ദുബായ്•ഒരു സ്മാര്‍ട്ട്ഫോണില്‍ നിന്നും മോഷ്ടിച്ച മെമ്മറി കാര്‍ഡിലെ ചിത്രങ്ങള്‍ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ട് വഴി പ്രചരിപ്പിച്ച വിമാന ക്ലീനിംഗ് തൊഴിലാളി ദുബായില്‍ വിചാരണ നേരിടുന്നു.
28 കാരനായ പാകിസ്ഥാനി യുവാവ് വിമാനം വൃത്തിയാക്കുന്നതിനിടെയാണ് അമേരിക്കന്‍ വനിതായുടെ സ്മാര്‍ട്ട് ഫോണ്‍ കാണുന്നത്. സ്മാര്‍ട്ട്ഫോണ്‍ തന്റെ മേലുദ്യോഗസ്ഥന് കൈമാറുന്നതിന് മുന്‍പ് ഇയാള്‍ അതിലെ മെമ്മറി കാര്‍ഡ് മോഷ്ടിച്ചിരുന്നു. മേലുദ്യോഗസ്ഥന് കാണാത്തതായ വസ്തുക്കള്‍ സൂക്ഷിക്കുന്ന വിഭാഗത്തില്‍ സ്മാര്‍ട്ട് ഫോണ്‍ നിക്ഷേപിക്കുകയും ചെയ്തു.
You may also like: ദുബായ് ഭരണാധികാരിയുടെ മകൾ വിവാഹിതയായി ; ചിത്രങ്ങളും വീഡിയോയും കാണാം
ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തെത്തിയ ക്ലീനര്‍, മെമ്മറി കാര്‍ഡ് തന്റെ ഫോണില്‍ ഇട്ടപ്പോള്‍ ഫോണിനുടമയായ അമേരിക്കന്‍ യുവതിയുടെ സെല്‍ഫികളും, “മനോഹരമായ ചിത്രങ്ങളും” കാണാനിടയായി. കൂടുതല്‍ ഫോളോവേഴ്സിനെ ലഭിക്കുന്നതിന് വേണ്ടിയാണ് താന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതെന്ന് പ്രതി പ്രോസിക്യൂട്ടര്‍മാരോട് സമ്മതിച്ചു.
അതേസമയം, അംഗോള-ദുബായ് വിമാനത്തില്‍ വച്ചാണ് തന്റെ മൊബൈല്‍ നഷ്ടമായതെന്ന് അമേരിക്കന്‍ യുവതി മനസിലാക്കി. പക്ഷേ, അവര്‍ ലബനനിലേക്ക് യാത്ര തുടരാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ദുബായ് വിമാനത്താവള അധികൃതര്‍ സ്മാര്‍ട്ട് ഫോണ്‍ ലബനനിലേക്ക് അയച്ചുനല്‍കി. എന്നാല്‍ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതായി യുവതി കണ്ടെത്തി. മൂന്ന് ആഴ്ചകള്‍ക്ക് ശേഷം യുവതിയുടെ സുഹൃത്ത് ഫേസ്ബുക്കില്‍ പ്രതിയുടെ അക്കൗണ്ടില്‍ ചിത്രങ്ങള്‍ കാണാനിടയായി. തുടര്‍ന്ന് അമേരിക്കന്‍ വനിതാ സംഭവം ദുബായ് എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു.
ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ ഹാജരായ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കേസില്‍ ശിക്ഷ ജനുവരി 18 ന് പ്രഖ്യാപിക്കും.
Post Your Comments