ന്യൂഡല്‍ഹി: മൂന്ന് ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനായി ആം ആദ്മി പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. പാര്‍ട്ടി ദേശീയ വക്താവ് സഞ്ജയ് സിങ്ങ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. പാര്‍ലമെന്റിലേക്ക് രാജ്യസഭയിലൂടെ എത്തുന്നതില്‍ സഞ്ജയ് സിങ് ആദ്യം വിമുഖത അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.
ജനുവരി 16 നാണ് തെരഞ്ഞെടുപ്പ് നടക്കുക. എന്നാല്‍ പാര്‍ട്ടി നിര്‍ദേശപ്രകാരം ജനുവരി നാലിന് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. മറ്റ് രണ്ട് സീറ്റുകളിലേക്ക് റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ മീര സന്യാല്‍, കവി ഇമ്രാന്‍ പ്രതാപ്ഘടി, ബിസിനസ്സുകാരനായ സുശീല്‍ ഗുപ്ത, ചാറ്റേര്‍ഡ് അക്കൗണ്ടന്റായ എന്‍.ഡി ഗുപ്ത എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.70 അംഗ സഭയില്‍ 67 എംഎല്‍എ മാരുള്ള ആം ആദ്മി പാര്‍ട്ടിയ്ക്ക് തെരഞ്ഞെടുപ്പില്‍ ജയം ഉറപ്പാണ്.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ കുമാര്‍ വിശ്വാസും ആശുതോഷും രാജ്യസഭാ സീറ്റുകളിലേക്ക് മത്സരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്. ഇവര്‍ രണ്ടും സീറ്റിനായി ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരിഗണനയിലുള്ള സുശീല്‍ ഗുപ്തയും എന്‍.ഡി ഗുപ്തയും പാര്‍ട്ടി തലങ്ങളില്‍ അത്ര പ്രശസ്തരല്ല.നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ജനുവരി അഞ്ച് ആണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും വിദേശത്തുനിന്ന് തിരിച്ചെത്തിയാല്‍ ഉടന്‍ പാര്‍ട്ടി രാഷ്ട്രീയ കാര്യ സമിതി സ്ഥാനാര്‍ഥികളെ അന്തിമമായി തീരുമാനിക്കും
Post Your Comments