ഇടുക്കി: വീട്ടില്‍ കളിച്ചുകൊണ്ടിരിക്കവെ കാണാതായ ആസ്സാം സ്വദേശിയായ ആറുവയസുകാരനെ കണ്ടെത്താന്‍ പോലീസ് നായയെ കൊണ്ടുവരും. നാളെ രാവിലെ പോലീസ് നായ എസ്റ്റേറ്റിലെത്തി പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു. കുട്ടികാണാതായി മുന്ന് ദിവസം പിന്നിട്ടിട്ടും പോലീസിന് ഒരു തുമ്പുപോലും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇടുക്കി എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് നായയെ കൊണ്ട് വരുന്നത്.
ഞായറാഴ്ച ഉച്ചയോടെയാണ് തൊഴിലാളികളായ നുറുമുഹമ്മദ് – രസിതനിസ ദമ്പതികളുടെ ആറുവയസുള്ള നവറുദ്ദിനെ കാണാതാകുന്നത്. കുട്ടിയെ തനിച്ചാക്കി മാതാവ് രാവിലെ ആശുപത്രിയിലേക്കും പിതാവ് ഉച്ചയോടെ വിറകു പെറുക്കുന്നതിനും പോയിരുന്നു. രണ്ടുമണിയോടെ വീട്ടില്‍ തിരിച്ചെത്തിയ പിതാവ് നൂറുമുഹമ്മദ്ദ് കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടികാണാതായ സംഭവത്തില്‍ ദൂരൂഹത കണ്ടെത്തിയ പോലീസ് മാതാ പിതാക്കളെ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.
ഭാഷവശമില്ലാത്തതിനാല്‍ ഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുന്നില്ലെന്നാണ് പോലീസിന്റെ വാദം. മൂന്നാറില്‍ നിന്നും വളരെ അകലെയുള്ള എസ്റ്റേറ്റായതിനാലും സമീപങ്ങളില്‍ പുലിയുടെ സാന്നിധ്യം ഉള്ളതിനാലും കുട്ടിയെ പുലി പിടിച്ചിരിക്കാമെന്നാണ് അന്വേഷണ സംഘം ആദ്യം കരുതിയത്. എന്നാല്‍ മതാപിതാക്കളെ വിളിച്ചുവരുത്തി നടത്തിയ ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ഇവര്‍ സഹകരിക്കാത്തതും ഭാഷയുടെ പേരില്‍ ഒഴിഞ്ഞുമാറിയതും പോലീസിന് സംശയം ശക്തിപ്പെടാന്‍ കാരണമായി. ബന്ധുക്കളുടെ സഹായത്തോടെ കുട്ടിയെ ഭിക്ഷാടന മാഫിയക്ക് വിറ്റതാകുമെന്ന നിഗമനത്തിലാണ് പോലീസ്. പോലീസ് നായ എത്തുന്നതോടെ കുട്ടിയെ കണ്ടെത്താനുള്ള തുമ്പ് കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
Post Your Comments