
ന്യൂഡൽഹി : ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ ടിക്കറ്റുകൾ കെജരിവാളും സംഘവും വിറ്റുവെന്ന് ആരോപണം. പാർട്ടിയുടെ സ്ഥാപക നേതാക്കളും പിന്നീട് രാജിവെച്ചവരുമായ യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണുമാണ് കെജരിവാളിനെ ശക്തമായി വിമർശിച്ച് രംഗത്തെത്തിയത് . മുതിർന്ന നേതാവ് കുമാർ ബിശ്വാസും പാർട്ടി തീരുമാനത്തിൽ അതൃപ്തി അറിയിച്ചു. സഞ്ജയ് സിംഗ് , സുശീൽ ഗുപ്ത , എൻഡി ഗുപ്ത എന്നിവരാണ് സ്ഥാനാർത്ഥികൾ .
ഇതിൽ സുശീൽ ഗുപ്ത വ്യവസായിയാണ്. എൻഡി ഗുപ്ത ചാർട്ടേഡ് അക്കൗണ്ടന്റും.മുൻ കോൺഗ്രസുകാരനായിരുന്ന സുശീൽ ഗുപ്ത ആം ആദ്മി പാർട്ടിക്കെതിരെ മത്സരിച്ച ആളും ഡൽഹി സർക്കാരിനെതിരെ ആരോപണം ഉന്നയിച്ച ആളുമാണ് . കോടിക്കണക്കിനു രൂപ ഡൽഹി സർക്കാർ പരസ്യത്തിനായി വിനിയോഗിച്ചു എന്ന വാർത്തയെത്തുടർന്ന് ഒപ്പുശേഖരണം നടത്തിയ ആളാണ് സുശീൽ ഗുപ്ത. കെജരിവാളിന്റെ വീട്ടിൽ നടന്ന എം.എൽ.എ മാരുടെ സമ്മേളനമാണ് മൂന്ന് സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്.
പൊതുജന സേവനത്തിൽ യാതൊരു പ്രവർത്തന പരിചയവുമില്ലാത്തവരെയാണ് കെജരിവാൾ സ്ഥാനാർത്ഥികളാക്കിയതെന്ന് മുൻ എഎപി നേതാവ് പ്രശാന്ത് ഭൂഷൺ കുറ്റപ്പെടുത്തി. സത്യം പറഞ്ഞതിനാണ് കെജരിവാൾ തന്നെ ക്രൂശിച്ചതെന്ന് കുമാർ ബിശ്വാസ് വ്യക്തമാക്കി. കപിൽ മിശ്രയുടെ ആരോപണങ്ങൾക്കെതിരെ താനുൾപ്പെടെയുള്ള കെജരിവാളിനെ അനുകൂലിച്ചിരുന്നു. എന്നാൽ രാജ്യസഭ ടിക്കറ്റ് കൊടുത്ത ആളുകളെ കാണുമ്പോൾ അതൊക്കെ ശരിയാണെന്ന് തോന്നുന്നതായി മുൻ നേതാവ് യോഗേന്ദ്ര യാദവും പറഞ്ഞു.
രാജ്യസഭയിലേക്ക് സീറ്റ് കിട്ടിയെന്ന് പറഞ്ഞാണ് സുശീൽ ഗുപ്ത കോൺഗ്രസിൽ നിന്ന് രാജിവച്ചതെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.
Post Your Comments