KeralaLatest NewsNews

മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഇനി യഥാസമയം കിട്ടും

കൊല്ലം: കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ യഥാസമയം നല്‍കുന്നതിന് ബോട്ടുകളില്‍ ഘടിപ്പിക്കുന്ന നാവിക് സംവിധാനത്തിന്റെ പരീക്ഷണം നാളെ നടക്കും. രാവിലെ എട്ടിന് കൊല്ലം നീണ്ടകര ഫിഷിങ് ഹാര്‍ബറില്‍ നിന്ന് നാവിക് സംവിധാനം ഘടിപ്പിച്ച ബോട്ടുകള്‍ ഉള്‍ക്കടലിലേക്ക് പുറപ്പെടും.

ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ ഫ്‌ളാഗ് ഓഫ് ചെയ്യും. ഇതേസമയം തന്നെ വിഴിഞ്ഞത്തു നിന്നും കൊച്ചിയില്‍ നിന്നും നാവിക് സംവിധാനമുള്ള ബോട്ടുകള്‍ കടലിലേക്ക് പരീക്ഷണ യാത്ര ആരംഭിക്കും. ഐ. എസ്. ആര്‍. ഒയാണ് നാവിക് സംവിധാനം വികസിപ്പിച്ചത്. മത്സ്യസാധ്യത കൂടുതലുള്ള സ്ഥലങ്ങള്‍, വിവിധ തരത്തിലുള്ള മത്സ്യങ്ങളുടെ ലഭ്യത, കാറ്റിന്റെ ഗതിവ്യാപനം, മഴ, ന്യൂനമര്‍ദ്ദമേഖലകള്‍, മത്സ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകള്‍, സുരക്ഷാ മുന്നറിയിപ്പുകള്‍, കടല്‍ക്ഷോഭം എന്നിവ സംബന്ധിച്ച വിവരം നാവിക് സംവിധാനത്തിലൂടെ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കും.

ആദ്യ ഘട്ടത്തില്‍ 500 ബോട്ടുകളില്‍ നാവിക് സംവിധാനം ഘടിപ്പിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് എത്രത്തോളം ഫലപ്രദമായി വിവരം ലഭിക്കുന്നുണ്ടെന്ന് പരീക്ഷണ യാത്രയില്‍ പരിശോധിക്കും. ഇന്‍കോയിസില്‍ നിന്ന് ലഭിക്കുന്ന അറിയിപ്പുകള്‍ ഐ. എസ്. ആര്‍. ഒയുടെ ട്രാന്‍സ്‌പോണ്ടേഴ്‌സ് വഴിയാണ് മത്സ്യത്തൊഴിലാളികളുടെ ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് നാവിക് ഉപകരണം വഴി എത്തുന്നത്. കരയില്‍ നിന്ന് 1500 കിലോമീറ്റര്‍ വരെ അകലെയുള്ള ബോട്ടുകള്‍ക്ക് വിവരം ലഭ്യമാക്കാനാവും.

ഫിഷറീസ്, തീരസംരക്ഷണ സേന, റിമോട്ട് സെന്‍സിങ് ഏജന്‍സിയുടെയും സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റേയും ഉദ്യോഗസ്ഥര്‍, ലൈഫ് ഗാര്‍ഡുകള്‍ എന്നിവര്‍ പരീക്ഷണ ബോട്ടുകളിലുണ്ടാവും. നീണ്ടകരയില്‍ നിന്ന് പുറപ്പെടുന്ന ബോട്ടുകള്‍ 200 നോട്ടിക്കല്‍ മൈല്‍ അകലെ വരെ പോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button