
തിരുവനന്തപുരം: രോഗിയെ പരിശോധിക്കാതെ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മെഡിക്കല്‍ ബന്ദില്‍ പങ്കെടുക്കാന്‍ പോയ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി കെ.കെ.ശൈലജ. മുന്നിലിരിക്കുന്ന രോഗിയെ പരിശോധിക്കാന്‍ ഡോക്ടര്‍ക്കു ബാധ്യതയുണ്ട്. ആ ഡോക്ടറെ പിടിച്ചിറക്കിക്കൊണ്ടുപോയതു ശരിയായില്ല. മെഡിക്കല്‍ എത്തിക്‌സിന് നിരക്കാത്ത സംഭവങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍.സരിത ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു.ചികിത്സ നിഷേധിച്ചു ഡോക്ടര്‍മാര്‍ തെരുവിലിറങ്ങിയതു പ്രഥമദൃഷ്ട്യാ നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്നു കമ്മീഷന്‍ നിരീക്ഷിച്ചു.
ജനറല്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ട സംഭവത്തെക്കുറിച്ചു ഡിജിപിയും ഒരു മാസത്തിനകം വിശദീകരണം നല്‍കണം. അടിയന്തരഘട്ടത്തിലുള്ള രോഗികള്‍ക്കു ചികിത്സ നിഷേധിക്കുന്നതുവഴി എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ക്രിമിനല്‍ കുറ്റമാണ്.
Post Your Comments