ദമ്മാം•പ്രമേഹം കലശലായതിനെത്തുടർന്ന് തളർന്നു വീണ ആന്ധ്രാപ്രദേശ് സ്വദേശിയായ വീട്ടുജോലിക്കാരി നവയുഗം സാംസ്കാരികവേദിയുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശിനിയായ ജ്യോതിയാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. ആറു മാസങ്ങൾക്ക് മുൻപാണ് ജ്യോതി ഒരു സൗദി ഭവനത്തിൽ വീട്ടുജോലിക്കാരിയായി ദമ്മാമിൽ എത്തിയത്. നാട്ടിൽ വെച്ചേ പ്രമേഹരോഗിയായ ജ്യോതിയെ, വിസ ഏജന്റ് പൈസ വാങ്ങി മെഡിക്കൽ പാസ്സാക്കിയാണ് കയറ്റി വിട്ടത്. ജോലിസ്ഥലത്ത് പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നെകിലും അനാരോഗ്യം ജ്യോതിയെ ഗുരുതരമായി ബാധിച്ചു. ഒരു ദിവസം പ്രമേഹം കൂടുതലായി ജ്യോതി ജോലിസ്ഥലത്ത് തല കറങ്ങി വീണു. അനാരോഗ്യമുള്ള ജ്യോതിയ്ക്ക് വീട്ടുജോലി ചെയ്യാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ സ്പോൺസർ, അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ചു മടങ്ങി.
വനിതാഅഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് ജ്യോതി വിവരങ്ങൾ പറഞ്ഞു, നാട്ടിലേയ്ക്ക് പോകാൻ സഹായം അഭ്യർത്ഥിച്ചു. മഞ്ജു മണിക്കുട്ടൻ, ജ്യോതിയുടെ സ്പോൺസറുമായും, വിസ ഏജന്റുമായും ചർച്ചകൾ നടത്തി. ഏറെ ചർച്ചകൾക്ക് ഒടുവിൽ ജ്യോതിയ്ക്ക് ഫൈനൽ എക്സിറ്റും, നാട്ടിലേയ്ക്ക് മടങ്ങാനുള്ള ടിക്കറ്റും കൊടുക്കാമെന്ന് സ്പോൺസർ സമ്മതിച്ചു.
അങ്ങനെ നിയമനടപടികൾ പൂർത്തിയാക്കി, സ്പോൺസർ നൽകിയ ടിക്കറ്റിൽ ജ്യോതി നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments