KeralaLatest NewsNews

വളര്‍ത്തുകോഴി പ്രസവിച്ച സംഭവം : കോഴിക്കുള്ളില്‍ നിന്നുതന്നെ മുട്ട വിരിഞ്ഞതാവാമെന്ന വാദവുമായി വെറ്റനറി ഡോക്ടര്‍മാര്‍

കമ്പളക്കാട് : കെല്‍ട്രോണ്‍ വളവില്‍ താമസിക്കുന്ന പി.സി. ഇബ്രായിയുടെ വളര്‍ത്തുകോഴികളിലൊന്ന പ്രസവിച്ചു, അതും പൊക്കിള്‍കൊടിയോടുകൂടി. വീട്ടിലെ വിവിധയിനം കോഴികളെ വളര്‍ത്തുന്ന ഫാമിലെ നാടന്‍ പിടക്കോഴിയാണ് സംഭവകഥയിലെ താരം. കോഴിക്കുള്ളില്‍ നിന്നുതന്നെ വിരിഞ്ഞതാവാമെന്ന വാദവും സജീവമാണ്. മുട്ട 21 ദിവസം കോഴിയുടെ ചൂടുപറ്റി വിരിയുന്ന സ്വാഭാവിക പ്രതിഭാസം പ്രത്യുത്പാദന അവയവത്തിനുള്ളില്‍ വെച്ചുതന്നെ നടന്നതാകാമെന്നാണ് വിലയിരുത്തല്‍.

അതിനെ സാധൂകരിക്കാന്‍ മുട്ടത്തോടിന്റെ കഷ്ണങ്ങളും ചോരയും കോഴിക്കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്നുവെന്ന് ഡോ. മുസ്തഫ കോട്ടയെന്ന വെറ്ററിനറി സര്‍ജന്‍ പറയുന്നു. കൂട്ടിലേക്ക് മറ്റു ജീവികള്‍ക്ക് പ്രവേശനം അത്ര എളുപ്പവുമല്ല. അതുകൊണ്ടാണ് വീട്ടുകാരും ഇത് പ്രസവം തന്നെയാണെന്ന് ഉറപ്പിച്ച്‌ പറയുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് 11 മുട്ടകളുമായി അടയിരുത്തിയതായിരുന്നു പിടക്കോഴിയെ. തിങ്കളാഴ്ച ഉച്ചയോടെ ഫാം ജീവനക്കാരന്‍ കോഴിക്കൂട്ടില്‍ പോയിനോക്കിയപ്പോള്‍ പിടക്കോഴിയുടെ അടുത്ത് കറുത്തനിറത്തിലായി ഒരു ചെറിയ ജീവനില്ലാത്ത കോഴിക്കുഞ്ഞ്.

എടുത്തുനോക്കിയപ്പോള്‍ പൊക്കിള്‍കൊടിയും ഉള്ളതായി ജീവനക്കാരന്‍ പറഞ്ഞു. അടയിരുത്തിയ മുട്ടകളാകട്ടെ അതേപടി അവിടെത്തന്നെയുണ്ട്. സംശയം തീരാതെ, കൂട്ടില്‍ മറ്റു വല്ല ജീവികളും കൊണ്ടിട്ടതാണോ എന്ന് കരുതി തിരഞ്ഞപ്പോള്‍ അടുത്തെങ്ങും അങ്ങനെ ഒരു സാധ്യതയും കണ്ടുമില്ല. മാത്രമല്ല ചെറിയ നെറ്റുകള്‍ കൊണ്ട് അടച്ചകൂട്ടിലാണ് പിടക്കോഴി അടയിരിക്കുന്നത്. ദിവസവും മുട്ടയിടുന്ന കോഴി മൂന്നാഴ്ചയായി മുട്ടയിടുന്നില്ലായിരുന്നു. കോഴിയുടെ പ്രത്യുത്പാദന അവയവത്തില്‍ ഒരു മുട്ട കുടുങ്ങിപ്പോയതാവാം കാരണമെന്നാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നത്. എന്തൊക്കെയായാലും നാട്ടുകാരും വീട്ടുകാരും ഇവിടെ അത്ഭുതത്തിലാണ്. കുഞ്ഞ് ചത്തുപോയതിന്റെ ചെറിയൊരു സങ്കടത്തിലും.

shortlink

Related Articles

Post Your Comments

Related Articles


Back to top button