Latest NewsSpecials

പാക്കിസ്ഥാനെ തള്ളിപ്പറഞ്ഞ് അമേരിക്ക; മറ്റൊരു ഇന്ത്യൻ നയതന്ത്ര വിജയം ചൈനീസ് നീക്കങ്ങൾക്കിടയിൽ ഇത് ഇന്ത്യക്ക് കരുത്തേകും മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

 

ഒന്ന് : ” അമേരിക്ക പാക്കിസ്ഥാന് കഴിഞ്ഞ 15 വർഷക്കാലത്ത് 33 ബില്യൺ ഡോളർ സഹായം നൽകിയത് ബുദ്ധിമോശമായിപ്പോയി. അവർ കുറെ ചതിയും നുണകളുമല്ലാതെ തിരിച്ച്‌ ഞങ്ങൾക്ക് യാതൊന്നും നൽകിയില്ല. ഞങ്ങളുടെ നേതാക്കളെ വിഢികളെപ്പോലെയാണ് അവർ കരുതിയത്. അഫ്‌ഗാനിസ്ഥാനിൽ തങ്ങൾ തിരയുന്ന ഭീകരർക്ക് അവർ സുരക്ഷിത താവളം ഒരുക്കുന്നു, ഒരു സഹായവും നൽകാതെ. ഇനിയില്ല”.

രണ്ട് : “പാക്കിസ്ഥാന് മാത്രമല്ല ഞങ്ങൾ മറ്റനവധി രാജ്യങ്ങൾക്കും മറ്റും അനവധി ബില്യൺ ഡോളറുകൾ നൽകുന്നുണ്ട്, ഒരു പ്രയോജനവുമില്ലാതെ. ഉദാഹരണമായി പാലസ്തീന് ഓരോ വർഷവും അനവധി മില്യൺ ഡോളറുകളാണ് കൊടുക്കുന്നത്. അവർ നമുക്ക് എന്തെങ്കിലും ആദരവോ ബഹുമാനമോ നൽകുന്നുമില്ല. ഇസ്രായേലുമായി കുറേനാളായി നടക്കേണ്ട ഒരു സമാധാന ചർച്ചക്ക് പോലുമവർ തയ്യാറല്ല….. അവർക്കിടയിലെ ഏറ്റവും പ്രധാന പ്രശ്നമായ ജെറുസലേം പ്രശ്നം ഒഴിച്ചുനിർത്തിക്കൊണ്ട് ചർച്ചക്ക് പോലും ഞങ്ങൾ തയ്യാറായി. പാലസ്തിൻ ചർച്ചക്ക് പോലും തയ്യാറല്ലെങ്കിൽ പിന്നെയെന്തിനാണ് അവർക്കുള്ള വലിയ ധനസഹായം തുടരുന്നത് …?”.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്നലത്തെ രണ്ട്‌ ട്വീറ്റുകളുടെ മലയാള പരിഭാഷയാണ് മുകളിൽ കൊടുത്തത്. ഈ ദശാബ്ദങ്ങളിലെ വിദേശ വിചാരങ്ങളിൽ ശ്രദ്ധ നേടേണ്ടുന്നവയാണ് അവ രണ്ടുമെന്നതിൽ ഏതെങ്കിലും വിദേശകാര്യ വിദഗ്ദ്ധർക്ക് അഭിപ്രായ ഭിന്നതയുണ്ടാവുമെന്ന് ഞാൻ കരുതുന്നില്ല. മുൻ യുഎസ് പ്രസിഡന്റുമാരെപ്പോലെയല്ല താനെന്ന് മുൻപേതന്നെ ട്രംപ് പലവിധത്തിൽ കാണിച്ചുതന്നിട്ടുണ്ട് . ഇതൊരു ബിസിനസ് ആണ് ; തന്റെ രാജ്യ താല്പര്യമാണ് പ്രധാനം; അതിൽ അമേരിക്കക്ക് എന്താണ് നേട്ടമെന്നതാണ് പ്രധാനം……… ഇതായിരുന്നു ആദ്യമേ മുതൽ അദ്ദേഹത്തിന്റെ നിലപാടും കാഴ്ചപ്പാടും. തിരഞ്ഞെടുപ്പ് കാലത്തും അതുതന്നെയാണ് ട്രംപ് മുന്നോട്ട് വെച്ചത് ; അതിനുള്ള അംഗീകാരമായാണ് അദ്ദേഹം തന്റെ വിജയത്തെ കാണുന്നതും. ഞാൻ എന്ത് കൊടുക്കുന്നു എന്നതിനപ്പുറം തനിക്ക് എന്ത് ലഭിക്കുന്നു എന്നുകൂടി ശ്രദ്ധിക്കുന്ന ഒരു നല്ല കച്ചവടക്കാരന്റെ മനസ്സ് ഇപ്പോഴും അദ്ദേഹത്തിൽ കാണാമായിരുന്നു എന്ന് ചുരുക്കം. അതുകൊണ്ട് ഇങ്ങനെയൊക്കെ ഈ യുഎസ് പ്രസിഡണ്ട് പറഞ്ഞതിൽ അതിശയമില്ല എന്ന് കരുതുന്നവരുണ്ടാവാം.

എന്നാൽ ഇതിലെ വിദേശ നയമാണ് ശ്രദ്ധിക്കേണ്ടത്. അമേരിക്കയുടെ തുലോം സാമ്പത്തികമായ ലാഭനഷ്ടങ്ങൾ മാത്രമാണ് അതിലുള്ളത് എന്നതിലുപരി ശക്തമായ ഒരു ഭീകരവിരുദ്ധ നിലപാട് അതിലടങ്ങിയിരിക്കുന്നു. അത് ഇന്ത്യ ഉയർത്തിപ്പിടിക്കുന്ന സമീപനങ്ങൾക്കൊപ്പമാണ് , പ്രത്യേകിച്ചും പാക്കിസ്ഥാനുമായി ബന്ധപ്പെട്ട വിഷയത്തിൽ. ഇവിടെ ‘അമേരിക്ക പോണെങ്കിൽ പോകട്ടെ, ചൈനയുണ്ടല്ലോ’ എന്നൊക്കെ വേണമെങ്കിൽ പാകിസ്താന് പറയാം. ശരിയാണ് ചൈന ഇപ്പോൾ പാക്കിസ്ഥാന് പിന്തുണ നൽകിയിട്ടുണ്ട്. അത് ഇപ്പോഴത്തെ കാര്യമല്ലെന്നത് കൂടി ഓർമ്മിക്കുക. അമേരിക്കയിൽ നിന്ന് സൗജന്യമായി കോടിക്കണക്കിന് ബില്യൺ ഡോളറുകൾ കൈപ്പറ്റുമ്പോഴും പാക്കിസ്ഥാൻ ചൈനക്കൊപ്പമായിരുന്നുവല്ലോ. അതുകൊണ്ട് ചൈന പാകിസ്താന് നൽകുന്ന സഹായത്തിൽ അതിശയകരമായോ പുതിയതായോ ഒന്നുമില്ല. യഥാർഥത്തിൽ ഇവിടെ ഇന്ത്യ നേടിയത് വലിയ നയതന്ത്ര വിജയമാണ്…… അമേരിക്കയെ പാക്കിസ്ഥാൻ വിരുദ്ധ പക്ഷത്തേക്ക് എത്തിക്കുക എന്നത്. അത് അടുത്തകാലത്തൊന്നും ഇന്ത്യക്ക് ചിന്തിക്കാനാവാത്ത കാര്യമാണ്…………ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര വലിയ നയതന്ത്ര നേട്ടമാണ്.

