തിരുവനന്തപുരം: കേരളത്തിനകത്തും പുറത്തുമുളള ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദി എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോകകേരളസഭയുടെ ആദ്യസമ്മേളനത്തിനുളള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി. ജനുവരി 12നും 13നുമായി തിരുവനന്തപുരത്ത് നിയമസഭാമന്ദിരത്തിലാണ് സഭ ചേരുന്നത്.
ലോകകേരളസഭയുടെ അംഗബലം 351 ആയിരിക്കും. കേരള നിയമസഭയിലെ മുഴുവന്‍ അംഗങ്ങളും കേരളത്തെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗങ്ങളും ലോകകേരളസഭയിലെ അംഗങ്ങളായിരിക്കും. കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ച് 170 അംഗങ്ങളെ സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യും. ഇപ്രകാരം നാമനിര്‍ദ്ദേശം ചെയ്യുന്ന അംഗങ്ങളില്‍ വിവിധമേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളും ഉണ്ടായിരിക്കും. ഓരോ സംസ്ഥാനത്തെയും രാജ്യത്തെയും പ്രവാസികളുടെ എണ്ണം, ഭൂപ്രദേശങ്ങളുടെ പ്രാതിനിധ്യം, നിര്‍ദ്ദേശിക്കപ്പെടുന്നവര്‍ പൊതുസമൂഹത്തിനു നല്‍കിയ സംഭാവനകള്‍ തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് ലോകകേരളസഭയിലെ അംഗങ്ങളെ നിശ്ചയിക്കുന്നത്.
കേരളീയരുടെ പൊതുസംസ്‌കാരത്തെ സംബന്ധിക്കുന്ന തീരുമാനങ്ങളെടുക്കുന്നതില്‍ സംസ്ഥാനത്തിന് അകത്തുള്ളവര്‍ക്ക് എന്നതുപോലെ പുറത്തുള്ള കേരളീയര്‍ക്കും അര്‍ത്ഥവത്തായ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലോകകേരളസഭയുടെ ലക്ഷ്യം. ലോകകേരളത്തിന്റെ നന്മ മുന്‍നിര്‍ത്തിയുള്ള ആശയങ്ങളും പ്രായോഗിക പ്രവര്‍ത്തന പരിപാടികളും അവതരിപ്പിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും പൊതുസമ്മതമായ തീരുമാനങ്ങളിലേയ്ക്ക് എത്തുന്നതിനും സഭ അവസരമൊരുക്കും. പൊതുസമ്മതമായ കാര്യങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അനുഭാവപൂര്‍വ്വമായ നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനും ലോകകേരളസഭ പ്രവര്‍ത്തിക്കും.
Post Your Comments