പ്രതീക്ഷകളും സ്വപ്നങ്ങളും അവസാനിക്കുന്നില്ല. ഒരു വര്‍ഷത്തിന്റെ അവസാനവും മറ്റൊന്നിന്റെ ആരംഭവും സാങ്കേതികമായ ഒന്നാണെങ്കിലും അതിന്റെ സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താനുള്ള സാങ്കേതികവിദ്യകളും തയ്യാറായിക്കഴിഞ്ഞു. ഓരോ വര്‍ഷവും ഇത്തരം പ്രവചനങ്ങളും നിരീക്ഷണങ്ങളും ഉണ്ടാവാറുണ്ട്. അവയില്‍ മിക്കവയും ആ വര്‍ഷം യാഥാര്ഥ്യമാവാറുമുണ്ട്. എന്നാല്‍, ഏറ്റവും വലിയ വിപ്ലവങ്ങളെന്നു കരുതിയ പലതും പരാജയപ്പെടുകയോ വേണ്ടത്ര ജനശ്രദ്ധ നേടാതെ പോവുകയോ ചെയ്ത ചരിത്രവുമുണ്ട്. ഗൂഗിള്‍ ഗ്ലാസ്, സെല്‍ഫ് ഡ്രൈവിങ് കാര്‍, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയവ ഇവയില്‍ ചിലതു മാത്രം.
2013 മുതല്‍ ഓരോ വര്‍ഷവും ഇവയൊക്കെ പിന്നീടുള്ള വര്‍ഷം ലോകത്തെ മാറ്റിമറിക്കുമെന്നു പ്രതീക്ഷിക്കുകയും പ്രവചിക്കുകയും ചെയ്തിരുന്നെങ്കിലും ഒരു ചുക്കും സംഭവിച്ചില്ല. വെര്‍ച്വല്‍ റിയാലിറ്റി ജനകീയമാവുകയും കുറഞ്ഞ ചെലവില്‍ വിവിധ രംഗങ്ങളില്‍ സാന്നിധ്യമറിയിക്കുകയും ചെയ്തെങ്കിലും യഥാര്‍ഥ അനുഭവങ്ങള്‍ക്കു പകരം വയ്ക്കാന്‍ മറ്റൊന്നിനുമാവില്ലെന്ന തരിച്ചറിവില്‍ ജനം വിആറിനെ വലിയ വിപ്ലവമായി ആഘോഷിച്ചില്ല. 2017ലെ വലിയ വിപ്ലവങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നത് ബിറ്റ്കോയിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഇന്റര്‍നെറ്റ് ഓഫ് തിങ്സും ഒക്കെയായിരുന്നു.
വിലകളില്‍ ചരിത്രം സൃഷ്ടിച്ച് ബിറ്റ്കോയിന് വല്ലാതെ വളര്‍ന്നെങ്കിലും സാങ്കേതികരംഗത്ത് വിപ്ലവമുണ്ടാക്കാന്‍ സാധിച്ചത് ബിറ്റ്കോയിന് ഉള്‍പ്പെടെയുള്ള നൂറു കണക്കിനു ക്രിപ്റ്റോകറന്‍സികളുടെ അടിസ്ഥാനശിലയായ ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയ്ക്കു മാത്രം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രവചനങ്ങള്‍ അന്വര്ഥമാക്കിക്കൊണ്ട് സമസ്ത മേഖലകളിലും സ്വാധീനമുണ്ടാക്കി. സോഫിയ റോബട്ടിന്റെ വരവോടെ യഥാര്‍ഥ എഐയുടെ സാധ്യതകള്‍ നാടകീയത നിറഞ്ഞു നില്ക്കുന്ന ഒരു ഉല്പന്നത്തിലേക്കു മാത്രമായി ചുരുങ്ങിയതും ജോലി കളയാനും മനുഷ്യരെ നശിപ്പിക്കാനും വരെ റോബട്ടുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും തയ്യാറാവുകയാണെന്ന ആശങ്ക പരന്നതും എഐ വിപ്ലവത്തിന്റെ ഭാഗമായി.
Post Your Comments