ചൈനയുടെ പാക് അനുകൂല നിലപാടുകൾ ഇന്ത്യക്കെതിരായ ഒരു സമീപനത്തിന്റെ ഭാഗമാണ് എന്ന് വേണമെങ്കിൽ കരുതാം. ശരിയാണ്, ഇന്ത്യ വിരുദ്ധ പക്ഷത്തെ ശക്തിപ്പെടുത്തുകയും അതിനൊപ്പം ഏതെങ്കിലും വിധത്തിൽ തങ്ങൾക്ക് മേൽക്കൈ അവിടെ നേടാനാവുമോ എന്ന് നോക്കുകയുമാണ് ആദ്യമൊക്കെ ബീജിംഗ് കരുതിയിരുന്നതെങ്കിലും പിന്നീടത് നല്ല കച്ചവട താല്പര്യം കൂടിയായി പരിണമിച്ചു. പാക്കിസ്ഥാനെ ആണവശക്തിയാക്കുന്നതിൽ വരെ ചൈന സഹായം നൽകിയത് എന്തിനുവേണ്ടിയാണ് എന്നത് നമുക്കൊക്കെ ഓർക്കാവുന്നതേയുള്ളൂ. തിരിച്ചും അങ്ങിനെയാണ് പാകിസ്ഥാൻ പെരുമാറിയിട്ടുള്ളത്……….. ടിയാനെമെൻ ചതുരത്തിൽ നടന്ന കൂട്ടക്കൊലയെ ന്യായീകരിക്കാൻ തയ്യാറായ വിരലിൽ എണ്ണാവുന്ന രാജ്യങ്ങളിൽ ഒന്നാണ് പാകിസ്ഥാൻ; എന്റെ ഓർമ്മ ശരിയെങ്കിൽ മറ്റേത് ക്യൂബയാണ്. ക്യൂബയോളം ഇസ്ലാമബാദ് എത്തി എന്നതല്ലേ അത് കാണിക്കുന്നത്. പിൽക്കാലത്ത് ചൈനക്ക് സൈനിക സഹായവും അവർ നൽകുന്നു…… ആധുനിക യുദ്ധ വിമാനങ്ങൾ, ആയുധങ്ങൾ അങ്ങിനെ പലതും. ഇതൊക്കെ അവർക്ക് കിട്ടിയിരുന്നത് അമേരിക്കൻ സഹായം നിലനിൽക്കെയാണ് എന്നത് പ്രധാനമാണ്.

പിന്നീടങ്ങോട് വാണിജ്യ താൽപര്യങ്ങൾക്കായി ബീജിങ്ങിന്റെ ശ്രമം. പടിഞ്ഞാറൻ തീരത്ത് വേരുറപ്പിക്കാൻ ഏറ്റവും പറ്റിയത് പാക്കിസ്ഥാനാണ് എന്നത് അവർ തിരിച്ചറിഞ്ഞത് സ്വാഭാവികം. ഗ്വാഡോർ തുറമുഖമാണ് മറ്റൊന്ന്. ‘പടിഞ്ഞാറൻ തീരത്തെ ചൈനീസ് ആസ്ഥാന’മായി അത് രൂപപ്പെടുകയായിരുന്നുവല്ലോ. അതിന്റെ തുടർച്ചയാണ് സിപിഇസി എന്ന പേരിൽ അറിയപ്പെടുന്ന ചൈന-പാക് എക്കണോമിക് കോറിഡോർ. അത് എളുപ്പത്തിൽ സാധിച്ചെടുക്കാമെന്നതായിരുന്നു ചൈനയുടെ പ്രതീക്ഷ. ചൈനയിൽ നിന്ന് കച്ചവട സാമഗ്രികൾ ലോകത്തിന് എത്തിക്കാൻ ഇതുപോലൊരു എളുപ്പ മാർഗം അവർക്ക് വേറെയില്ലതാനും. പാക് അധീന