തിരുവനന്തപുരം: സംവരണ വ്യവസ്ഥകള്‍ ഒഴിവാക്കി കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വീസിന്റെ (കെ.എ.എസ്) അന്തിമ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് കെഎഎസിലേക്ക് പ്രവേശനം കിട്ടുന്ന രണ്ട് സ്ട്രീമുകളില്‍ സംവരണം പൂര്‍ണമായി ഒഴിവാക്കി.
പൊതുവിഭാഗം ഉദ്യോഗാര്‍ഥികളില്‍നിന്ന് നടത്തുന്ന നിയമനങ്ങള്‍ക്ക് മാത്രമേ സംവരണം ഉണ്ടാകൂവെന്ന് ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ജീവനക്കാരില്‍ ഗസറ്റഡ് ഒഴികെ ഉള്ളവര്‍ക്ക് അവസരം നല്കുന്ന സ്ട്രീം രണ്ടില്‍ നേരത്തേ പുറത്തിറക്കിയ കരടുകളിലെല്ലാം സംവരണം ഉറപ്പാക്കിയിരുന്നു. അവസാനത്തെ കരടില്‍നിന്ന് സംവരണം ഒഴിവാക്കിയെങ്കിലും ഡയറക്ട് റിക്രൂട്ട്മെന്റ് എന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, അന്തിമ ഉത്തരവില്‍ ഇത് ഒഴിവാക്കി ബൈട്രാന്‍സ്ഫര്‍ എന്നാക്കി മാറ്റി. അതേസമയം, ഇൗ വിഭാഗത്തില്‍ അപേക്ഷിക്കാന്‍ പിന്നാക്ക വിഭാഗത്തിന് മൂന്നു വയസ്സും പട്ടിക വിഭാഗങ്ങള്‍ക്ക് അഞ്ചും വയസ്സും ഇളവ് നല്‍കിയിട്ടുണ്ട്.
ഗസറ്റഡ് ജീവനക്കാര്‍ക്കുള്ള സ്ട്രീം മൂന്നില്‍ സംവരണമോ വയസ്സിളവോ ഇല്ല. ഒന്നാമത്തെ സ്ട്രീമില്‍ മാത്രമേ സംവരണം ബാധകമാകുകയുള്ളൂവെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തി. സംവരണം അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് രണ്ടാമത്തെ സ്ട്രീം ബൈട്രാന്‍സ്ഫര്‍ എന്നാക്കി മാറ്റിയെങ്കിലും അത് എല്ലാ വിഭാഗം ജീവനക്കാര്‍ക്കുമായി മാറ്റി വെച്ചത് നിയമപരമായി ചോദ്യം ചെയ്യപ്പെട്ടേക്കും. രണ്ടാം സ്ട്രീമില്‍ ബൈട്രാന്സഫര് എന്നത് കെ.എ.എസ് ബാധകമായ 30 വകുപ്പുകളിലെ ഗസറ്റഡ് ജീവനക്കാര്‍ക്കായി പരിമിതപ്പെടുത്തിയിരിക്കെയാണിത്. സ്ട്രീം രണ്ടിലും ഇതു ബാധകമാകണമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. മൂന്നില്‍ രണ്ടു ശതമാനം തസ്തികകളും സംവരണത്തില്‍നിന്നു മാറ്റിനിര്‍ത്തിയാണ് കെഎഎസ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
Post Your Comments