കൊച്ചി: ഓഹരികളുടേത് ഒഴികെയുള്ള വിപണികളിൽ 2018ന്റെ ആദ്യ ദിവസം മുന്നേറ്റം.രൂപയ്‌ക്ക് അഞ്ചു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വില. സ്വർണത്തിനും വെള്ളിക്കും പ്രിയം ഏറി.വിദേശനാണ്യ വിപണിയിൽ രൂപയുടെ വളരെ മികച്ച പ്രകടനമാണുണ്ടായത്. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ നാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 63.87 ആയിരുന്നു കഴിഞ്ഞ ദിവസത്തെ അവസാന നിരക്ക്. ഇന്നലെ വ്യാപാരം ആരംഭിച്ചതു തന്നെ 63.85 നിരക്കിലാണ്. തുടർന്ന് 63.65 വരെ മെച്ചപ്പെട്ടു.
പുതുവർഷത്തിന്റെ ആദ്യ ത്രൈമാസത്തിൽ വിനിമയ നിരക്ക് 63 രൂപ വരെയെത്താമെന്നു ഫോറെക്‌സ് അഡ്വൈസറി സ്‌ഥാപനമായ ഐഎഫ്‌എ ഗ്ലോബൽ അനുമാനിക്കുന്നു. പുതുവർഷത്തിൽ നിരക്ക് 62.50 വരെയെത്താനുള്ള സാധ്യതയും ഐഎഫ്‌എ ഗ്ലോബൽ കാണുന്നുണ്ട്. 2017ൽ രൂപയുടെ വിനിമയ മൂല്യത്തിൽ ആറു ശതമാനത്തോളമായിരുന്നു വർധന. മൂലധന വിപണിയിലേക്കുള്ള ഡോളർ പ്രവാഹമായിരുന്നു പ്രധാന കാരണം.
കഴിഞ്ഞ വർഷത്തെ അവസാന വ്യാപാരദിനത്തിൽ പവന് (എട്ടു ഗ്രാം) 21,760 രൂപയായിരുന്ന സ്വർണ വില പുതുവർഷത്തിന്റെ തുടക്കത്തിൽ 21,880 രൂപയിലെത്തി. ഗ്രാമൊന്നിനു 15 രൂപയുടെ വർധന. വെള്ളി വില ഗ്രാമിനു 43 രൂപയായിട്ടുണ്ട്.
Post Your Comments