കാശ്മീരിലൂടെയുള്ള ആ കോറിഡോർ വരുന്നത് നല്ലതാണെന്നും അതിലൂടെ മറ്റൊരു പ്രശ്നത്തിനുകൂടെ പരിഹാരമാവുമെന്നും ഇസ്ലാമാബാദും കരുതിയിരിക്കണം. പാക് അധീന കാശ്മീർ ഇന്ത്യയുടേതാണ് എന്നതാണ് ഇന്ത്യൻ നിലപാട്. അത് നമ്മുടെ പാർലമെൻറ് ഏകകണ്ഠമായി അംഗീകരിച്ച കാര്യമാണ്. അതുകൊണ്ടുതന്നെ അവിടെയുള്ള ഏതൊരു ഇടപെടലിനെയും ശക്തമായി നേരിടാൻ ഏത് ഇന്ത്യ ഭരണകൂടത്തിനും ബാധ്യതയുണ്ട്. നരേന്ദ്ര മോഡി സർക്കാരിന്റെ കാലഘട്ടമായപ്പോൾ ശക്തമായ നീക്കങ്ങൾ അക്കാര്യത്തിൽ സ്വീകരിക്കുകയും ചെയ്തു. മാത്രമല്ല, ബലൂചിൽ നടക്കുന്ന ‘ സ്വാതന്ത്ര്യ സമരം’ ചൈനയുടെ മറ്റൊരു തലവേദനയാണ്. പുറത്തേക്ക് ഏറെ കേൾക്കുന്നില്ലെങ്കിലും ബലൂച് മറ്റൊരു ബംഗ്ലാദേശായി രൂപപ്പെടാനുള്ള സാധ്യത ഇസ്ലാമബാദ് മനസ്സിൽ കാണുന്നുണ്ട്. ‘ചതിയിലൂടെ കരസ്ഥമാക്കിയ’ ബലൂചിൽ ഇന്നിപ്പോൾ ഉയരുന്ന പാക് വിരുദ്ധ പ്രതിഷേധങ്ങൾക്ക് ഇന്ത്യ പിന്തുണ നൽകുന്നതായുള്ള സൂചനകളും ചൈനയെ അലോസരപ്പെടുത്തുന്നുണ്ട്. ഇതൊക്കെക്കൊണ്ട് ചൈന ആഗ്രഹിച്ചത് പോലെ അവിടെ കാര്യങ്ങൾ നടക്കാതായി എന്നതാണ് പരമാർത്ഥം.

ബറാക് ഒബാമയുടെ കാലഘട്ടം മുതൽക്ക് ഇന്ത്യക്ക് അമേരിക്കയുമായി നല്ലബന്ധമായിരുന്നു. ഇടത് പിന്തുണയോടെയുള്ള ആദ്യ മൻമോഹൻ സിങ് സർക്കാരിന്റെ കാലഘട്ടത്തിൽ പോലും. ഇൻഡോ- യുഎസ് ആണവ കരാർ അതിനൊരു ഉദാഹരണമാണല്ലോ. കമ്മ്യൂണിസ്റ്റ് ഭീഷണികൾ തള്ളിക്കൊണ്ട്, സർക്കാരിന്റെ നിലനിൽപ്പിനെ പോലും നോക്കാതെ, അമേരിക്കയുമായി ആ കരാറിന് ഇന്ത്യ തയ്യാറായത് മൻമോഹൻ സിങ് സർക്കാരിന്റെ കാലഘട്ടത്തിലാണ്. അന്ന് അമേരിക്കൻ ബാന്ധവത്തിൽ പ്രതിഷേധിച്ചുകൊണ്ട് യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ഇടത് പാർട്ടികൾ തയ്യാറായതും സർക്കാർ നിലംപൊത്തിയതും ചരിത്രം.

