‍ വന്‍ സാമ്പത്തികബാധ്യതയുണ്ടാക്കുന്നു എന്ന വിലയിരുത്തലിനെത്തുടര്‍ന്നു കരാര്‍ ജീവനക്കാരില്‍ ചിലരെ നേരത്തെ പിരിച്ചുവിട്ടിരുന്നു. തുടര്‍ന്നാണു പരീക്ഷണാര്‍ഥം പുറംകരാര്‍ നല്‍കാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷത്തിനകം 80 ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും 20 സൂപ്പര്‍ഫാസ്റ്റ് ബസുകളും നിര്‍മിക്കാനാണു കരാര്‍ ക്ഷണിച്ചിരുന്നത്.
കരാര്‍ നേടിയ അശോക് ലെയ്‌ലന്‍ഡ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ടിന്റെ അംഗീകാരമുള്ള കോട്ടയത്തെ സ്വകാര്യ ഏജന്‍സിയായ കൊണ്ടോടി ട്രാന്‍സ്‌പോര്‍ട്ടിനെ ബോഡി നിര്‍മാണത്തിനു ചുമതലപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ ബസ് ബോഡി കോഡിന്റെ അടിസ്ഥാനത്തിലുള്ള ബോഡി നിര്‍മാണത്തിന് 28 ലക്ഷം രൂപയാണു ചെലവ്. കരാര്‍ പ്രകാരം നിര്‍മിച്ച ആദ്യ ബസ് ഗുണനിലവാര പരിശോധനകള്‍ക്കു ശേഷം തിരുവനന്തപുരത്തു റജിസ്റ്റര്‍ ചെയ്തു.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബസ് ബോഡി നിര്‍മാണച്ചട്ടം (എഐഎസ് 052 ബോഡി കോഡ്)
ബസിനു 11.9 മീറ്റര്‍ നീളം, 2.5 മീറ്റര്‍ വീതി
മൂന്നു വശങ്ങളില്‍ റൂട്ട് പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍
മുന്നിലും പിന്നിലും ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍
സുരക്ഷയ്ക്കുള്‍പ്പെടെ അഞ്ചു വാതിലുകള്‍
പരമാവധി 49 സീറ്റുകള്‍. സീറ്റുകള്‍ തമ്മില്‍ 75 സെമി അകലം
തീപിടിക്കാത്ത റെക്‌സിന്‍ സീറ്റുകള്‍
Post Your Comments