ന്യൂഡല്‍ഹി : ബി.ജെ.പി.യെ താഴെയിറക്കാനുള്ള രാഷ്ട്രീയചേരിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനെച്ചൊല്ലി സി.പി.എം. കേന്ദ്രനേതൃത്വത്തിലുള്ള ഭിന്നത മാറുന്നു. പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള കരട് രാഷ്ട്രീയപ്രമേയത്തിന് അന്തിമരൂപം നല്‍കാന്‍ ഈ മാസം കൊല്‍ക്കത്തയില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഇരുപക്ഷവും സമവായത്തിലെത്തിയ രേഖ പരിഗണിക്കാനാണ് സാധ്യത. ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുഫലങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നിലപാട് മയപ്പെടുത്തിയതോടെ തര്‍ക്കത്തില്‍ മഞ്ഞുരുകലിനു വഴിയൊരുങ്ങി.
കോണ്‍ഗ്രസ് അടക്കമുള്ള ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഖ്യമോ തിരഞ്ഞെടുപ്പുമുന്നണിയോ ഉണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും പി.ബി.യില്‍ കാരാട്ടിന്റെ വാദത്തിന് മേല്‍ക്കൈ ലഭിച്ചു. ഈ തര്‍ക്കത്തില്‍ കരടുരേഖ തയ്യാറാക്കല്‍ വഴിമുട്ടി. ഗുജറാത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ വെവ്വേറെ മത്സരിച്ചത് ബി.ജെ.പി.ക്ക് ഗുണമായെന്നാണ് വിലയിരുത്തല്‍. ഇരുപതോളം മണ്ഡലങ്ങളില്‍ നേരിയ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി.യുടെ വിജയം. എന്‍.സി.പി., ബി.എസ്.പി. പോലുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ക്കു ലഭിച്ച വോട്ടുകളാണ് ഈ മണ്ഡലങ്ങളില്‍ ബി.ജെ.പി.ക്ക് മേല്‍ക്കൈയുണ്ടാക്കിയത്.
ബി.ജെ.പി.ക്കെതിരേ മതേതര-ജനാധിപത്യ പാര്‍ട്ടികളുടെ വിശാലചേരി രൂപവത്കരിക്കുമ്പോള്‍ കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്നായിരുന്നു കാരാട്ടിന്റെ വാദം. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലെ അടവുനയം അദ്ദേഹം ആയുധമാക്കി. എന്നാല്‍, ബി.ജെ.പി.വിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കാന്‍ സാധ്യമായിടത്ത് കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാദിച്ചു. സംസ്ഥാനത്ത് രണ്ടുപാര്‍ട്ടികളും ധാരണയിതെത്തിയിരുന്നെങ്കില്‍ മൂന്നു സീറ്റ് സി.പി.എമ്മിനും 13 സീറ്റുകള്‍ കോണ്‍ഗ്രസിനും കിട്ടിയേനെ എന്നാണ് വിലയിരുത്തല്‍. ബി.ജെ.പി. അധികാരത്തില്‍ വരുന്നത് തടയാന്‍ ഇതുവഴി സാധിക്കുമായിരുന്നു.
ഇതിനിടെ, ഹിമാചല്‍പ്രദേശിലും ഗുജറാത്തിലും ബി.ജെ.പി.യുടെ വിജയവും പ്രതിപക്ഷപാര്‍ട്ടികള്‍ക്കു ലഭിച്ച സ്വീകാര്യതയുമാണ് കാരാട്ടിന്റെ നിലപാടില്‍ അയവുണ്ടാക്കിയത്. ഹിമാചലിലെ തിയോഗ് മണ്ഡലത്തില്‍ സി.പി.എം. സ്ഥാനാര്‍ഥി രാകേഷ് സിംഘയുടെ വിജയത്തിന് കോണ്‍ഗ്രസ് വോട്ടുകള്‍ വലിയ പങ്കുവഹിച്ചു. ബി.ജെ.പി.വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രീയചേരിക്കുള്ള സാധ്യത ബോധ്യപ്പെടുത്തുന്നതാണ് തിരഞ്ഞെടുപ്പുഫലം. ഈ വിലയിരുത്തലാണ് കാരാട്ടിനെ മാറ്റിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നു. കോണ്‍ഗ്രസിനോടും ബി.ജെ.പി.യോടും സമദൂരമെന്ന നയമില്ല. ബി.ജെ.പി.യാണ് അതീവ അപകടകാരി. കോണ്‍ഗ്രസിനോടു സഖ്യമുണ്ടാക്കാതെതന്നെ ബി.ജെ.പി.വിരുദ്ധ വോട്ടുകള്‍ പരമാവധി ഒന്നിപ്പിക്കാനുള്ള തിരഞ്ഞെടുപ്പുതന്ത്രം ഉണ്ടാക്കും.
Post Your Comments