നരേന്ദ്ര മോഡി സർക്കാർ അധികാരത്തിലേറിയ ശേഷം ഒബാമയുമായി നല്ല ബന്ധമാണ് തുടക്കം മുതലേയുണ്ടായിരുന്നത്. മോഡി 2014 -ൽ ഇവിടെ നേടിയ വലിയ വിജയം ഒബാമയെ അക്ഷരാർഥത്തിൽ ചിന്തിപ്പിച്ചിരുന്നു എന്നുവേണം കരുതാൻ. ഒരു കക്ഷി തനിച്ച്‌ ഭരണത്തിലേറിയത് ഇന്ത്യ ചരിത്രത്തിൽ അടുത്തെങ്ങും ഉണ്ടായിട്ടില്ലല്ലോ. ഒരു കാലഘട്ടത്തിൽ നരേന്ദ്ര മോദിക്ക് വിസ നിഷേധിച്ചവർ മലക്കം മറിഞ്ഞതും ചുവന്ന പരവതാനി വിരിച്ചതും അടുത്ത സുഹൃത്തായി മാറിയതും മറ്റും നമ്മൾ കാണുകയും ചെയ്തു. പിന്നീടങ്ങോട്ട് അമേരിക്കയുടെ സഹയാത്രികൻ എന്നതിലുപരി ഒരേനിലയിൽ നിന്നുകൊണ്ട് കാര്യങ്ങൾ ചർച്ചചെയ്യുകയും തീരുമാനിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രത്തലവൻ എന്ന നിലയിലേക്ക് മോഡി മാറുന്നതാണ് കണ്ടത്. അങ്ങോട്ടും ഇങ്ങോട്ടും ആ ബഹുമാനം കണ്ടു………. പണ്ഡിറ്റ് നെഹ്രുവിന്‌ പോലും കരഗതമാവാത്ത കാര്യമായിരുന്നു അതെന്നതാണ് പ്രധാനം. പാക് ഭീകര പ്രവർത്തനങ്ങൾ, അവർ നടത്തുന്ന അതിർത്തികടന്നുള്ള ഇടപെടലുകൾ തുടങ്ങിയവക്കെതിരെ വാഷിംഗ്ടൺ പലവട്ടം ഇന്ത്യക്ക് അനുകൂലമായി പ്രതികരിച്ചതും അക്കാലത്താണ്. അക്ഷരാർഥത്തിൽ ഒബാമ ഭരണകൂടം ഇന്ത്യയുടെ നല്ല സുഹൃത്തായി മാറുകയായിരുന്നു, വിശ്വസിക്കാവുന്ന ചങ്ങാതിയായി മാറുകയായിരുന്നു . അവിടെ നാം കാണേണ്ട ഒരു കാര്യം, അമേരിക്കയിൽ മാത്രമല്ല ലോകമെമ്പാടും അത്തരമൊരു പ്രതിച്ഛായ ഉണ്ടാക്കാൻ നരേന്ദ്ര മോഡിക്കായിരുന്നു എന്നതാണ്. ലോക സമൂഹത്തിൽ പല വേദികളിലും നരേന്ദ്ര മോദിയുടെ സജീവ സാന്നിധ്യവും ലോക നേതാക്കൾ ശ്രദ്ധിക്കുന്ന തലത്തിലേക്ക് ഇന്ത്യൻ നായകൻ ഉയരുന്നതുമൊക്കെ നാമൊക്കെ കണ്ടതാണല്ലോ. എന്നാൽ അപ്പോഴും ഇന്ത്യ അമേരിക്കക്ക് കീഴടങ്ങി, അടിയറവ് പറഞ്ഞു എന്നിങ്ങനെയുള്ള വിമർശനങ്ങൾ ചിലവേലകളിൽ ഉയർന്നിരുന്നു. അത് ഏറ്റവുമധികം കേട്ടത് കമ്മ്യൂണിസ്റ്റുകളിൽ നിന്നാണ്. അതിൽ കാര്യമില്ലല്ലോ. യഥാർഥത്തിൽ ഇന്ത്യക്ക് അനുകൂലമായി അമേരിക്കയെ ചിന്തിപ്പിക്കാൻ കഴിഞ്ഞ സർക്കാരാണ് മോദിയുടേത് എന്നതാണ് കാണേണ്ടത്.

