ഹരിപ്പാട്: ജലജാ വധക്കേസില്‍ പ്രതി സുജിത് ലാലിന്റെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. 2015 ഓഗസ്റ്റ് 13നാണ് ജലജ കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം ജലജയുടെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് പ്രതി കൃത്യം വിവരിച്ചത്.
മാവേലിക്കര സബ് ജയിലില്‍ നിന്ന് സുജിതിനെ കഴിഞ്ഞ ദിവസം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റിയിരുന്നു. അവിടെ നിന്ന് ഹരിപ്പാട് കോടതിയിലെത്തിച്ച പ്രതിയെ മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. തുടര്‍ന്ന് എന്‍ടിപിസി ഗസ്റ്റ് ഹൗസില്‍ എത്തിച്ച് ചോദ്യം ചെയ്തു. പിന്നീടാണ് ജലജാ സുരന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
പീഡന ശ്രമം എതിര്‍ത്തതിനെത്തുടര്‍ന്നാണ് ജലജാ സുരനെ കൊലപ്പെടുത്തിയെന്നാണ് സുജിത്തിന്റെ മൊഴി. മദ്യലഹരിയിലായിരുന്ന സുജിത് ജലജയുടെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്തെത്തി അവരെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അവര്‍ ശക്തമായി എതിര്‍ത്തതോടെ കൊലപ്പെടുത്തുകയായിരുന്നു.
കൃത്യത്തിന് ശേഷം മുകള്‍ നിലയിലെ കുളി മുറിയിപ്പോയി കുളിക്കുകയും ചെയ്തു. ജലജയുടെ മൊബൈലും സംഭവ സമയത്ത് താന്‍ ധരിച്ച ഷര്‍ട്ടും പ്രതി പല്ലന കുമാരകോടി ഭാഗത്ത് കടലില്‍ എറിഞ്ഞതായാണ് മൊഴി. എന്നാല്‍ ജലജയുടെ സിം കാര്‍ഡ് ഇവിടെ വെച്ച് പ്രവര്‍ത്തനക്ഷമമായതായി കണ്ടെത്തിയിരുന്നു.
Post Your Comments