ഡൊണാൾഡ് ട്രംപ് അധികാരത്തിലേറുമ്പോൾ ഇന്ത്യക്കും ആശങ്കകൾ ഉണ്ടായിരുന്നു. ” എന്തും, എല്ലാം, അമേരിക്കക്കായി ” എന്നതായിരുന്നുവല്ലോ അദ്ദേഹത്തിന്റെ നിലപാട്. അമേരിക്കൻ താല്പര്യം മാത്രം നോക്കി കാര്യങ്ങൾ ചെയ്യുമ്പോൾ അത് വലിയതോതിൽ ഇന്ത്യയെ ബാധിക്കാനിടയുണ്ട് എന്നതായിരുന്നു ഒരു വലിയ ഘടകം. വിസ നിയന്ത്രണങ്ങൾ തുടങ്ങിയവ അതിൽ പ്രധാനപ്പെട്ടത്. എന്നാൽ അവിടെയൊക്കെ ഇന്ത്യക്ക് കാര്യമായ പ്രശ്നമുണ്ടായില്ല എന്ന് മാത്രമല്ല പല നിർണായക ഘട്ടത്തിലും ഇന്ത്യക്കൊപ്പം നിൽക്കാനും ട്രംപ് ഭരണകൂടം തയ്യാറായി. ചൈന -പാക് കോറിഡോറിന്റെ കാര്യത്തിലടക്കം വാഷിങ്ടൺ നിലപാട് അതിനുദാഹരണം. അതിന്റെ ഏറ്റവും അവസാനത്തെ അധ്യായമാണ് പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം പൂർണമായി നിർത്തലാക്കുന്നത്. ആഗോള ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ ദിശയിൽ നോക്കുമ്പോൾ ഇതൊരു വലിയ കാര്യം തന്നെയാണ്, സംശയമില്ല. ഹഫീസ് സെയ്ദിനെയും അയാളുടെ ഭീകര സംഘടനയെയും ‘ ലിസ്റ്റ് ചെയ്യാൻ ‘ അമേരിക്ക തയ്യാറായതും മറ്റും അതിനുമുമ്പുള്ള സംഭവങ്ങളാണ്. ഇന്നിപ്പോൾ അതിൽനിന്നൊക്കെ അവർ വളരെ മുന്നോട്ട് പോയിരിക്കുന്നു; അല്ലെങ്കിൽ അതിൽനിന്നും അമേരിക്ക ഇന്ത്യയോട് കൂടുതൽ അടുത്തിരിക്കുന്നു.

ചൈന വിരുദ്ധ ശക്തികളുടെ ഏകോപനത്തിനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നത് എന്നൊക്കെ വേണമെങ്കിൽ ആക്ഷേപിക്കാം. അങ്ങിനെയൊരു താല്പര്യം അമേരിക്കക്കില്ല എന്നൊന്നും ഞാൻ പറയുന്നില്ല. അവിടെ ഇന്ത്യക്കും ഒരു കരുതലുണ്ടല്ലോ. ചൈനയെ വിശ്വസിക്കാൻ അല്ലെങ്കിൽ വിശ്വാസത്തിലെടുക്കാൻ ഇന്ത്യ എത്രയോ തവണ ശ്രമിച്ചിരുന്നു………….. എ ബി വാജ്‌പേയി ജനത സർക്കാരിൽ വിദേശകാര്യമന്ത്രി ആയിരുന്ന കാലഘട്ടം മുതലുള്ള നാൾവഴികൾ ഒന്ന് പരിശോധിച്ചാൽ അത് വ്യക്തമാവും. നരേന്ദ്ര മോദിയും അക്കാര്യത്തിൽ പിന്നിലായിരുന്നില്ല. ചൈനീസ് പ്രീമിയറിനെ ഗുജറാത്തിലേക്ക് ക്ഷണിച്ചതും സ്വീകരിച്ചതുമൊക്കെ മറക്കാനാവുമോ. എന്നാൽ പാകിസ്താനുമായുള്ള സമാധാന നീക്കങ്ങൾ പോലെതന്നെയാണ് ചൈനയുമായുള്ള സൗഹൃദത്തിനുള്ള ശ്രമങ്ങളും എന്നതാണ് നമ്മുടെ അനുഭവം. ഓരോ സൗഹൃദ നീക്കങ്ങൾ കഴിയുമ്പോഴും തുടർച്ചയായി അതിർത്തികളിൽ അനാവശ്യ പ്രകോപനങ്ങൾ സൃഷ്ടിക്കാനവർ ശ്രമിക്കുന്നു….. അരുണാചൽ മുതൽ ഡോക് ലാം വരെയുള്ളത് നമ്മുടെ മുന്നിലുണ്ടല്ലോ. സൗഹൃദത്തിന് ശ്രമിക്കുന്നത് എന്തോ ബലഹീനതയാണ് എന്നവർ കരുതുന്നതുപോലെ. അതാണ് ഇപ്പോൾ ഓരോ ഘട്ടത്തിലും ഒരു കാര്യത്തിലും വേണ്ടത്ര ശ്രദ്ധവെക്കാൻ ഇന്ത്യ തയ്യാറാവുന്നത്. അതൊക്കെ പരിശോധിക്കുമ്പോൾ ഇപ്പോഴത്തെ യുഎസ് നിലപാട് തീർച്ചയായും ഇന്ത്യക്ക് അനുകൂലമാണ്….. ഇന്ത്യക്ക് മാത്രം ഗുണകരമാണ്….. ഇന്ത്യക്കുവേണ്ടിയുള്ളതാണ് , സംശയമേയില്ല.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം അയൽ ബന്ധങ്ങൾ ശ്രമകരമാണ് എന്ന് തോന്നുന്ന കാലഘട്ടമാണിത്. നേപ്പാളിലെ കമ്മ്യൂണിസ്റ്റ് വിജയം, ശ്രീലങ്ക ചൈനക്ക് ഒരു തുറമുഖം നൽകുന്നത്, മാലി ദ്വീപിൽ ചൈനയുണ്ടാക്കുന്ന സാന്നിധ്യം എന്നിവയൊക്കെ കാണാതെ പോയിക്കൂടാ. എന്നാൽ ഇന്ത്യ അതിനെക്കുറിച്ചൊക്കെ ബോധവാന്മാരാണ് എന്നതാണ്. ഇന്ത്യക്ക് ചുറ്റും വേരുണ്ടാക്കുക എന്നതാണ് ചൈന ചെയ്യുന്നത്. പക്ഷെ അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും ഇന്ത്യയും ചേർന്നുള്ള ഒരു പുതിയ അച്ചുതണ്ട് രൂപ്പപ്പെടുന്നത് കാണാതെ പോവാനാവില്ല. ചൈനയുടെ കളികളെ നിയന്ത്രിക്കാൻ അതിനാവുമെന്നതിൽ സംശയമില്ല. തല്ക്കാലം റഷ്യ അതിലൊന്നുമില്ലെങ്കിലും നാളെ അവർക്കും ചില നിലപാടുകൾ എടുക്കേണ്ടതായി വരുമെന്ന് തീർച്ച.

ഇന്ത്യ ഈ ഘട്ടത്തിലും റഷ്യയെ അവഗണിക്കുന്നില്ല. മോസ്‌കോയുമായി നല്ല ബന്ധം തുടരുന്നു എന്നർത്ഥം. അടുത്തിടെ കുറെ ബോംബുകൾ വാങ്ങേണ്ടിവന്നപ്പോൾ ഇന്ത്യ തിരിഞ്ഞത് റഷ്യയിലേക്കാണ്. പാകിസ്താനുമായി ചേർന്ന് സൈനികാഭ്യാസത്തിന് മോസ്‌കോ തയ്യാറാവുമ്പോഴാണിത് എന്നതാണ് കാണേണ്ടത്. സൈനികാഭ്യാസങ്ങൾ ആരുമായും നടത്തിക്കോട്ടെ, സൗഹൃദ -നയതന്ത്ര ബന്ധങ്ങൾ വേറെയാണ് എന്ന് അതിലൂടെ ഇന്ത്യ സൂചനകൾ നൽകുന്നു. ആയുധങ്ങളുടെ കാര്യത്തിൽ മികച്ചത് ഏത്, വിലയുടെ കാര്യത്തിൽ മികവ് ഏതിന് എന്നൊക്കെയാണ് ഇന്ത്യ പരിഗണിക്കുന്നത്….. പിന്നെ രാജ്യങ്ങൾ തമ്മിലുള്ള ഇടപാടും. മറ്റൊന്ന് ഏത് പ്രതിസന്ധി ഘട്ടത്തെയും തരണം ചെയ്യാൻ തക്കവിധം നമ്മുടെ സേനകൾ സുസജ്ജമാണ് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. പറഞ്ഞുവന്നത് ഇന്ത്യ ഒരു ആശങ്കയിലുമല്ല എന്നതാണ്.

ഈ മാസത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യയിലെത്തുന്നുണ്ട്. തീർച്ചയായും, നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനവേളയിൽ തുടങ്ങിവെച്ച ആലോചനകൾ മുന്നോട്ട് കൊണ്ടുപോകാനാവും ശ്രമം. അതിൽ സുരക്ഷാ സംബന്ധിതമായ വിഷയങ്ങളും ഉണ്ടല്ലോ. ലോകോത്തരമായ കുറെ ആയുധങ്ങൾ ഇന്ത്യക്ക് ഇന്നിപ്പോൾ നൽകുന്നത് ഇസ്രായേലാണ് എന്നത് മറന്നുകൂടാ. ഇസ്രായേൽ – യുഎസ് ബന്ധവും ഓർമ്മിക്കേണ്ടതുണ്ട്. മറ്റൊന്ന് പാക്കിസ്ഥാനെതിരെ അമേരിക്ക തിരിയുന്നതിന് മുൻപ് സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളിൽ ട്രംപ് നടത്തിയ സന്ദർശനമാണ്. ആ ഇസ്ലാമിക ലോകത്തെ വിശ്വാസത്തിലെടുക്കാൻ അദ്ദേഹത്തിനായി എന്നതും ഓർക്കേണ്ടതുണ്ട്. സൗദി അറേബ്യ അടക്കമുള്ള ഇസ്ലാമിക ലോകത്തോട് ഇൻഡ്യക്കുളള അടുത്ത ബന്ധവും, മോഡി സർക്കാർ അതിനെ പുതിയതലത്തിലേക്ക് എത്തിച്ചതുമൊക്കെയും ഇതോടൊപ്പം വായിക്കണം. പറഞ്ഞുവന്നത്, ഇസ്രയേലും അറബ് ലോകവും ഇന്നിപ്പോൾ പാക്കിസ്ഥാനും ചൈനക്കുംഒപ്പമല്ല ഇന്ത്യക്കും അമേരിക്കക്കും ഒപ്പമാണ് എന്നതാണ്. അയൽ രാജ്യങ്ങളെ സ്വാധീനിച്ചുകൊണ്ട് ഇന്ത്യ പ്രതിസന്ധിയിലാക്കാമെന്നോ ഇന്ത്യ ഏതെങ്കിലും തരത്തിൽ ഒറ്റപ്പെട്ടു എന്നൊ ഒക്കെ പ്രചരിപ്പിക്കുന്നവർക്ക് ചൈനയുടെ താല്പര്യമേയുള്ളൂ. ഇത് ഇന്ത്യൻ ജനത തിരിച്ചറിയുന്നുമുണ്ട്; അതുകൊണ്ടാണ് കോൺഗ്രസും ഇടത് പാർട്ടികളും നടത്തുന്ന കുപ്രചരണങ്ങൾ വിലപ്പോവാത്തത് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button